Kollam Local

30 പൊതി കഞ്ചാവുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍

കരുനാഗപ്പള്ളി:കരുനാഗപ്പള്ളിയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തൊടിയൂര്‍, വെളുത്തമണ്‍ പൊയ്യത്തടത്തില്‍ വീട്ടില്‍ നജീമിനെ(28)യാണ് 30പൊതി കഞ്ചാവുമായി കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി അസി. പോലിസ് കമ്മീഷണര്‍ എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തി വന്ന അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 10ഓടെ കരുനാഗപ്പള്ളി പുതുമണ്ണേല്‍ ഓഡിറ്റോറിയത്തിന് സമീപം വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 30പൊതി കഞ്ചാവുമായി നജീമിനെ കരുനാഗപ്പള്ളി എസ്‌ഐ ജി ഗോപകുമാര്‍, ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ അംഗങ്ങളായ എഎസ്‌ഐ ജയകുമാര്‍, എസ് സിപിഒ പ്രസന്നകുമാര്‍, സിപിഒമാരായ രാജേഷ്, നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടിയൂര്‍ സ്വദേശിയായ നജീം കഴിഞ്ഞ കുറെവര്‍ഷങ്ങളായി കഞ്ചാവിന്റെ കരുനാഗപ്പള്ളിയിലെ ചില്ലറ വില്‍പ്പനക്കാരനാണ്. ഓട്ടോഡ്രൈവറായ നജീം സ്വന്തം ഓട്ടോയിലാണ് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി നജീം ശൂരനാട് ഹൈസ്‌കൂള്‍ ജങ്ഷന് സമീപം താമസിച്ചുവരുകയും ശൂരനാട് സ്റ്റാന്റ് പെര്‍മിറ്റുള്ള ഓട്ടോയില്‍ സ്ഥിരമായി കഞ്ചാവുമായി കരുനാഗപ്പള്ളിയിലെത്തി ഓട്ടം പോകുന്നതായുള്ള വ്യാജേന കരുനാഗപ്പള്ളിയുടെ പല പ്രദേശങ്ങളിലും എന്‍ജിനീയറിങ് കോളജ് പരിസരവും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നത് പതിവായിരുന്നു. ഒരു പൊതി കഞ്ചാവിന് 250രൂപാ മുതല്‍ 500 രൂപാവരെയാണ് വില ഈടാക്കിയിരുന്നത്. നജീമിന് കഞ്ചാവ് വില്‍പ്പനയ്ക്കായി നല്‍കി വന്നവരെപ്പറ്റി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it