|    Aug 23 Wed, 2017 11:46 am
Home   >  Todays Paper  >  page 7  >  

വിമാനം അഞ്ചുമണിക്കൂര്‍ വൈകി; കുഞ്ഞാലിക്കുട്ടിക്കും വഹാബിനും വോട്ട് ചെയ്യാനായില്ല

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം അഞ്ചുമണിക്കൂറോളം വൈകിയതിനെത്തുടര്‍ന്ന് മുസ്‌ലിംലീഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്കും പി വി അബ്ദുല്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. നിശ്ചയിച്ച പ്രകാരം 7.30ന് കോഴിക്കോട്ടു നിന്നു പുറപ്പെടുന്ന വിമാനം ഒന്നരമണിക്കൂറോളം മുംബൈയില്‍ തങ്ങിയ ശേഷം 11.55ന് ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, മുംബൈയില്‍ അഞ്ചുമണിക്കൂറോളം വിമാനം വൈകി. 9.05ന് മുംബൈയില്‍ എത്തിയെങ്കിലും 10.30ന് അവിടെ നിന്നു പുറപ്പെടേണ്ട വിമാനം 2.55നാണ് മുംബൈയില്‍ നിന്നു പുറപ്പെടുന്നത്. ഡല്‍ഹിയിലെത്തിയപ്പോഴേക്കും സമയം 4.20ആയി. അഞ്ചു മണിവരെയായിരുന്നു വോട്ടെടുപ്പ്. ഇരുവരും പാര്‍ലമെന്റില്‍ എത്തിയപ്പോഴേക്കും അഞ്ചുമണി കഴിഞ്ഞ് എട്ടുമിനിറ്റ് ആയിരുന്നു. സാങ്കേതിക കാരണം പറഞ്ഞാണ് മുംബൈയില്‍ വിമാനം വൈകിയതെന്ന് എംപിമാര്‍ പറഞ്ഞു. പെട്ടെന്നു ശരിയാവുമെന്ന അറിയിപ്പോടെയാണ് വിമാനം നിര്‍ത്തിയിട്ടത്. ഇതിനിടെ എസി ഓഫ് ചെയ്തത് യാത്രക്കാരുടെ ദുരിതം കൂട്ടി. കൈക്കുഞ്ഞുങ്ങളെയുമായി യാത്ര ചെയ്യുന്നവര്‍ ബഹളംവയ്ക്കാനും തുടങ്ങി. വിമാനം വൈകുമെന്ന് ഉറപ്പായതോടെ തങ്ങള്‍ എംപിമാരാണെന്നും മറ്റൊരു വിമാനത്തില്‍ പോവാനായി ഇറക്കിത്തരണമെന്നും കുഞ്ഞാലിക്കുട്ടിയും വഹാബും പേപ്പറില്‍ എഴുതി നല്‍കിയെങ്കിലും  നിരസിക്കപ്പെട്ടു. രണ്ടുമണിക്ക് വേറെ വിമാനം ഉള്ളതിനാല്‍ അതില്‍ പോവാന്‍ അപേക്ഷിച്ചെങ്കിലും അഞ്ചുമിനിറ്റ് കൊണ്ടു ശരിയാവുമെന്ന മറുപടിയാണു ലഭിച്ചത്. വിഷയത്തില്‍  വ്യോമയാന മന്ത്രാലയത്തിനും ലോക്‌സഭാ സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കും. എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥത അംഗീകരിക്കാനാവില്ലെന്നും എംപിമാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക