294 മണ്ഡലങ്ങളിലും മല്‍സരിക്കുന്നത് മമത

കൊല്‍ക്കത്ത: പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന മമതാ ബാനര്‍ജിയുടെ പ്രസംഗത്തിന് പശ്ചിമ ബംഗാളിന്റെ ഗ്രാമങ്ങള്‍ വീണ്ടും സാക്ഷിയാവുകയാണ്. ശാരദാ ചിട്ടി തട്ടിപ്പും പാര്‍ട്ടിനേതാക്കള്‍ കുടുങ്ങിയ ഒളികാമറ ഓപറേഷനും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഒരുമിച്ചത് തൃണമൂലിന് വോട്ട് കൂടാന്‍ കാരണമാവുമെന്നാണ് മമതയുടെ പക്ഷം.
കഴിഞ്ഞദിവസം വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ മമത, തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടുനിരത്തിയ ശേഷം നിങ്ങള്‍ എനിക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് അഭ്യര്‍ഥിച്ചു. പോളിങ് ബൂത്തിലെത്തുമ്പോള്‍ എന്നെയാണ് നിങ്ങള്‍ ഓര്‍ക്കേണ്ടത്. ഗൗതം ദേവും വില്‍സണ്‍ ചമ്പ്രമരിയും ശാന്ത ഛേത്രിയും സ്ഥാനാര്‍ഥികളല്ല. സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലും മമത ബാനര്‍ജിയാണ് മല്‍സരിക്കുന്നത്. എപ്പോഴാണ് ജനങ്ങള്‍ക്ക് എന്നെ ആവശ്യംവരുന്നത് അപ്പോള്‍ ഞാനെത്തും. ജനസേവനം എന്റെ ചുമതലയാണ്. വടക്കന്‍ ബംഗാളിലേക്ക് 100 തവണ താന്‍ വന്നിട്ടുണ്ടെന്നും മമത പറഞ്ഞു.
വ്യാവസായിക വളര്‍ച്ച, എട്ടു കോടി ജനങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി, വടക്കന്‍ ബംഗാളില്‍ തുടങ്ങിയ എന്‍ജിനീയറിങ്-മെഡിക്കല്‍ കോളജുകള്‍, പ്രത്യേക സെക്രട്ടേറിയറ്റ് 'ഉത്തരകന്യ' തുടങ്ങി തൃണമൂല്‍ ചെയ്ത ഓരോ പദ്ധതിയും അക്കമിട്ടുനിരത്തി തുടങ്ങിയ പ്രസംഗത്തിനിടെ ഇടതുപക്ഷത്തെ വിമര്‍ശിക്കാനും മമത മറന്നില്ല. 34 വര്‍ഷം ഭരിച്ച ഇടതുപക്ഷം സംസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്നും സംസ്ഥാനത്തെ വന്‍കിടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നും മമത കുറ്റപ്പെടത്തി. ഇടതുസര്‍ക്കാരിന്റെ കാലത്തെ അവസ്ഥയില്‍ നിന്നു തിരിഞ്ഞുനിന്ന് നടക്കുകയാണ് ബംഗാളെന്നും അതിന് വേഗം പകരാന്‍ ഇത്തവണയും തൃണമൂലിന് വോട്ട് ചെയ്യണമെന്നും പറഞ്ഞു പ്രസംഗം അവസാനിക്കുമ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു.
Next Story

RELATED STORIES

Share it