|    Oct 19 Fri, 2018 6:55 pm
FLASH NEWS

28 പഞ്ചായത്തുകളില്‍ പകല്‍ വീടുകള്‍ പ്രവര്‍ത്തനമാരംഭിക്കും : കുടുംബശ്രീ

Published : 14th September 2017 | Posted By: fsq

 

കൊച്ചി: 28 പഞ്ചായത്തുകളില്‍ ഈ വര്‍ഷം പകല്‍വീടുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കുടുംബശ്രീ. നിയമസഭ സമിതി ചെയര്‍മാന്‍ സി കെ നാണു എംഎല്‍എയുടെ അധ്യക്ഷതയില്‍ കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പറവൂര്‍ സീനിയര്‍ സിറ്റിസണ്‍സ് ക്ലബ്ബ് സമര്‍പ്പിച്ച നിവേദനത്തിനു മറുപടിയായാണ് കുടുംബശ്രീ ഇക്കാര്യമറിയിച്ചത്. വയോജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പൈലറ്റ് പ്രൊജക്ട് ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയോജന അയല്‍ക്കൂട്ടങ്ങള്‍ മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍ എന്നീ പഞ്ചായത്തുകളില്‍ നടത്തിവരുന്നു. 110 വീതം അംഗങ്ങളാണ് ഈ അയല്‍ക്കൂട്ടങ്ങളിലുള്ളത്. വയോജനങ്ങള്‍ക്കായി ഫിസിയോതെറാപ്പി, പഠന, വിനോദ യാത്രകള്‍ എന്നിവയ്ക്കായും പദ്ധതി തയാറാക്കിവരികയാണ്. എല്ലാ പഞ്ചായത്തുകളിലും വയോജന അയല്‍ക്കൂട്ടങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം ഏഴ് പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുള്ള പരിശീലനം അടുത്തയാഴ്ച മുതലാരംഭിക്കുമെന്നും കുടുംബശ്രീ കോ-ഓഡിനേറ്റര്‍ ടാനി തോമസ് അറിയിച്ചു. കൂടാതെ പകല്‍വീട് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. വയോജനസംരക്ഷണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍ സമിതിയെ അറിയിച്ചു. വയോജനനയം സംബന്ധിച്ച് പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ്, വയോജന പെന്‍ഷന്‍ അപേക്ഷ പഞ്ചായത്തുകളില്‍ സ്വീകരിക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ്, വയോജനങ്ങള്‍ക്കായുള്ള ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം, പൂത്തോട്ട സിഎച്ച്‌സിയുടെ ശോച്യാവസ്ഥ തുടങ്ങിയ വിവിധ പരാതികളാണ് സമിതിക്കു മുന്നിലെത്തിയത്.27 പുതിയ പരാതികളാണ് ഇന്ന് സമിതിക്കു മുന്നിലെത്തിയത്. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ്് വെല്‍ഫെയര്‍ അസോസിയേഷന്‍, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പരാതികള്‍ സമര്‍പ്പിച്ചു. സിറ്റിംഗിനു ശേഷം തേവര സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സമിതി സന്ദര്‍ശനം നടത്തി. 1997 ല്‍ സ്ഥാപിച്ച സദനത്തില്‍ 32 അന്തേവാസികളാണുള്ളത്. ഇതില്‍ 11 പേര്‍ പുരുഷന്മാരാണ്. സ്ഥാപനത്തിലെ താമസം, ഭക്ഷണം, മരുന്നുകള്‍ എന്നിവയില്‍ പൂര്‍ണ തൃപ്തരാണെന്ന് അന്തേവാസികള്‍ സമിതിയെ അറിയിച്ചു. 100 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഇവിടെ കൂടുതല്‍ പേരെ താമസിപ്പിക്കണമെന്ന് സമിതി അധ്യക്ഷന്‍ സി കെ നാണു എംഎല്‍എ വൃദ്ധസദനം സൂപ്രണ്ട് സാമുവല്‍ മൈക്കലിന് നിര്‍ദേശം നല്‍കി. സമിതി അംഗങ്ങള്‍ എംഎല്‍എമാരായ പി അബ്ദുള്‍ ഹമീദ്, പ്രഫ. കെ യു അരുണന്‍, ആര്‍ രാമചന്ദ്രന്‍, അണ്ടര്‍ സെക്രട്ടറി ശ്യാംകുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss