|    Sep 19 Wed, 2018 6:47 am
FLASH NEWS
Home   >  Todays Paper  >  page 10  >  

2,472.68 ഹെക്റ്റര്‍ കൃഷി നശിച്ചു; 173.6 കോടിയുടെ പ്രാഥമിക നഷ്ടം

Published : 21st August 2018 | Posted By: kasim kzm

കോട്ടയം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയില്‍ ആകെ 2,472.68 ഹെക്റ്റര്‍ ഭൂമിയിലെ കൃഷി നശിച്ചതായി സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. ഇതുവഴി 173.6 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങള്‍ക്കുണ്ടായ ജീവഹാനിയുമായി ബന്ധപ്പെട്ട് മൂന്നു കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ 49 വീടുകള്‍ പൂര്‍ണമായും 237 വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. വീടുകളില്‍ നിന്നും പുരയിടങ്ങളില്‍ നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങിയശേഷം മാത്രമേ നഷ്ടത്തിന്റെ യഥാര്‍ഥ കണക്ക് തിട്ടപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇതിന് ഒരാഴ്ചയെങ്കിലുമെടുക്കും. ജില്ലയിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ഇനി ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ റോഡുകളിലുണ്ടായ വെള്ളക്കെട്ടുകള്‍ ഒഴിയുകയാണ്. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലെയും താറുമാറായ ഗതാഗതം പുനസ്ഥാപിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി. പ്രധാന സ്ഥലങ്ങളിലെ റോഡ്, റെയില്‍ ഗതാഗതം ഒരു പരിധി വരെ പുനരാരംഭിക്കാനായി.
ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച വൈക്കം മേഖലയിലെ പല റോഡുകളിലും ഇപ്പോഴും ഗതാഗതം ഭാഗികമായാണ് പുനസ്ഥാപിച്ചിരിക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും ഉണ്ടാവുന്ന ഒറ്റപ്പെട്ട മഴ ആശങ്ക പരത്തുകയാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം ജില്ലയില്‍ ശക്തമായ മഴ പെയ്തത് ജനത്തെ ഭീതിയിലാക്കി. ഇനിയും നദികളിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ റോഡുകള്‍ വീണ്ടും വെള്ളത്തിലാവുന്ന സ്ഥിതിയുണ്ടാവും. പടിഞ്ഞാറന്‍ മേഖലകളും താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടില്‍ തന്നെയാണ്. തലയോലപ്പറമ്പ്-വൈക്കം, ആപ്പാഞ്ചിറ-ആയാംകുടി, മിഠായിക്കുന്നം-വെള്ളൂര്‍, തലയോലപ്പറമ്പ്-മറവന്‍തുരുത്ത്, കടുത്തുരുത്തി-ഞീഴൂര്‍, നീണ്ടൂര്‍-കല്ലറ, തലയാഴം-കല്ലറ, വൈക്കം-കുമരകം തുടങ്ങിയ റോഡുകളെല്ലാം വെള്ളത്തില്‍ത്തന്നെയാണ്. പടിഞ്ഞാറന്‍ മേഖലയിലെ സ്ഥിതിഗതികളാണ് അത്യന്തം ദയനീയം. കുമരകം, ഇല്ലിക്കല്‍, കാഞ്ഞിരം, കുമ്മനം, തിരുവാര്‍പ്പ്, ചെങ്ങളം, മള്ളൂശ്ശേരി, അയ്മനം, കാരാപ്പുഴ, ചങ്ങനാശ്ശേരി-ആലപ്പുഴ റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളത്തിന്റെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. റോഡില്‍ നിന്ന് വെള്ളമിറങ്ങിയെങ്കിലും പലയിടത്തും വീടുകള്‍ ഇപ്പോഴും മുങ്ങിക്കിടക്കുകയാണ്.
തങ്ങളുടെ വീടിന് എന്തു സംഭവിച്ചെന്ന് അറിയാന്‍പോലുമാവാതെയാണ് പലരും ക്യാംപുകളില്‍ കഴിഞ്ഞുകൂടുന്നത്. കുട്ടനാട്ടില്‍ നിന്ന് 35,000 പേരെയാണ് രക്ഷപ്പെടുത്തിയത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി വലിയ വാഹനങ്ങള്‍ പോലും ഓടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടോറസ് ലോറി ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തി ചങ്ങനാശ്ശേരിയിലെ ക്യാംപുകളിലെത്തിച്ചത്. ഇവരില്‍ പലരും ചങ്ങനാശ്ശേരിയിലും ജില്ലയുടെ പല ഭാഗങ്ങളിലുമുള്ള ബന്ധുവീടുകളിലേക്കാണ് പോയത്.
6,000ഓളം പേര്‍ ചങ്ങനാശ്ശേരിയിലെ വിവിധ ക്യാംപുകളിലുണ്ട്. ജില്ലയില്‍ ആകെ 429 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 31,245 കുടുംബങ്ങളിലായി 1,09,877 അംഗങ്ങള്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നു. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.16 കോടി രൂപ ചെക്കായും നാലു ലക്ഷം രൂപ പണമായും ലഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss