|    Dec 12 Wed, 2018 9:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

25 വയസ്സിനു മുകളിലുള്ളവര്‍ക്കും നീറ്റ് പരീക്ഷ എഴുതാം

Published : 30th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജുകളിലേക്കുള്ള ഏകീകൃത പൊതു പ്രവേശനപ്പരീക്ഷയായ നീറ്റ് (എന്‍ഇഇടി) 25 വയസ്സ് കഴിഞ്ഞവര്‍ക്കും എഴുതാമെന്ന് സുപ്രിംകോടതി. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തിയ്യതി ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) നിര്‍ദേശം നല്‍കുകയും ചെയ്തു.
2019ലെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഇന്ന് അവസാനിക്കാനിരിക്കെയാണു ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ സുപ്രധാന നടപടി. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. ഈ പരിധിയാണു കോടതി എടുത്തുമാറ്റിയത്. എന്നാല്‍, മെഡിക്കല്‍ പ്രവേശനത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതു സംബന്ധിച്ച അധികാരം സിബിഎസ്ഇക്ക് വിടുന്നതായും കോടതി വ്യക്തമാക്കി. കേസില്‍ ഫെബ്രുവരിയില്‍ അന്തിമവാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മെയ് അഞ്ചിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വച്ചായിരിക്കും നീറ്റ് പരീക്ഷ നടത്തുക. അതേസമയം മെയ് അഞ്ചിനു മുമ്പ് പ്രായപരിധി സംബന്ധിച്ച തര്‍ക്കത്തില്‍ കോടതിയില്‍ നിന്നും സിബിഎസ്ഇയില്‍ നിന്നും എതിരായ തീരുമാനം ഉണ്ടാവുകയാണെങ്കില്‍ 25 വയസ്സിനു മുകളിലുള്ളവര്‍ നീറ്റ് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചാലും അതുകൊണ്ട് പ്രയോജനം ഉണ്ടാവില്ല.
നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയും പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി കുറച്ചും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. ഇത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിക്കുകയും ചെയ്തു. ഈ നടപടി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണു സുപ്രിംകോടതി പരിഗണിക്കുന്നത്. നേരത്തെ ഇതു സംബന്ധിച്ച് മലയാളി വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 17ഉം 18ഉം വയസ്സായ വിദ്യാര്‍ഥികള്‍, അവരേക്കാള്‍ എട്ടും പത്തും വയസ്സു കൂടുതലും പരിചയസമ്പന്നരുമായ വിദ്യാര്‍ഥികളോട് മല്‍സരിക്കുന്നതിലെ യുക്തിയില്ലായ്മ ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss