|    Oct 24 Wed, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

Published : 15th September 2017 | Posted By: fsq

ബിജെപി ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു : വിമര്‍ശനവുമായി   ബിജെപി   എംപി

ന്യൂഡല്‍ഹി:  കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചുവെന്ന് മുതിര്‍ന്ന ബിജെപി നേതാവും ലോക്‌സഭാ എംപിയുമായ നാന പടോള്‍. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നിരവധി കര്‍ഷകരാണു ജീവനൊടുക്കിയത്. മഹാരാഷ്ട്രയില്‍ നേരത്തെയും കര്‍ഷക ആത്മഹത്യകള്‍ നടന്നിരുന്നു. എന്നാല്‍, ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കര്‍ഷക ആത്മഹത്യയുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ നിലപാട് മാറ്റുന്ന നേതാക്കളെ ജനം മനസ്സിലാക്കണം. മുഖ്യമന്ത്രി ഫഡ്‌നാവിസ് എന്റെ സുഹൃത്താണ്. എന്റെ സുഹൃത്ത് ഒരു സംസ്ഥാനത്തിന്റെ അധികാരസ്ഥാനത്തിരിക്കുന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ഒരു അബദ്ധം പറ്റുമ്പോള്‍ ഒരു സുഹൃത്തെന്ന നിലയില്‍ അത് ചൂണ്ടിക്കാട്ടേണ്ട ബാധ്യത എനിക്കുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാവണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തളണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഞാനും അംഗീകരിക്കുന്നുവെന്നും നാന പടോള്‍ പറഞ്ഞു.  നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന ബിജെപി എംപിമാരുടെ യോഗത്തില്‍ തങ്ങളെ ചോദ്യങ്ങള്‍ ചോദിക്കാന്‍ അദ്ദേഹം അനുവദിക്കാറില്ലെന്ന് പടോള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത് ഏറെ വിവാദമായിരുന്നു. മോദിക്ക് ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഇഷ്ടമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss