28 സീറ്റുകള്‍ ചോദിക്കാന്‍ലീഗ് തീരുമാനം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ ചോദിക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനം. ഇന്ന് രാവിലെ പാണക്കാട്ട് ചേരുന്ന ഭാരവാഹികളുടെ യോഗത്തിനും വൈകീട്ട് നാലിന് മലപ്പുറം ലീഗ് ഓഫിസില്‍ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിനും ശേഷം ഔദ്യോഗികമായി യുഡിഎഫ് കണ്‍വീനറെ ഈ ആവശ്യം അറിയിക്കും. നിലവിലെ 24 സീറ്റിന് പുറമെ നാല് സീറ്റുകള്‍ കൂടി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ ഒരാഴ്ച മുമ്പ് പാണക്കാട് ചേര്‍ന്ന അനൗദ്യോഗിക നേതൃയോഗം തീരുമാനിച്ചിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തിന്റെ അംഗീകാരത്തോടെ ആവശ്യമുന്നയിക്കാനാണ് അന്ന് തീരുമാനിച്ചത്. നിലവില്‍ ലീഗിന് 20 എംഎല്‍എമാരാണുള്ളത്. ഇതില്‍ എട്ട് പേര്‍ മത്സര രംഗത്ത് ഉണ്ടാവാന്‍ സാധ്യതയില്ല. മൂന്ന് തവണ മത്സരിക്കുകയോ രണ്ട് തവണ എംഎല്‍എമാരാവുകയോ ചെയ്തവര്‍ മാറി നില്‍ക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം. ജെഎസ്എസിന്റെ അഞ്ച് സീറ്റുകള്‍, കേരള കോണ്‍ഗ്രസ്(ബി)യുടെ രണ്ട് സീറ്റ്, സിഎംപിയുടെ രണ്ട് സീറ്റ്, പി സി ജോര്‍ജിന്റെയും കോവൂര്‍ കുഞ്ഞിമോന്റെയും സീറ്റുകള്‍ എന്നിങ്ങനെ 11 സീറ്റുകള്‍ യുഡിഎഫില്‍ ഇത്തവണ അധികം വരും. അതില്‍ അഞ്ച് സീറ്റുകളാണ് കൂടുതല്‍ ചോദിക്കുക. ഇരവിപുരം ആര്‍എസ്പിക്ക് വിട്ട് കൊടുക്കേണ്ടി വരും. കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം, പൂഞ്ഞാര്‍, കരുനാഗപ്പള്ളി എന്നിവയായിരിക്കും ലീഗ് ചോദിക്കുക. പാര്‍ട്ടി തോറ്റ ചില മണ്ഡലങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. മലപ്പുറം പാര്‍ട്ടി എന്ന ചീത്തപ്പേര് മാറ്റാന്‍ തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. ലീഗ് നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കും ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗം വേദിയാകും. നിലവിലുള്ള എംഎല്‍എമാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി തയ്യാറാക്കിയ സര്‍വ്വേ റിപോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.
Next Story

RELATED STORIES

Share it