|    Jun 25 Mon, 2018 6:08 am
FLASH NEWS

പുന്തലത്താഴം ബിവറേജസിലെ കൊലപാതകം : പ്രതികള്‍ അറസ്റ്റില്‍

Published : 3rd August 2017 | Posted By: fsq

 

ഇരവിപുരം:— പുന്തലത്താഴം ബിവറേജസില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജീത ബീഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ കല്ലുംതാഴം നക്ഷത്രനഗര്‍ 66 സജു ഭവനത്തില്‍ സച്ചു എന്ന സജിന്‍ (22), കുണ്ടറ മാമൂട് പ്രവീണ്‍ വിലാസത്തില്‍ പ്രജോഷ് (28), കിളികൊല്ലൂര്‍ മേക്കോണ്‍ കണ്ണന്‍ കോളനിയില്‍ അനൂപ് (27) എന്നിവരാണ് പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ മെയ് ആറിന് രാത്രി ഒമ്പതോടെയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. പുന്തലത്താഴം ബിവറേജസില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൊല്ലം പട്ടത്താനം സ്വദേശിയായ കുട്ടപ്പന്‍ എന്ന സുമേഷ് അതിദാരുണമായി കൊലചെയ്യപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകയും ചികില്‍സയിലിരിക്കെ പിറ്റേ ദിവസം മരണപ്പെടുകയുമായിരുന്നു.തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കൊലപാതകമാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് കൊലപാതകത്തെ കുറിച്ച് കണ്ടെത്താന്‍ ഒരു വിവരവും ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഇരവിപുരം സി ഐ പങ്കജാക്ഷന്റെ നിര്‍ദ്ദേശാനുസരണം ഷാഡോ പോലിസ് രഹസ്യമായി നിരീക്ഷണം നടത്തുകയും സംഭവസ്ഥലത്തെ മൊബൈല്‍ ടവറില്‍ നിന്നും വിവിധ കമ്പനികളുടെ 10,000 ത്തോളം ഫോണ്‍ കോളുകളില്‍ നിന്നും  തിരഞ്ഞെടുത്ത നമ്പരുകള്‍ പിന്തുടരുകയും ചെയ്തു. ഇതിലൂടെയാണ് പ്രതികളിലേക്ക് എത്തിയത്. ഒന്നര മാസത്തോളം പ്രതികളെ നിരീക്ഷിക്കുകയും കൊലപാതകം നടന്ന ദിവസം ഇവരുടെ പ്രവര്‍ത്തികള്‍ സംബന്ധിച്ച് അന്വേഷണം നടത്തുകയും ചെയ്ത ശേഷമാണ് ഇപ്പോള്‍ പിടിയിലായവരാണ് യഥാര്‍ഥ പ്രതികളെന്ന് ഉറപ്പിച്ചത്. കൊലപാതകം സംബന്ധിച്ച എല്ലാ തെളിവുകളും പോലിസ് ശേഖരിച്ചതോടെ ബംഗലുരുവിലേക്ക് മുങ്ങിയ പ്രതികളെ തന്ത്രപരമായി  അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ-സംഭവ ദിവസം കേസിലെ പ്രധാന പ്രതിയായ സജിനും കൂട്ടുകാരും ചേര്‍ന്ന് കിളികൊല്ലൂരില്‍ റെയില്‍വേ ട്രാക്കിനരികിലിരുന്ന് മദ്യപിക്കുകയും കൈയിലുണ്ടായിരുന്ന മദ്യം തീര്‍ന്നതിനെ തുടര്‍ന്ന് സജിന്‍ പുന്തലത്താഴത്തുള്ള ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ എത്തുകയും മദ്യം വാങ്ങാന്‍ ക്യു നിന്നവരുടെ ഇടയിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയം ക്യൂവില്‍ നിന്നവര്‍ ഇതിനെ ചോദ്യം ചെയ്തു. കൊല്ലപ്പെട്ട സുമേഷും മദ്യം വാങ്ങാനായി ക്യൂവില്‍ നില്‍പ്പുണ്ടായിരുന്നു. ഇയാളുടെ മുന്നില്‍ പ്രതിയായ സജിന്‍ കയറാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പ്രതി സുമേഷിനെ കുത്തിയ ശേഷം കടക്കകയായിരുന്നു.ചോദ്യം ചെയ്യലില്‍ കുറ്റകൃത്യത്തെ കുറിച്ചും കൊലപാതകത്തിനും അതിന് ശേഷവും സഹായിച്ചവരെ പറ്റിയുമുള്ള വിവരങ്ങള്‍ പോലിസിനോട് വെളുപ്പെടുത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും സി ഐ പങ്കജാക്ഷന്‍ അറിയിച്ചു. കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശി, ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍, എഎസ്‌ഐ ലഗേഷ്, എസ്‌സിപിഒ സുനില്‍കുമാര്‍, ഷാഡോ പോലിസ് അംഗങ്ങളായ മനു, സീനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss