271 പത്രികകള്‍ കൂടി; പിണറായി, വി എസ്, അബ്ദുറബ്ബ്, അനൂപ് ജേക്കബ് പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഇന്നലെ 271 നാമനിര്‍ദേശ പത്രികകള്‍കൂടി ലഭിച്ചു. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് പാലക്കാട്ടാണ്- 36 എണ്ണം. കുറവ് പത്തനംതിട്ടയിലും. ആറെണ്ണം. അതോടെ സംസ്ഥാനത്താകെ ലഭിച്ച പത്രികകള്‍ 300 ആയി. മറ്റ് ജില്ലകളില്‍ ലഭിച്ച പത്രികകള്‍; കാസര്‍കോഡ്- എട്ട്, കണ്ണൂര്‍- 27, കോഴിക്കോട്- 26, വയനാട്- 12, മലപ്പുറം- 34, തൃശൂര്‍- 25, എറണാകുളം- 28, ഇടുക്കി, കോട്ടയം- ഒമ്പത് വീതം, ആലപ്പുഴ- 12, കൊല്ലം- 18, തിരുവനന്തപുരം- 21.
പത്രിക സമര്‍പ്പണത്തിന്റെ രണ്ടാംദിനമായ ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥികളുടെ നീണ്ടനിരയായിരുന്നു. ആദ്യ ദിനമായ വെള്ളിയാഴ്ച ഏഴ് പത്രികകളാണ് ലഭിച്ചതെങ്കില്‍ രണ്ടാം ദിനമായ ഇന്നലെ 21 പത്രികകളാണ് വിവിധ വരണാധികാരികള്‍ക്ക് മുന്നില്‍ ലഭിച്ചത്. വാമനപുരത്ത് മൂന്നും തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, നേമം, അരുവിക്കര, കോവളം, നെടുമങ്ങാട് മണ്ഡലങ്ങളില്‍ രണ്ട് വീതവും വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, പാറശ്ശാല മണ്ഡലങ്ങളില്‍ ഓരോന്നു വീതവും പത്രികളാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ പത്രിക നല്‍കിയവരുടെ എണ്ണം 28 ആയി. എല്‍ഡിഎഫിന്റെ 11 സ്ഥാനാര്‍ഥികളും നാല് യുഡിഎഫ് സ്ഥാനാര്‍ഥികളും ഒരു എന്‍ഡിഎ സ്ഥാനാര്‍ഥിയും പത്രിക നല്‍കിയവരില്‍പ്പെടും. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ഡോ. ടി എന്‍ സീമ, ജമീലാ പ്രകാശം, അഡ്വ. ആന്റണി രാജു, അഡ്വ. എ എ റഷീദ്, ഐ ബി സതീഷ്, സി ദിവാകരന്‍, ഡികെ മുരളി, സി കെ ഹരീന്ദ്രന്‍, വി ജോയ്, യുഡിഎഫ് സ്ഥാനാര്‍ഥികളായ വി സുരേന്ദ്രന്‍പിള്ള, കെ ചന്ദ്രബാബു, പാലോട് രവി, എന്‍ഡിഎയുടെ കാട്ടാക്കട മണ്ഡലം സ്ഥാനാര്‍ഥി പി കെ കൃഷ്ണദാസ് എന്നിവരാണ് ജില്ലയില്‍ പത്രിക നല്‍കിയ പ്രമുഖര്‍. ഈമാസം 29വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും ഉള്‍പ്പെടെ ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ ആകെ 27 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. രാവിലെ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്‌നി ശാരദ ടീച്ചറെയും ചടയന്‍ ഗോവിന്ദന്റെ ഭാര്യയെയും കഥാകൃത്ത് ടി പത്മനാഭനെയും സന്ദര്‍ശിച്ച ശേഷമാണ് പത്രിക നല്‍കിയത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പാലക്കാട് കലക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
മലപ്പുറം ജില്ലയില്‍ ഇന്നലെ 34 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി എന്നിവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചവരിലുള്‍പ്പെടും. പൊന്നാനിയിലെ സിപിഎം സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്‍, തവനൂരിലെ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ ടി ജലീല്‍, നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് ജില്ലയില്‍ പത്രിക നല്‍കിയ പ്രമുഖര്‍. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍ എന്നിവര്‍ ഇന്നോ നാളെയോ പത്രിക സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it