25 വര്‍ഷമായി പാക് ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍

ലാഹോര്‍: ചാരവൃത്തി നടത്തിയെന്നാരോപിച്ച് പാകിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ പൗരന്‍ കിര്‍പാല്‍ സിങിനെ(50) പാക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 25 വര്‍ഷത്തോളമായി പാക് ജയിലില്‍ കഴിയുന്ന സിങിനെ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
1992ല്‍ പാകിസ്താനിലെ വാഗാ അതിര്‍ത്തി കടന്നതിനെത്തുടര്‍ന്നാണ് സിങ് അറസ്റ്റിലാവുന്നത്. പഞ്ചാബ് പ്രവിശ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും ചാരപ്രവൃത്തിയിലും പങ്കാളിയായെന്നാണ് കിര്‍പാല്‍ സിങിനെതിരേ ചുമത്തിയ കുറ്റം. കേസില്‍ സിങിനെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് കോട്ട് ലക്പത്ത് ജയിലില്‍ മരിച്ചുവെന്നാണ് പാകിസ്താന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, ജയിലിലുണ്ടായ പീഡനം മൂലമാണോ മരിച്ചതെന്നും സംശയമുണ്ട്.
സിങിന്റെ മരണത്തെ കുറിച്ച് മറ്റു തടവുകാരുടെ മൊഴി രേഖപ്പെടുത്താന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള സിങ് ബോംബ് സ്‌ഫോടനക്കേസില്‍ നിരപരാധിയാണെന്ന് വിധിച്ചെങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ ഇയാളുടെ മരണശിക്ഷയ്ക്ക് ഇളവു നല്‍കിയിരുന്നില്ലെന്നാണ് വിവരം.
അതിനിടെ കുടുംബത്തിലെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ സിങിനെ തങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ലെന്നും സഹായത്തിനായി രാഷ്ട്രീയക്കാര്‍ പോലും മുന്നോട്ടു വന്നില്ലെന്നും സഹോദരി ജാഗിര്‍ കൗര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it