25 കോടിയുടെ കൊക്കയിന്‍ പിടിച്ച സംഭവം: നക്ഷത്ര ഹോട്ടലില്‍ പരിശോധന നടത്തി

കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ 25 കോടിയുടെ കൊക്കയിനുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായ ഫിലിപ്പീന്‍സ് യുവതി ബിയാഗ് ജൊഹാന ഡി ടോറസില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ നാര്‍കോട്ടിക് സംഘം പരിശോധന നടത്തി.
മയക്കുമരുന്ന് കൈമാറാന്‍ നിശ്ചയിച്ചിരുന്നത് ഈ ഹോട്ടലില്‍വച്ചാണെന്നാണ് വിവരം. മയക്കുമരുന്ന് ഹോട്ടലില്‍ എത്തിക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. ബന്ധപ്പെട്ടവര്‍ അവിടെയെത്തിക്കൊള്ളുമെന്നും യുവതിയെ അറിയിച്ചിരുന്നു. ഇതിനായി ഹോട്ടലില്‍ മുറിയും ബുക്ക് ചെയ്തിരുന്നു. ഫിലിപ്പീന്‍സില്‍നിന്ന് യുവതിക്ക് മുറി ബുക്ക് ചെയ്ത ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ബ്രസീലിലെ സാവോപോളയില്‍ നിന്ന് മസ്‌കത്തിലെത്തിയ യുവതി അവിടെ നിന്നാണ് നെടുമ്പാശ്ശേരിയിലെത്തിയത്. സാവോപോളയില്‍ നിന്നാണ് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്ന് ചോദ്യംചെയ്യലില്‍ യുവതി പറഞ്ഞതായാണ് വിവരം. യുവതി മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ കാരിയര്‍ മാത്രമാണന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്നാണ് നാര്‍കോട്ടിക് കണ്‍ട്രോ ള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നത്. യുവതിയെ ചോദ്യം ചെയ്തുവരുകയാണന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്യൂട്ട്‌കെയ്‌സില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് കൊക്കയിന്‍ ഒളിപ്പിച്ചിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണസംഘം അപേക്ഷ നല്‍കും. കൊച്ചിയിലെത്തിക്കുന്ന മയക്കുമരുന്ന് ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് എത്തിക്കാനാണ് സംഘത്തിന്റെ പദ്ധതി. മറ്റു വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയപ്പോള്‍ കടത്തുസംഘം നെടുമ്പാശ്ശേരിയിലേക്കു വഴി മാറ്റിപ്പിടിച്ചതാവാമെന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നിഗമനം.
Next Story

RELATED STORIES

Share it