X
slug-avkshngl-nishdnglകേരളത്തില്‍ കോളജുകളിലെ ക്ലാസ്മുറികളില്‍ ആണ്‍-പെണ്‍ ലിംഗവ്യത്യാസമില്ലാതെ ഒരുമിച്ചിരുന്നു പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയം വിവാദമായിട്ട് അധികനാളായിട്ടില്ല. അതിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ സമാനമായ മറ്റൊരു പ്രശ്‌നം തലപൊക്കിയിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും തലവേദന സൃഷ്ടിച്ച സംഗതി മറ്റൊന്നുമല്ല. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരുമ്പോള്‍ ലിംഗവ്യത്യാസമനുസരിച്ച് വിവിധ നിറങ്ങളിലുള്ള കൈച്ചരടുകളും റിബ്ബണുകളും ധരിച്ചു മാത്രമേ പഠിക്കാനായി സ്‌കൂളിലേക്കു വരാന്‍ പാടുള്ളൂ എന്ന അധികാരികളുടെ ഉത്തരവാണ് വിവാദമായിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിലും പ്രശ്‌നം ചൂടായപ്പോള്‍ ഈ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ സംഗതിയുടെ ഗൗരവം എത്രമാത്രം പ്രാധാന്യമേറിയതാണെന്ന സൂചന നല്‍കുന്നു. ദക്ഷിണ തമിഴ്‌നാട്ടിലെ തിരുെനല്‍വേലി ജില്ലയിലെ സ്‌കൂളുകളിലാണ് ആണ്‍കുട്ടികള്‍ക്ക് വിവിധ നിറങ്ങളിലുള്ള കൈച്ചരടും പെണ്‍കുട്ടികള്‍ക്ക് തലയില്‍ അണിയാന്‍ വ്യത്യസ്ത നിറങ്ങളിലുള്ള റിബ്ബണുകളും നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതിനും പുറമേ നെറ്റിയില്‍ വിവിധ നിറങ്ങളിലുള്ള പൊട്ടുകള്‍ അണിയാനും സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇപ്രകാരം വിവിധ നിറങ്ങളിലുള്ള കൈച്ചരടും റിബ്ബണും പൊട്ടും അണിയാന്‍ നിര്‍ദേശിച്ചത് സ്‌കൂള്‍ യുവജനോല്‍സവത്തിനുള്ള പരിപാടികളില്‍ പങ്കെടുക്കാനോ പ്രച്ഛന്നവേഷ മല്‍സരത്തിനോ ആയിരുന്നില്ല. മറിച്ച്, സ്‌കൂളില്‍ വരുന്ന കുട്ടികളുടെ ജാതി തിരിച്ചറിയാനുള്ള അടയാളങ്ങളായാണ് ചരടും റിബ്ബണും പൊട്ടും അധികാരികള്‍ നോക്കിക്കണ്ടത്.
തമിഴ്‌നാട്ടില്‍ തിരുെനല്‍വേലി ജില്ലയില്‍ പലയിടത്തും ജാതിവിവേചനം വളരെ രൂക്ഷവും പ്രകടവുമാണ്. മുന്നാക്കജാതിക്കാരും പിന്നാക്കജാതിക്കാരും തമ്മിലും പിന്നാക്കക്കാരും ദലിതരും തമ്മിലും ജാതിയുടെ പേരില്‍ പലപ്പോഴും തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പതിവായ ഇവിടെ വിദ്യാലയങ്ങളില്‍ പോലും ഈ പ്രവണത നിയന്ത്രണരേഖയ്ക്ക് അപ്പുറമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
തിരുെനല്‍വേലിയിലെ സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതിനെത്തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ട് തമിഴ്‌നാട് സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരേ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് അയച്ചു. തിരുെനല്‍വേലി ജില്ലയിലെ സ്‌കൂളുകളില്‍ ചുവപ്പ്, മഞ്ഞ, പച്ച, കാവി എന്നീ നിറങ്ങളുടെ തണലില്‍ ജാതി കടന്നുവന്നിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ജാതി സൂചിപ്പിക്കുന്ന ഈ നിറങ്ങള്‍ തങ്ങളുടെ കൈത്തണ്ടകളിലും നെറ്റികളിലും കഴുത്തിനു ചുറ്റും ഷര്‍ട്ടിനടിയിലും ധരിക്കുന്നതെന്നും കമ്മീഷന്‍ പറഞ്ഞു.
ജാതിയുടെ പേരില്‍ മറ്റു പിന്നാക്കക്കാരും ദലിതുകളും തമ്മില്‍ അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ നടന്നുവരുന്ന ഈ മേഖലയില്‍ ഇത്തരം അടയാളങ്ങളും മറ്റും കുട്ടികളോട് പറയുന്നത്, സുഹൃത്തുക്കളെയും അല്ലാത്തവരെയും തിരിച്ചറിയാനാണ്. മുന്തിയ സമുദായക്കാര്‍ ഇത്തരം അടയാളങ്ങള്‍ ദലിതുകളെയും മറ്റും ഒറ്റപ്പെടുത്താനും കീഴടക്കാനും ഉപയോഗിക്കുമ്പോള്‍ ദലിതുകളാകട്ടെ, ഇതിനെ തങ്ങളുടെ അവകാശമായിക്കണ്ട് ആവേശം കൊള്ളുന്നു.
വിഷയം പരിഗണിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ജാതിയുടെ പേരിലുള്ള ഇത്തരം അടയാളപ്പെടുത്തലുകള്‍ ഗുരുതരമായ മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ഒരു കാര്യമാണെന്നു നിരീക്ഷിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്കും തിരുനെല്‍വേലി ജില്ലാ കലക്ടര്‍ക്കും നോട്ടീസ് അയച്ച് രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് വസ്തുതാ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. പൊട്ടു തൊടുന്നതിനുവരെ നിറങ്ങള്‍ നിഷ്‌കര്‍ഷിക്കപ്പെടുന്ന തിരു െനല്‍വേലിയില്‍ 1983ല്‍ ദലിതുകള്‍ക്കു വേണ്ടി മാത്രം പ്രത്യേക സ്‌കൂള്‍ സ്ഥാപിച്ചിരുന്നുവെന്ന് അറിയുമ്പോള്‍ വിവേചനത്തിന്റെ ആഴം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇങ്ങനെ നോക്കുമ്പോള്‍ കലാലയങ്ങളില്‍ ആണ്‍-പെണ്‍ഭേദമെന്യേ ഒന്നിച്ചിരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള വാദഗതികള്‍ ബാലിശമാണെന്നു മനസ്സിലാകും. അതു പറഞ്ഞുതരാന്‍ ചാനല്‍ ചര്‍ച്ചക്കാരനോ വനിതാ കൂട്ടായ്മയോ മുന്‍കൈയെടുക്കണമെന്നു പറഞ്ഞാല്‍ അതാവും ഏറ്റവും വലിയ മണ്ടത്തരം.
Next Story

RELATED STORIES

Share it