|    Oct 22 Mon, 2018 5:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

Published : 26th September 2017 | Posted By: fsq

ഷാര്‍ജയില്‍ ഏഴു പദ്ധതികള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഷാര്‍ജയില്‍ മലയാളികള്‍ക്കായി പ്രത്യേക പാര്‍പ്പിടകേന്ദ്രം തയ്യാറാക്കുന്നത് ഉള്‍പ്പെടെ ഏഴു പദ്ധതി നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം സന്ദര്‍ശിക്കുന്ന ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിക്കു മുമ്പാകെ സമര്‍പ്പിച്ചു. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതികളും നിര്‍ദേശങ്ങളും മുന്നോട്ടുവച്ചത്.

1. ഷാര്‍ജ ഫാമിലി സിറ്റി: മലയാളികള്‍ക്കു വേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി. ഉയരം കൂടിയ 10 അപാര്‍ട്ട്‌മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാവുന്നതാണ്. ഫാമിലി സിറ്റിയില്‍ ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ ഉണ്ടാവും.

2. അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം: അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എന്‍ജിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ് എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

3. സാംസ്‌കാരിക കേന്ദ്രം: കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം. ഇതിനു വേണ്ടി ഷാര്‍ജയില്‍ 10 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.

4. ആയുര്‍വേദവും മെഡിക്കല്‍ ടൂറിസവും: ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്കു വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദ ടൂറിസം പാക്കേജുകള്‍. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ച സാംസ്‌കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയുര്‍വേദ ഹബ്ബും സ്ഥാപിക്കാന്‍ കഴിയും.

5. പശ്ചാത്തല വികസന മേഖലയില്‍ മുതല്‍മുടക്കുന്നതിനുള്ള സാധ്യതകള്‍: നാലു വര്‍ഷം കൊണ്ട് ഈ മേഖലയില്‍ 50,000 കോടി രൂപയുടെ മുതല്‍മുടക്കാണ് കേരളം വിഭാവന ചെയ്യുന്നത്.

6. ഐടി മേഖലയില്‍ കേരളം-ഷാര്‍ജ സഹകരണം: ഐടിയില്‍ കേരളത്തിനുള്ള വൈദഗ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിന് പ്രയോജനപ്പെടും. ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മിഷന് പങ്കുവഹിക്കാന്‍ കഴിയും.

7. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം:   കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ലോകനിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍മുടക്കില്‍ ആരംഭിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss