26 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 12,400 കോടി രൂപ തട്ടി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ അപാര്‍ട്ട്‌മെന്റില്‍ നടത്തിയ റെയ്ഡില്‍ 26 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. മുംബൈ വറോളി മേഖലയിലെ നീരവ് മോദിയുടെ സമുദ്ര മഹലിലെ ആഡംബര ഫഌറ്റിലാണ് ഇഡിയും സിബിഐയും സംയുക്ത പരിശോധന നടത്തിയത്. പുരാതനമായ വജ്രാഭരണങ്ങളും വിലകൂടിയ വാച്ചുകളും അമൃത ഷേര്‍ഗില്‍, എം എഫ് ഹുസയ്ന്‍, കെ കെ ഹെബ്ബര്‍ എന്നിവരുടെ പെയിന്റിങുകളുമാണ് പിടിച്ചെടുത്തത്.
15 കോടി രൂപയുടെ പുരാതന ആഭരണങ്ങളും 1.4 കോടിരൂപയുടെ വാച്ചുകളും 10 കോടി രൂപയുടെ പെയിന്റിങുകളും പിടിച്ചെടുത്തവയില്‍ പെടും. ഇതില്‍ ഒരു വജ്രാഭരണം 10 കോടി രൂപ വിലമതിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. തട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോദിയെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയെയും അറസ്റ്റ് ചെയ്യുന്നതിന് ഇഡി ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇരുവര്‍ക്കുമെതിരേ മുംബൈ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇവരുടെ സ്ഥാപനങ്ങളില്‍ 251 തവണയാണ് ഇഡി പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it