25 കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി

കൊച്ചി: സംസ്ഥാനത്ത് 25 മനോവൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എറണാകുളത്ത് പ്രത്യാശ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ ആരംഭിച്ചിരിക്കുന്ന കലാസംഘമായ ഫ്‌ളൈ വിങ്‌സിന്റെ ആദ്യ കലാപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ 100 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളെയും രണ്ടാംഘട്ടത്തില്‍ 50 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെയുമാണ് എയ്ഡഡ് പദവിയിലേക്കുയര്‍ത്തിയത്. അടുത്ത ഘട്ടമായിട്ടാണ് 25 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും എയ്ഡഡ് പദവി നല്‍കുന്നത്. സംസ്ഥാനത്ത് മനോവൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന 278 സ്ഥാപനങ്ങളാണുള്ളത്. ഇവയില്‍ സര്‍ക്കാര്‍ സ്ഥാപനം ഒരെണ്ണം മാത്രമാണ്. സാധാരണ കുട്ടികള്‍ക്ക് സാമ്പത്തികസ്ഥിതി പരിഗണിക്കാതെ തന്നെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്ന ഒരു സംസ്ഥാനത്ത് വൈകല്യം നേരിട്ട കുട്ടികള്‍ ഫീസ് കൊടുത്തു പഠിക്കണം അല്ലെങ്കില്‍ ഏതെങ്കിലും സംഘടനയുടെ ഔദാര്യം കൊണ്ട് പഠിക്കണം എന്ന അവസ്ഥയാണ്. ബധിര-മൂക കുട്ടികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തിവരുന്ന പദ്ധതി മാതൃകാപരമാണെന്ന് കേന്ദ്ര സാമൂഹികവകുപ്പ് മന്ത്രി ഖലേട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബധിരരും മൂകരുമായ കുട്ടികള്‍ സമൂഹത്തിലുണ്ടാവരുത് എന്ന താല്‍പര്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റ് ഓപറേഷന്‍ വഴി 560 കുട്ടികള്‍ക്കു പ്രയോജനം ലഭിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള മൂന്നു ശതമാനം സംവരണം അപര്യാപ്തമാണെന്നു ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ 2,677 പേര്‍ക്ക് കൂടി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി സ്ഥിരപ്പെടുത്തി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യാശ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ ബാബു, എംഎല്‍എമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it