|    Jun 24 Sun, 2018 5:07 am
FLASH NEWS

വര്‍ത്തമാനകാല ദുരന്തങ്ങളുടെ നേര്‍പകര്‍പ്പ്‌

Published : 12th July 2017 | Posted By: G.A.G

 

കോയ  മുഹമ്മദ്

റഫീഖ് അഹമ്മദ് പറഞ്ഞതാണ് ശരി, പി ടി കുഞ്ഞിമുഹമ്മദിന്റെ ഓരോ സിനിമ വരുമ്പോഴും നാം ചോദിച്ചുപോവുന്നു, ‘ഇതുപോലൊരു സിനിമ ഇതുവരെ എന്തുകൊണ്ട് ഉണ്ടായില്ല?’
പി ടിയുടെ ‘ഗര്‍ഷോം’ വരെ മലയാളിയുടെ ഗള്‍ഫ്പ്രവാസത്തെപ്പറ്റി ഗൗരവമായ ഒരു സിനിമയും ഉണ്ടായില്ല. ‘പരദേശി’യും ‘വീരപുത്രനും’ എല്ലാം ഈ അപൂര്‍വത പുലര്‍ത്തി. ഇപ്പോഴിതാ, സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുവരുന്ന സമൂഹത്തിലേക്കു കലാപങ്ങളും കെടുതികളുമൊക്കെ എങ്ങനെയാണ് കടന്നുവരുന്നത് എന്നു പരിശോധിക്കുന്ന ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന മറ്റൊരു അപൂര്‍വതയുമായി വീണ്ടും പി ടി എത്തുന്നു.
കലാവാസനയും ഇടതുചിന്താഗതിയുമുള്ള ഒരു ചെറുപ്പക്കാരനാണ് മന്‍സൂര്‍ (റോഷന്‍ മാത്യു). അവന്റെ വീട്ടിലേക്ക്, ഉത്തരമലബാറിലെ ഒരു പഴയ തറവാട്ടിലേക്ക്, ഒരു അമ്മയും മകളും മഹാനഗരത്തില്‍ നിന്ന് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവനും കൊണ്ട് ഓടിപ്പോരുകയാണ്. മന്‍സൂറിന്റെ വകയിലൊരു അമ്മാവന്റെ സന്തതിപരമ്പരയില്‍ പെട്ടവരാണത്രെ അവര്‍. അവന്റെ ഉമ്മ ഫാത്തിബി (ആശാ ശരത്ത്) രണ്ടാമതൊന്ന് ആലോചിക്കാതെ അവരെ സ്വീകരിക്കുന്നു.
ആശ്വാസകരമായ ഒരന്തരീക്ഷത്തിലേക്കാണ് സൈറാബാനു (സറീനാ വഹാബ്)വും മകള്‍ മുംതാസും (പ്രയാഗ മാര്‍ട്ടിന്‍) എത്തിപ്പെടുന്നത്. സിനിമയെടുക്കുക എന്ന സ്വപ്‌നവുമായി നടക്കുന്ന മന്‍സൂറും അവന്റെ കൂട്ടുകാരി സൗമ്യയും അവളുടെ ജ്യേഷ്ഠനായ സഖാവ് ജയരാജനും എല്ലാമടങ്ങിയ സ്‌നേഹോഷ്മള ലോകത്തിലേക്ക്.


