|    Jan 19 Fri, 2018 9:23 pm
FLASH NEWS
Home   >  Kerala   >  

248 രൂപയുള്ള എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ വീട്ടമ്മ അടയ്‌ക്കേണ്ടിവന്നത് 252 രൂപ

Published : 5th January 2018 | Posted By: mi.ptk

വടക്കഞ്ചേരി : എസ്ബിഐയില്‍ 248.20 രൂപയുള്ള അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ വീട്ടമ്മ അടയ്‌ക്കേണ്ടിവന്നത് 252 രൂപ. ആലത്തൂര്‍ പെരുങ്കുളം സൗത്ത് വില്ലേജ് കോറാട്ടുകുടി അല്ലി തങ്കച്ചനാണ് എസ്ബിഐയുടെ കഴുത്തറപ്പന്‍ ഫലത്തിനിരയായത്. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെറിയ തുക സമ്പാദ്യമായി മിച്ചംവെക്കാന്‍ 2013 മാര്‍ച്ച് 12നാണ് ആലത്തൂര്‍ എസ്ബിടി ശാഖയില്‍ 67214656995 എന്ന അക്കൗണ്ട് തുറന്നത്. പാചകവാതക സബ്‌സിഡി കിട്ടാനും ഈ അക്കൗണ്ടാണ് കൊടുത്തത്. ഇതിനിടെ സബ്‌സിഡി ഉപേക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നു. ഹിന്ദിഭാഷയില്‍ വന്ന സന്ദേശം ഭാഷാ പരിജ്ഞാന കുറവുമൂലംമൊബൈല്‍ ഫോണില്‍ ‘5’ അമര്‍ത്തി സബ്‌സിഡി വേണ്ടെന്നുവെച്ചു. ഗ്യാസ് ഏജന്‍സിയെ കാര്യം ബോധ്യപ്പെടുത്തിയാണ് പുനസ്ഥാപിച്ചത്.

ഇതിനുശേഷമാണ് ബാങ്കിന്റെ ഭാഗത്തു നിന്നുള്ള കളി തുടങ്ങിയത്. അല്ലി തങ്കച്ചന്റെ മൊബൈല്‍ ഫോണിലേക്ക് മെസേജുകള്‍ അയച്ചതിന്റെയും
എടിഎമ്മിന്റെയും എന്ന പേരില്‍ 513.50 രൂപ അക്കൗണ്ടില്‍ നിന്നു ബാങ്ക് പിടിച്ചു. ഇതോടെ എടിഎം വേണ്ടെന്നുവെക്കാന്‍ ശാഖാ മാനേജര്‍ക്ക് അപേക്ഷ കൊടുത്തു. പലപ്പോഴായി ഗ്യാസ് സബ്‌സിഡി 785.10 രൂപ അക്കൗണ്ടില്‍ വന്നു. ഒരു സിലിണ്ടറിനുള്ള തുകയായല്ലോയെന്നു കരുതി ഇത് പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് അടുത്ത പ്രഹരം. സീറോ ബാലന്‍സ് നിര്‍ത്തലാക്കിയെന്നും മിനിമം ബാലന്‍സ് 2000 രൂപ ഇല്ലാത്തതിനാല്‍ പുതിയ നിയമപ്രകാരം 536.90 രൂപ പിഴയായി പിടിച്ചെന്നുമായിരുന്നു മറുപടി. 248.20 രൂപ മാത്രമേ അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇനി ബാങ്കുമായി ഇടപാട് വേണ്ടെന്നായിരുന്നു അല്ലി തങ്കച്ചന്റെ തീരുമാനം. അക്കൗണ്ട് ക്ലോസ് ചെയ്ത് കിട്ടാന്‍ അപേക്ഷ നല്‍കി. ക്ലോസ് ചെയ്യാന്‍ 500 രൂപയാണ് ഫീസെന്നും 252 രൂപകൂടി ബാങ്കില്‍ അടയ്ക്കണമെന്നുമായിരുന്നു മറുപടി. എസ്ബിഐ-എസ്ബിടി ലയനം നടന്ന സമയത്തായിരിക്കും സംഭവമെന്നും അന്ന് ഫീസുകളുടെ കാര്യത്തില്‍ വന്ന ആശയകുഴപ്പമായിരിക്കാം പ്രശ്‌നമായതെന്നുമാണ് ബാങ്ക് ശാഖാ മാനേജരുടെ വിശദീകരണം. പരാതിക്കാരിക്ക് ഉണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day