Districts

280 സീറ്റുകളില്‍ മല്‍സരിച്ച ആം ആദ്മിക്ക് എവിടെയും ജയിക്കാനായില്ല

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്ത് 280 സീറ്റുകളില്‍ മല്‍സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് എവിടെയും വിജയിക്കാനായില്ല. എല്ലാ ജില്ലകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ മല്‍സരിച്ചത് തൃശൂരിലായിരുന്നു. 50 പേര്‍. തൃശൂര്‍ ജില്ലയില്‍ മാത്രം എട്ടു സ്ഥാനാര്‍ഥികള്‍ മൂന്നാമതെത്തിയതാണ് എടുത്തുപറയാവുന്ന നേട്ടം. മറ്റു 12 സ്ഥലങ്ങളില്‍ നാലാം സ്ഥാനത്തെത്തി.
ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തൃശൂര്‍ കോര്‍പറേഷനില്‍ കൃഷ്ണപുരം ഡിവിഷനില്‍ മല്‍സരിച്ച ഷീബ ജോസിനാണ്. 265 വോട്ട്. കൈപമംഗലം പഞ്ചായത്തിലെ കടമ്പാട്ട്പാടത്ത് മല്‍സരിച്ച സ്ഥാനാര്‍ഥിക്ക് 146 വോട്ടും വരന്തരപ്പള്ളിയില്‍ മല്‍സരിച്ച സ്ഥാനാര്‍ഥിക്ക് 118 വോട്ടും പുതുക്കാട് സൂര്യപുരത്ത് മല്‍സരിച്ച സ്ഥാനാര്‍ഥിക്ക് 117 വോട്ടും ലഭിച്ചു. എറണാകുളത്ത് മല്‍സരിച്ച 30ഓളം സ്ഥാനാര്‍ഥികള്‍ക്കു കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവസരമായാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ കണ്ടത്. 10 വോളന്റിയര്‍മാരെങ്കിലും ഉള്ള സ്ഥലങ്ങളില്‍ മാത്രം മല്‍സരിച്ചാല്‍ മതിയെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. അതനുസരിച്ചാണ് രംഗത്തിറങ്ങിയത്. വേണമെങ്കില്‍ എല്ലായിടത്തും പാര്‍ട്ടിക്ക് മല്‍സരിക്കാമായിരുന്നുവെന്ന് തൃശൂര്‍ ജില്ലാ നേതാവ് രാജേഷ്‌കുമാര്‍ പറഞ്ഞു. പ്രതീക്ഷിച്ച ഫലം തന്നെയാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. തിരിച്ചടിയൊന്നുമില്ല.
ഫണ്ട് പിരിവില്ലാതെ വീടുകള്‍ കയറിയിറങ്ങിയായിരുന്നു പ്രചാരണം. തിരഞ്ഞെടുപ്പുരംഗത്തു പരിചയം നേടുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ച ഫലം തന്നെയാണ് ഉണ്ടായതെങ്കിലും ഫലമറിഞ്ഞപ്പോള്‍ വല്ലാത്ത നിരാശ തോന്നിയെന്നായിരുന്നു സംസ്ഥാന നേതാവും സാംസ്‌കാരികപ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it