കലന്തന്‍ ഹാജി (രഞ്ജി പണിക്കര്‍)ക്ക് ഈ വന്നുകൂടിയവരെ അത്ര ബോധിക്കുന്നില്ല. ഇക്കാലത്ത് ആരെയാണ് വിശ്വസിക്കാനാവുക? അവരെ കൂടെ പാര്‍പ്പിക്കുന്നതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് പെങ്ങളെയും മരുമകനെയും അദ്ദേഹം ഉപദേശിച്ചുനോക്കി. മന്‍സൂറിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ജയരാജനെയും സമീപിച്ചു. ഒടുവില്‍ തന്റെ സ്വന്തക്കാരനായ പോലിസുദ്യോഗസ്ഥന്റെ സഹായം തേടി- അവനെ ഒന്നുവിളിച്ച് ഉപദേശിച്ചുവിടാന്‍.
പോലിസുദ്യോഗസ്ഥന്‍ അവരെ വിളിച്ചന്വേഷിച്ചു. അയാള്‍ക്ക് കാര്യം ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍, പിറ്റേദിവസത്തെ പത്രത്തില്‍ സംഭ്രമജനകമായ വാര്‍ത്ത വന്നു! കലന്തന്‍ ഹാജിയും വല്ലാതായി. ആഗതര്‍ കുഴപ്പക്കാരല്ലെന്നു ബോധ്യപ്പെട്ടതായി പത്രക്കാരോട് പോലിസുദ്യോഗസ്ഥന്‍ തന്നെ പറഞ്ഞു. എങ്കിലും കാത്തിരുന്നതുപോലെയാണ് പലരും പെരുമാറിയത്. രണ്ടു തീവ്രവാദികളും മന്‍സൂറിനെ തേടിയെത്തി. മന്‍സൂര്‍ അവരെ വിരട്ടി വിടുകയും ചെയ്തു.
ജീവിതം പഴയതുപോലെ മുന്നോട്ടു പോവാന്‍ തുടങ്ങുകയും മുംതാസും ഉമ്മയും കൂടി മന്‍സൂറിന്റെയും ഉമ്മയുടെയും ജീവിതത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഒരുനാള്‍ മന്‍സൂര്‍ പിടിക്കപ്പെടുന്നു. തീവ്രവാദബന്ധം തെളിയിക്കാന്‍ കഠിനമായി പീഡിപ്പിക്കപ്പെടുന്നു. രാജ്യസ്‌നേഹം തെളിയിക്കേണ്ടത് എങ്ങനെയെന്നറിയാതെ ആ ചെറുപ്പക്കാരന്‍ കുഴങ്ങുന്നു. ഇതിനിടയില്‍ മന്‍സൂറിന്റെ ഉമ്മ മരണപ്പെട്ടു. അവന് അവസാനത്തെ പിടിവള്ളി ആയേക്കാമെന്നു കരുതിയ മുംതാസിനെയും വിട്ടുകൊടുക്കേണ്ടി വന്നു. ഒരിക്കല്‍ സൗമ്യയെ എന്ന പോലെ.
അപ്പുറത്ത് മഹാനഗരത്തില്‍ കലാപം വീണ്ടും അരങ്ങേറുന്നുണ്ട്. ആരും സുരക്ഷിതരല്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്. കലാപത്തിന്റെ പ്രത്യാഘാതം അവതരിപ്പിക്കുമ്പോള്‍ ഗൗരവമായ മുന്നറിയിപ്പ് തന്നെയാണ് ചലച്ചിത്രകാരന്‍ നല്‍കുന്നത്. നാം ഇത്രയും കാലം കൊണ്ടുനടന്ന സെക്കുലറിസത്തിന്റെ മൂല്യങ്ങള്‍ കൈമോശം വരാന്‍ നമ്മുടെ ചെറിയ പിഴവുകള്‍ പോലും ധാരാളമാണെന്ന മുന്നറിയിപ്പ്. തന്റെ ചിത്രത്തില്‍ വില്ലന്‍ ഇല്ലെന്ന് പി ടി കുഞ്ഞിമുഹമ്മദ് ആവര്‍ത്തിച്ചു പറയുന്നു. ആത്മാന്വേഷണപരവും സ്വയംവിമര്‍ശനാത്മകവുമാണ് അദ്ദേഹത്തിന്റെ സമീപനം.


