|    Oct 16 Tue, 2018 1:06 am
FLASH NEWS

25,000 ഹെക്ടറില്‍ പുഞ്ചകൃഷി; വിത ഒക്‌ടോബര്‍ 15 മുതല്‍

Published : 29th September 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലയില്‍ 25000 ഹെക്ടറില്‍ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ പ്രേംകുമാറാണ് ഇക്കാര്യം അറിയിച്ചത്. 2017-18 ലെ പുഞ്ചകൃഷിക്കായി തയ്യാറാക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാരം 4,500 ഹെക്ടര്‍ കായല്‍ നിലങ്ങളില്‍ ഒക്‌ടോബര്‍ 15നും കുട്ടനാട്ടില്‍ 14,500 ഹെക്ടറില്‍ നവംബര്‍ ഒന്നിനും 1,700 ഹെക്ടര്‍ കരിനിലങ്ങളില്‍ 15നും അപ്പര്‍ കുട്ടനാട്ടിലെ 4,300 ഹെക്ടറില്‍ ഡിസംബര്‍ ഒന്നിനും വിത ആരംഭിക്കും. 2500 മെട്രിക് ടണ്‍ നെല്‍വിത്ത് സര്‍ക്കാര്‍ എജന്‍സികളായ കെഎസ്എസ്ഡിഎ, എന്‍എസ്‌സി എന്നിവ മുഖേന തയ്യാറാക്കിയിട്ടുണ്ട്. പാടശേഖരാടിസ്ഥാനത്തില്‍ കൃഷിഭവന്‍ വഴി വിത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഊര്‍ജിത നെല്‍കൃഷി വികസന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഹെക്ടറിന് 1500 രൂപയും 75 ശതമാനം സബ്‌സിഡി നിരക്കില്‍ നീറ്റുകക്കയും ഹെക്ടറിന് 1000 രൂപ നിരക്കില്‍ ഉല്‍പാദക ബോണസും സൗജന്യ നിരക്കില്‍ വൈദ്യുതിയും നല്‍കും. രാസവളങ്ങള്‍ ഡിബിറ്റി സോഫ്റ്റ്‌വെയറിലൂടെ അംഗീകൃത ഡീലര്‍മാര്‍ മുഖേന കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കും. ഓരുജല ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ചെറുകിട ജലസേചന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അന്ധകാരനഴിയിലെ ഓരുമുട്ടു നിര്‍മാണം പൂര്‍ത്തീകരിച്ചു. മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂര്‍ പ്രദേശങ്ങളിലെ പുഞ്ച കൃഷി നേരിടുന്ന ജലസേചന സംവിധാനത്തിലെ അപാകതകളും പാടശേഖരങ്ങളിലെ അടിസ്ഥാന  സൗകര്യങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് കൃഷി, കനാല്‍, ജലസേചന വകുപ്പുകളും കാര്‍ഷിക എന്‍ജിനീയറിങ്  വിഭാഗവും ചര്‍ച്ച ചെയ്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കുട്ടനാട്ടില്‍ നിലം ഒരുക്കല്‍ പൂണമായും കൊയ്ത് 95 ശതമാനവും യന്ത്രവല്‍കൃതമായതിനാല്‍ പ്രൈവറ്റ് ഓപറേറ്റര്‍മാരേയും നിയോഗിക്കും. വിത, നടീല്‍, കളപറിക്കല്‍ എന്നിവയും യന്ത്രവല്‍ക്കുന്നതിന് നടപടി സ്വീകരിക്കും. കെയ്‌ക്കോയിലുള്ള പ്രവര്‍ത്തനക്ഷമമായ കൊയ്ത്ത് യന്ത്രങ്ങള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്ന പാടശേഖരങ്ങള്‍ക്ക് കൈമാറുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. കൊയ്‌തെടുക്കുന്ന നെല്ല് കാലതാമസം കൂടാതെ സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംഭരിക്കുന്ന നെല്ലിന്റെ വില മൂന്നു ദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് ബാങ്കുകളുമായി ധാരണയായിട്ടുണ്ട്. ബാങ്കുകളില്ലാത്ത പ്രദേശങ്ങളിലെ തുക വിതരണത്തിന് പാഡി ഓഫിസറും സിവില്‍ സപ്ലൈസ് വകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് നടപടിയെടുക്കും. പ്രകൃതിക്ഷോഭം മൂലം വിള നശിക്കുന്നവര്‍ക്ക് ഹെക്ടറിന് 35,000 രൂപ നിരക്കില്‍ ധനസഹായവും ഇന്‍ഷ്വുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തും. കുട്ടനാട് വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ അഡ്വ. ജോയിക്കുട്ടി ജോസ്, ഓണാട്ടുകര വികസന സമിതി വൈസ് ചെയര്‍മാന്‍ എന്‍. സുകുമാര പിള്ള, ഡോ. കെജി പത്മകുമാര്‍, പാടശേഖര സമിതി ഭാരവാഹികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss