Flash News

3.15 കോടി കേസുകള്‍ പിന്‍വലിക്കും ; നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേത്



ന്യൂഡല്‍ഹി: കോടതികളുടെ ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേസുകള്‍ പിന്‍വലിക്കുന്നു. 3.15 കോടി സര്‍ക്കാര്‍ കേസുകളാണ് കോടതിയില്‍ കെട്ടിക്കിടക്കുന്നത്. ഇതു പിന്‍വലിക്കുന്നതോടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ 46 ശതമാനത്തിന്റെ കുറവുണ്ടാകും. കേന്ദ്ര നിയമ, റെയില്‍വേ, ധന, ആഭ്യന്തര, പ്രതിരോധ, വാര്‍ത്താവിതരണ മന്ത്രാലയങ്ങളാണ് കൂടുതല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പലതും ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് നീണ്ടുപോവുന്നവയാണ്.കേസുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ 56 നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഓരോ മന്ത്രാലയത്തില്‍ നിന്നും ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരാളായിരിക്കും ഇതിലുണ്ടാവുക. ഇവര്‍ കേസുകള്‍ നിരീക്ഷിക്കുകയും പിന്‍വലിക്കേണ്ട കേസുകള്‍ കണ്ടെത്തുകയും ചെയ്യും. തര്‍ക്കങ്ങള്‍ക്കു കോടതിക്ക് പുറത്ത് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. സര്‍വീസ് സംബന്ധിച്ച വിഷയങ്ങളും ഇത്തരത്തില്‍ തീര്‍ക്കും. 70,000 കേസുകളാണ് റെയില്‍വേ മന്ത്രാലയം വിവിധ കോടതികളിലായി നല്‍കിയിരിക്കുന്നത്. ഇതില്‍ പതിനായിരത്തിലധികം കേസുകള്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. ധനകാര്യ മന്ത്രാലയത്തിന്റേതായി 15,700 കേസുകളുണ്ട്. 12,800 കേസുകളുമായി വാര്‍ത്താവിതരണ മന്ത്രാലയവും 11,700 കേസുകളുമായി ആഭ്യന്തര മന്ത്രാലയവുമാണ് പിന്നാലെ. 3400 കേസുകളാണ് പ്രതിരോധ മന്ത്രാലയത്തിന്റേതായുള്ളത്. ഇതു കൂടാതെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഫയല്‍ ചെയ്ത കേസുകള്‍. നിലവില്‍ സുപ്രിംകോടതിയില്‍ മാത്രം 60,750 കേസുകളാണ് കെട്ടിക്കിടക്കുന്നത്. 24 ഹൈക്കോടതികളിലായി 40 ലക്ഷം കേസുകളും ജില്ലാ കോടതികളിലും അതിന്റെ കീഴ്‌ക്കോടതികളിലുമായി 2.74 കോടി കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വ്യക്തികളുമായുള്ള തര്‍ക്കങ്ങള്‍, ഡിപാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ കേസുകളില്‍ വലിയൊരു വിഭാഗം.
Next Story

RELATED STORIES

Share it