കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയില്‍ ക്രമപ്പെടുത്താമെന്ന് തേനി ജില്ലാ കലക്ടര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് ഉറപ്പു നല്‍കി. തമിഴ്‌നാട്ടില്‍നിന്നു ലഭിച്ച ഉറപ്പിനെ തുടര്‍ന്നാണ് തേനി കലക്ടര്‍ വെങ്കിടാചലം ഇടുക്കി കലക്ടര്‍ വി രതീശനെ ഇക്കാര്യം അറിയിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇടുക്കി-തേനി ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാറില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ മുല്ലപ്പെരിയാറില്‍നിന്നു പെരിയാറിലേക്ക് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വി രതീശന്‍, തേനി ജില്ലാ കലക്ടര്‍ വെങ്കിടാചലം എന്നിവര്‍ തേക്കടിയിലെ തമിഴ്‌നാട് ഐബിയില്‍ ചര്‍ച്ച നടത്തി. ഇതിനുശേഷമാണ് കലക്ടര്‍മാര്‍ അണക്കെട്ട് സന്ദര്‍ശിച്ചത്.
മുല്ലപ്പെരിയാറില്‍നിന്നു മുന്നറിയിപ്പ് കൂടാതെ രാത്രിയില്‍ പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടതുമൂലം താഴ്‌വരയില്‍ ജനങ്ങള്‍ പരിഭ്രാന്തരായതായി ഇടുക്കി കലക്ടര്‍ തേനി കലക്ടറെ അറിയിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി താഴ്ത്തണമെന്നും ഇത് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സൗഹൃദം തകരാതിരിക്കാനാണെന്നും വി രതീശന്‍ തേനി ജില്ലാ കലക്ടറെ അറിയിച്ചു. ഇക്കാര്യം തനിക്കു പരിഹരിക്കാന്‍ കഴിയില്ലെന്നും താഴ്‌വരയിലെ ജനങ്ങളുടെ വികാരം തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുമെന്നും തേനി കലക്ടര്‍ ഉറപ്പുനല്‍കി. പിന്നീട് ഇരുവരും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി.
ഇതേസമയം, ഇന്നലെയും ശക്തമായ മഴയാണ് മുല്ലപ്പെരിയാര്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. ഇതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. മുല്ലപ്പെരിയാറില്‍ തിങ്കളാഴ്ച ലഭിച്ച 7.6 മില്ലിമീറ്റര്‍ മഴയെ തുടര്‍ന്ന് 6,000 ഘനയടിയോളം വെള്ളം ഒഴുകിയെത്തിയതാണ് തമിഴ്‌നാടിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചത്. ഇതുമൂലം എട്ടു ഷട്ടറുകള്‍ ഒന്നര അടിയോളം ഉയര്‍ത്തിയാണ് പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടത്.
രാത്രി എട്ടുമണിക്കു ശേഷം പല ഘട്ടങ്ങളിലായി ഉയര്‍ത്തിയ ഷട്ടറുകള്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് താഴ്ത്തിയത്. ജലവിതാനം ഉയര്‍ന്നുതുടങ്ങിയതോടെ ഏതാനും മണിക്കൂറിനുശേഷം മൂന്നു ഷട്ടറുകളിലൂടെ അരയടി വീതം സെക്കന്‍ഡില്‍ 600 ഘനയടി വെള്ളം ഇടുക്കിയിലേക്കൊഴുകി. വൈകീട്ടത്തെ കണക്കനുസരിച്ച് 141.78 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 2600 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 2000 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുന്നുണ്ട്. 600 ഘനയടി വെള്ളം പെരിയാറിലൂടെ ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
Next Story

RELATED STORIES

Share it