|    Mar 18 Sun, 2018 8:43 pm
FLASH NEWS

3 ലക്ഷത്തിന്റെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

Published : 27th October 2016 | Posted By: SMR

അങ്കമാലി: ബാങ്ക് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആഷര്‍ ടെക്‌നോളജീസ് എന്ന സാഥാപനത്തില്‍നിന്ന് 3 ലക്ഷത്തോളം വില വരുന്ന ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. അന്തര്‍സംസ്ഥാന മോഷ്ടാവായ കൊട്ടാരക്കര പുത്തൂര്‍ മൂഴിക്കോട് കരിക്കത്തില്‍ പുത്തന്‍ വീട്ടില്‍ കോട്ടത്തല രാജേഷ് എന്നു വിളിക്കുന്ന അഭിലാഷ് (36), കൂട്ടാളിയായ പശ്ചിമബംഗാള്‍ ദൂംപുടി ജില്ലയില്‍ ദുംപുടി പോസ്റ്റില്‍ ന്യൂ ജെയ് പാല്‍പുരി സ്ട്രീറ്റില്‍ ശ്യാമള്‍ റോയി (26) എന്നിവരെയാണ് അങ്കമാലി പോലിസ് അറസ്റ്റുചെയ്തത്. അങ്കമാലിയിലെ മോഷണത്തിനുശേഷം എറണാകുളം നഗരത്തിലും തൃശൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലുമുള്ള  മൊബൈല്‍ ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇത്തരത്തിലുള്ള മോഷണങ്ങള്‍ പ്രതികള്‍ നടത്തിയിരുന്നു. ഈ സ്ഥലങ്ങളില്‍നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതില്‍ മോഷണ മുതലുകളായ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും വില്‍പന നടത്തിയ സ്ഥലങ്ങള്‍ മനസ്സിലാക്കുകയും തുടര്‍ന്ന് ലഭിച്ച അറിവിന്‍മേല്‍ അന്വേഷണം നടത്തിയാണ് പ്രധാന പ്രതി കോട്ടത്തല രാജേഷിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാജേഷിന്റെ കൂട്ടാളിയായ ശ്യാമള്‍ റോയിയേയും അറസ്റ്റുചെയ്തു. മോഷണ മുതലുകള്‍ കോയമ്പത്തൂരിലും പാലക്കാട് ഒലവക്കോട് ഭാഗങ്ങളിലുമാണ് വില്‍പന നടത്തിയിരുന്നത്. രാജേഷിന്റെ പേരില്‍ കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, കൊട്ടാരക്കര, കുണ്ടറ, പുനലൂര്‍, അടൂര്‍, കുളത്തുപ്പുഴ, വര്‍ക്കല, കല്ലമ്പലം, നെടുമങ്ങാട്, തിരുവനന്തപുരം പേട്ട, കഴക്കൂട്ടം, വലിയതുറ, മലയിന്‍കീഴ്, എറണാകുളം സെന്‍ട്രല്‍, കടവന്ത്ര, പാലാരിവട്ടം, എറണാകുളം നോര്‍ത്ത്, ചേരാനെല്ലൂര്‍, ആലുവ, കളമശ്ശേരി എന്നീ പോലിസ് സ്‌റ്റേഷനുകളിലും കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മറ്റു പല സ്‌റ്റേഷനുകളിലുമായി 150ഓളം മോഷണകേസുകളുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ശ്യാമള്‍ റോയിയുടെ പേരില്‍ എറണാകുളം സെ ന്‍ട്രല്‍, കടവന്ത്ര, എറണാകുളം നോര്‍ത്ത്, ആലുവ, എന്നീ പോലിസ് സ്‌റ്റേഷനുകളിലായി 13ഓളം മോഷണ കേസുകളുണ്ട്. മൊബൈല്‍ ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വാഹനങ്ങളുമാണ് സാധാരണ മോഷണം നടത്താറുള്ളത്. മോഷണം നടത്തി കിട്ടിയ പണം കൊണ്ട് കേരളത്തിലെ ജ്വല്ലറികളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും മറ്റും വലിയ കവര്‍ച്ചകള്‍ നടത്തുന്നതിന് തയ്യാറെടുക്കുന്നതിനിടയിലാണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി പി എന്‍ ഉണ്ണിരാജന്‍, ആലുവ ഡിവൈഎസ്പി  കെ ജി ബാബു കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ആലുവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ അങ്കമാലി സിഐ എസ് മുഹമ്മദ് റിയാസ് അറസ്റ്റുചെയ്യുകയായിരുന്നു. അങ്കമാലി എസ്‌ഐ പി എച്ച് സമീഷ്, ചെങ്ങമനാട് എസ്‌ഐ കെ ജി ഗോപകുമാര്‍, ടി എം ജോണ്‍സന്‍, എഎസ്‌ഐ ടി എ ഡേവിസ്, പി ബി സജീവ്, എസിപിഒമാരായ എ വി സുരേഷ്, എ എ രവിക്കുട്ടന്‍, എ കെ മുഹമ്മദ് അന്‍സാര്‍, സിപിഒമാരായ എല്‍ ജി ജിസ് മോന്‍, പി ടി ബിനു, വനിത സിപിഒ വി എസ് സിന്ധു, പി എം തല്‍ഹത്ത്, ടി ബി ബിനോയി, ഷിറാസ് അമീന്‍, റിതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നുള്ള അന്വേഷണത്തിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss