25ന് പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലി

കോട്ടയം: ദലിത്- ആദിവാസി-സ്ത്രീ വിഭാഗങ്ങളോടുള്ള പോലിസ് വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദലിത്-ആദിവാസി- പൗരാവകാശ സംരക്ഷണ സമിതി 25ന് പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലിയും കണ്‍വന്‍ഷനും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മനുഷ്യത്വരഹിതമായ സംഭവത്തില്‍ കലാ-സാംസ്‌കാരിക രംഗത്തുള്ളവര്‍ മൗനം പാലിക്കുന്നത് അപലപനീയമാണെന്നും എം ഗീതാനന്ദന്‍ കുറ്റപ്പെടുത്തി. ദലിത്-ആദിവാസി- സ്ത്രീ വിഭാഗങ്ങള്‍ അതിക്രമത്തിന് വിധേയമാവുന്ന കേസുകള്‍ അട്ടിമറിക്കപ്പെടുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന പോലിസ് സമീപനം തുടരുകയാണ്.
കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പോലും ശാസ്ത്രീയവും നിയമപരവുമായ അന്വേഷണങ്ങള്‍ ദലിത് വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. ജിഷ വധക്കേസില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കല്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയില്‍ കാണിച്ച വീഴ്ചയും കത്തിച്ചതും ഈ വിവേചനത്തിന്റെ തുടര്‍ച്ചയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ജിഷ വധത്തില്‍ ഇപ്പോള്‍ ശാസ്ത്രീയ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളില്‍ ഈ സൂക്ഷ്മത കാണിച്ചിട്ടില്ല. ദലിത്-ആദിവാസി- സ്ത്രീ വിഭാഗങ്ങള്‍ക്കെതിരേയുണ്ടാവുന്ന അതിക്രമങ്ങളില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുക, ജിഷ വധം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുക, ശാസ്ത്രീയ അന്വേഷണം അട്ടിമറിച്ച പോലിസ്-റവന്യൂ-ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഗോത്രമഹാസഭ കണ്‍വീനര്‍ എം ഗീതാനന്ദന്‍, സി ജെ തങ്കച്ചന്‍, പി എ ഗോപീദാസ്, പി എ പൊന്നപ്പന്‍, പി ജെ തോമസ്, ഡോ. എന്‍ വി ശശിധരന്‍, ഐ കെ രവീന്ദ്രനാഥ്, പി ജി ജനാര്‍ദ്ദനന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it