|    Oct 17 Wed, 2018 11:32 pm
FLASH NEWS

27ന് മാനാഞ്ചിറയില്‍ റോഡ് ഉപരോധിക്കും

Published : 5th May 2017 | Posted By: fsq

 

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനത്തിന് ആവശ്യമായ മുഴുവന്‍ ഫണ്ടും നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്്ദാനം ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തില്‍ നാലാം ഘട്ട സമരത്തിന്റെ ഭാഗമായി 27ന് മാനാഞ്ചിറയില്‍ റോഡ് ഉപരോധം സംഘടിപ്പിക്കാന്‍ ആക്്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണനും ഗാന്ധിയന്‍ തായാട്ട് ബാലനും സമരത്തിന് നേതൃത്വം നല്‍കും. സമരത്തിന്റെ മുന്നോടിയായി 21ന് വൈകീട്ട് ആറിന് മലാപ്പറമ്പ് ഹൗസിങ് കോളനി പരിസരത്ത് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. ആധാരങ്ങള്‍ സമര്‍പ്പിച്ച് ഫണ്ടിനുവേണ്ടി കാത്തിരിക്കുന്ന ഭൂവുടമകള്‍, നഷ്ടപരിഹാരതുക കിട്ടാനുള്ള കച്ചവടക്കാര്‍, തൊഴിലാളികള്‍, കൂടാതെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സാമൂഹ്യ-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. സമരപരിപാടികളിലേക്ക് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എംപി, മുന്‍ മന്ത്രി ഡോ. എം കെ മുനീര്‍ എംഎല്‍എ, നിയോജകമണ്ഡലം എംഎല്‍എ എ പ്രദീപ്കുമാര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക നായകര്‍, വ്യാപാര സംഘടനാ നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. 2008 ലാണ് ഈ റോഡ് നാല് വരിയാക്കാനുള്ള പദ്ധതി അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചത്. 24 മീറ്റര്‍ വീതിയില്‍ 8.4 കിലോമീറ്റര്‍ നീളവുമുള്ള ഈ റോഡിന്റെ ഇരുവശങ്ങളിലും കഴിഞ്ഞ പത്തു വര്‍ഷമായി അക്വയര്‍ ചെയ്യുന്ന സ്ഥലം മരവിപ്പിച്ചത് കാരണ ഭൂവുടമകളും കച്ചവടക്കാരും യാതൊന്നും ചെയ്യാന്‍ കഴിയാതെ ദുരിതത്തിലാണ്. നഗരപാത വികസനപദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ റോഡിന്റെ വികസനം തീര്‍ത്തും അവഗണിച്ചപ്പോഴാണ് നാലു വര്‍ഷം മുമ്പ് ആക്ഷന്‍ കമ്മറ്റി രൂപം കൊള്ളുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന ബഹുജന സമരങ്ങളുടെ ഫലമായാണ് മുന്‍ സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ച് അപകട മേഖലകളായ മലാപ്പറമ്പ് ജങ്ഷനിലും പാറോപ്പടി വളവിലും മൃഗാശുപത്രിക്ക് സമീപവുമുള്ള ഏതാനും സ്ഥലവും മലാപ്പറമ്പില്‍ 38 കടകളും ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കൂടാതെ, റോഡിന് ചേര്‍ക്കേണ്ട 2.86 ഏക്കര്‍ ഭൂമി വിട്ടു നല്‍കി ബാക്കിയുള്ള സര്‍ക്കാര്‍ ഭൂമിക്ക് മതില്‍ കെട്ടാന്‍ നാലു കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും യഥാസമയം പ്രവൃത്തി നടത്താത്തതിനാല്‍ സര്‍ക്കാരിലേക്ക് മടങ്ങിപോവുകയും ഇപ്പോള്‍ ടെണ്ടര്‍ നല്‍കിയതിനെ തുടര്‍ന്ന് മരം മുറി ആരംഭിച്ചിരിക്കുകയുമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആക്്ഷന്‍ കമ്മറ്റി സംഘടിപ്പിച്ച അഭിമുഖ പരിപാടിയിലും തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിലും എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളും അവരുടെ സ്ഥാനാര്‍ഥികളും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഈ റോഡ് വികസനം പ്രഥമ പരിഗണന നല്‍കി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയതാണ്. കോര്‍പറേഷന്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ മുഖ്യമന്ത്രിയും റോഡ് വികസനം പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പറേഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ പ്രമേയവും പാസാക്കിയതാണ്. ജനുവരി 20 ന് തിരുവനന്തപുരത്ത് ധനകാര്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരം എംഎല്‍എ നിര്‍ദേശിച്ചതനുസരിച്ച് ആക്്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത ഭൂവുടമകളുടെ യോഗത്തില്‍ സമ്മതപത്രം നല്‍കിയ മുഴുവന്‍ പേര്‍ക്കും മാര്‍ച്ച് 31നകം ഫണ്ട് നല്‍കുമെന്ന് എംഎല്‍എ തന്നെ നേരിട്ട് ഉറപ്പു നല്‍കിയതാണ്. മൊത്തം 490 ഭൂവുടമകളില്‍ 400 പേരും ഇതിനകം സമ്മതപത്രം നല്‍കിയിട്ടുണ്ട്. അതില്‍ 85 പേരുടെ ഭൂമിയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്തിട്ടുള്ളത്. ഏറ്റെടുത്ത 38 കടയുടമകള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരതുക ലഭിക്കാത്തതിനാല്‍ അവരും സമരത്തിലാണ്. നഗരത്തിലെ മാത്രമല്ല, ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന പാതയാണിത്. കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ നാല് പേരുടെ ജീവനാണ് ഈ റോഡില്‍ പൊലിഞ്ഞത്. യോഗത്തില്‍ പ്രസിഡന്റ് ഡോ. എംജിഎസ് നാരായണന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss