25 ജെഎന്‍യു വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തില്‍; പ്രക്ഷോഭം നടത്തിക്കൊണ്ടുതന്നെ പരീക്ഷയെഴുതും

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു വിവാദവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികളെ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ച് രണ്ടുവിഭാഗം വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി.
എബിവിപിയിലെ അഞ്ച് വിദ്യാര്‍ഥികളും ജെഎന്‍യു വിദ്യാ ര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ അടക്കമുള്ള വിവിധ വിഭാഗം വിദ്യാര്‍ഥികളുമാണു സമരരംഗത്തുള്ളത്.
ബുധനാഴ്ച രാത്രി പന്തംകൊളുത്തിപ്രകടനം നടത്തിയ ശേഷമായിരുന്നു വിദ്യാര്‍ഥിക ള്‍ നിരാഹാരം തുടങ്ങിയത്.
സര്‍വകലാശാലയില്‍ ഫെബ്രുവരി ഒമ്പതിന് സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ച് കനയ്യ, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ ജയിലിലടച്ചിരുന്നു. അവര്‍ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്.
അഞ്ചംഗ അന്വേഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ ആഴ്ച ആദ്യം വിവിധ വിദ്യാര്‍ഥികളെ സര്‍വകലാശാല ശിക്ഷിച്ചിരുന്നു. അച്ചടക്കലംഘനത്തിനും ദുഷ് പെരുമാറ്റത്തിനും കനയ്യയ്ക്ക് 10,000 രൂപയാണു പിഴയിട്ടത്. ഉമര്‍, അനിര്‍ബന്‍, കശ്മീരി വിദ്യാര്‍ഥി മുജീബ് ഗട്ടു എന്നിവരെ വിവിധകാലത്തേക്ക് സര്‍വകലാശാലയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. 14 വിദ്യാര്‍ഥികള്‍ക്കു പിഴശിക്ഷ വിധിച്ചു. രണ്ടു വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ സൗകര്യം പിന്‍വലിച്ചു. പരീക്ഷാക്കാലത്ത് നടപടിയെടുത്താല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കില്ലെന്നാണു സര്‍വകലാശാല അധികൃതര്‍ കരുതിയിരുന്നതെന്ന് കനയ്യ പറഞ്ഞു. എന്നാല്‍ പ്രക്ഷോഭം നടത്തിക്കൊണ്ടുതന്നെ പരീക്ഷയെഴുതും. ഇത്തരം ഉന്നതതല കമ്മിറ്റിയുടെ നാടകമാണു രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷിക്കപ്പെടാത്തവരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരാഹാരസമരത്തിലുണ്ട്. ഏതുതരം വിദ്യാര്‍ഥികളെയാണ് ജെഎന്‍യു അധികൃതര്‍ ആഗ്രഹിക്കുന്നതെന്നു വിദ്യാര്‍ഥി യൂനിയന്‍ ഉപാധ്യക്ഷ ഷെഹ്‌ല റഷീദ് ചോദിച്ചു.
അഫ്‌സല്‍ ഗുരു അനുസ്മരണത്തിനെതിരേ പരാതി നല്‍കിയ സൗരഭ് കുമാര്‍ ശര്‍മയ്‌ക്കെതിരായ പിഴ ശിക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എബിവിപി അംഗങ്ങള്‍ പ്രത്യേക സമരം നടത്തുന്നത്. ശര്‍മയ്ക്ക് ഗതാഗതസ്തംഭനം സൃഷ്ടിച്ചതിന് 10,000 രൂപയാണു പിഴയിട്ടത്.
Next Story

RELATED STORIES

Share it