|    Jul 22 Sun, 2018 3:04 am
FLASH NEWS

26ാംമൈല്‍ പാലം പുതുക്കി നിര്‍മിക്കാന്‍ നടപടി

Published : 20th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: അപകടാവസ്ഥയിലായ 26ാം മൈല്‍പാലം പുതുക്കി പണിയാന്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം നടപടിയാരംഭിച്ചു. ലക്ഷകണക്കിനു ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന പ്രധാന പാതയായ കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ 26ാം മൈല്‍ പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. എംഎല്‍എമാരായ പി സി ജോര്‍ജും ഡോ. എന്‍ ജയരാജും ആവശ്യപ്പെട്ടതിന്‍ പ്രകാരം കലക്ടറുടെ നിര്‍ദേശാനുസരണമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. നിലവിലെ പാലം ഏറെ അപകടാവസ്ഥയിലാണെന്നും ഉടന്‍ തന്നെ പുതുക്കി പണിയണമെന്നും കാട്ടി നിരത്തുവിഭാഗം ചീഫ് എന്‍ജീനിയര്‍ക്കു റിപോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.കോട്ടയം പിഡബ്ല്യുഡി റോഡ്‌സ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പാലം പരിശോധിച്ചത്. ഒരു വശത്തുകൂടി മാത്രം വാഹനം കയറ്റി വിടുന്ന രീതിയില്‍ ഗതാഗതം നിയന്ത്രിക്കും.കോട്ടയം ഭാഗത്തു നിന്ന് വരുന്ന ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ പൊന്‍കുന്നം കെവിഎംഎസ് റോഡിലൂടെ എരുമേലിയിലേക്കും മുണ്ടക്കയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പൂഞ്ഞാര്‍ എരുമേലി പാതയിലൂടെയും പോവണമെന്നാണ് നിര്‍ദേശം.26ാം മൈല്‍ ചങ്ങല പാലം മുക്കാലികാരിക്കുളം റോഡും പൂതക്കുഴി പട്ടിമറ്റം റോഡും എരുമേലിയിലേക്കുള്ള വാഹനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. അറ്റകുറ്റപ്പണികള്‍ നടത്താതെ പുതിയ പാലം നിര്‍മിക്കാനാണു തീരുമാനം. ദിവസേന നൂറുക്കണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്ന പാലം തകര്‍ന്നാല്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ വകുപ്പു മന്ത്രിയെ അറിയിക്കുമെന്നും പാലത്തിന്റെ തൂണുകള്‍ താല്‍ക്കാലികമായി ബലപ്പെടുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ചെയ്യുമെന്നും ഡോ. എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ശബരിമല അവലോകന യോഗത്തില്‍ പാലം പുതുക്കി പണിയുന്നത് സംബന്ധിച്ച് വിഷയം അവതരിപ്പിക്കുമെന്ന് ഡോ. എന്‍ ജയരാജ് അറിയിച്ചു. കരിങ്കല്‍ നിര്‍മിതമായ പാലത്തിന്റെ മൂന്നു തൂണുകളും തകരാറിലായ സാഹചര്യത്തില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് അനുമതിക്കായി അടുത്ത ആഴ്ച റിപോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ ഏഴു മീറ്റര്‍ വീതിയുള്ള പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കുമ്പോള്‍ 11 മീറ്ററെങ്കിലും വീതിയില്‍ നിര്‍മിക്കാനാണ് പദ്ധതി. പരിശോധനയ്ക്കായി എത്തിയ സംഘത്തില്‍ ബ്രിഡ്ജസ് വിഭാഗം എഎക്‌സ്ഇ മീരാ, ഓവര്‍സിയര്‍മാരായ അനിതാകുമാരി ഡി, രാജന്‍ എം, ചാക്കോച്ചി എന്നിവരും ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss