30 കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: 30 കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പിടികൂടി. തൃശൂര്‍ പൂങ്കുന്നം ഗൗതം അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന പടിയംകുറുവത്ത് വീട്ടില്‍ സെന്‍സായി മനോജ് എന്ന മനോജ് (54) ആണ് പിടിയിലായത്. ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിധികളിലായി 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു ഇയാള്‍. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ച് ഓഫിസുകള്‍ ഉണ്ടായിരുന്ന ട്രേഡ് ലിങ്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു വന്‍ തുകകള്‍ ഡെപ്പോസിറ്റായി സ്വീകരിച്ച് കാലാവധി കഴിഞ്ഞപ്പോള്‍ ഡെപ്പോസിറ്റ് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാതെ കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ മുങ്ങുകയായിരുന്നു. ഈ കമ്പനിയുടെ തന്നെ പേരില്‍ കുറികള്‍ നടത്തി കുറിവിളിച്ചവര്‍ക്കും കുറി നറുക്ക് കിട്ടിയവര്‍ക്കും പൈസ കൊടുത്തില്ല.
പരാതികളെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ണര്‍മാരായ സജീവന്‍, തോമസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മനോജ് നാടുവിട്ടു. വടക്കേ ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. ഗാന്ധിനഗറിലെ കോബായിലുള്ള ശ്രീമദ് രാജ് ചന്ദ്ര അധ്യാത്മിക് സാധന എന്ന ജൈന ആശ്രമത്തിലെത്തിയ അന്വേഷണസംഘം മനോജിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സന്ന്യാസി ഇയാളെ തിരിച്ചറിഞ്ഞു.
തുടര്‍ന്ന്, സന്ന്യാസിമാര്‍ താമസിക്കുന്ന മഠങ്ങളും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ മനോജ് ഒളിച്ചു താമസിക്കുന്ന സ്ഥലം കണ്ടെത്തി. അവിടെയെത്തി അന്വേഷിച്ചപ്പോള്‍ ഇയാള്‍ അഹ്മദാബാദിലെ നിക്കോള്‍ എന്ന സ്ഥലത്തേക്ക് പോയെന്നു മനസ്സിലാക്കിയ അന്വേഷണസംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നിക്ഷേപകരില്‍ നിന്നു സമാഹരിച്ച പണം കൊണ്ട് മൂന്നുപേരും കൂടി ശ്രീലങ്ക, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പോയി ആര്‍ഭാട ജീവിതം നയിച്ചതായും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ധാരാളം ഭൂമി വാങ്ങിച്ചുകൂട്ടിയതായും മനോജിനെ ചോദ്യം ചെയ്തതില്‍ നിന്നു വ്യക്തമായതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it