ആഖ്യാനോപാധിയെന്ന നിലയ്ക്കു തന്നെ സംഗീതത്തെ സ്വീകരിക്കുന്നുവെന്നത് ജയകൃഷ്ണന്‍ കാവിലിന്റെ കഥയ്ക്ക് സംവിധായകന്‍ തന്നെ രചിച്ച തിരക്കഥയുടെ എടുത്തുപറയത്തക്ക സവിശേഷതയാണ്. യേശുദാസ് പാടിയ പ്രേംദാസ് ഗുരുവായൂരിന്റെ ‘പോയ്മറഞ്ഞകാലം വന്നു ചേരുമോ പെയ്‌തൊഴിഞ്ഞ മേഘം വാനം തേടുമോ…’ എന്ന ഗാനത്തിലൂടെയാണ് മന്‍സൂറിനോട് വിട പറഞ്ഞ് പ്രതിശ്രുത വരന്‍ ഫിറോസിനൊപ്പം മുംതാസ് പോയ്ക്കഴിഞ്ഞ മൂന്നുനാലു വര്‍ഷക്കാലം കടന്നുപോവുന്നത്. മധുശ്രീയും യാസിന്‍ നിസാറും പാടിയ പ്രഭാവര്‍മയുടെ ‘അറിയായ്കയാലല്ല സ്‌നേഹമേ നിന്‍ നിലാക്കുളിരില്‍ നിന്നു ഞാന്‍ മാറി നിന്നു’ എന്ന ഗാനം രണ്ടു യുവഹൃദയങ്ങളുടെ കാമനകളുടെ ഉന്നതങ്ങളാണ് അവതരിപ്പിക്കുന്നത്. കെ എസ് ചിത്ര പാടിയ റഫീഖ് അഹമ്മദിന്റെ ‘നിലാവിന്റെ നഗരമേ’ എന്ന ഗാനവും ഇതിവൃത്തത്തിന്റെ നിര്‍ണായക മുഹൂര്‍ത്തമാണവതരിപ്പിക്കുന്നത്. ഫ്രാങ്കോ, യാസിന്‍ നിസാര്‍, അനിത ഷെയ്ഖ് എന്നിവര്‍ പാടിയ ‘ഇടനെഞ്ചില്‍ ഇടയ്ക്കകള്‍ തകിലടി…’ എന്ന റഫീഖ് മുഹമ്മദിന്റെ തന്നെ കല്യാണപ്പാട്ടും ഇതിവൃത്താവതരണം തന്നെ.
കലാപം പന്താടുന്നത് യുവജനങ്ങളെയും അവരുടെ കിനാക്കളെയുമാണ്. എത്ര ആനന്ദത്തോടും ആവേശത്തോടും കൂടി ജീവിതം വാരിപ്പുണരുന്നവരാണവരെന്ന് ഈ ചിത്രത്തിലുടനീളം നമുക്കു കാണാം. മന്‍സൂറിനെയും മുംതാസിനെയും അവതരിപ്പിക്കാന്‍ റോഷന്‍ മാത്യുവിനെയും പ്രയാഗ മാര്‍ട്ടിനെയും തന്നെ നിയോഗിച്ചതും നന്നായി. സാത്വികനായ പാര്‍ട്ടി നേതാവായി കൃതഹസ്തനായ വി കെ ശ്രീരാമനെ തിരഞ്ഞെടുത്തതും ഈ ജാഗ്രതയിലെന്നു വ്യക്തമാവും. ലിയോണി ലിഷോയ് ആണ് മന്‍സൂറിന്റെ പ്രിയപ്പെട്ട കൂട്ടുകാരി സൗമ്യയെ അവതരിപ്പിക്കുന്നത്. മരണത്തില്‍ നിന്ന് മോചിതനായി മഹാനഗരത്തില്‍ നിന്നെത്തി മുംതാസിനെയുമായി മടങ്ങുന്ന ഫിറോസ് എന്ന ദുരന്ത കഥാപാത്രത്തെയാണ് ടെലിവിഷനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആകാശ് അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, സുനി ല്‍ സുഖദ, ശിവജി ഗുരുവായൂര്‍, സെയ്ഫ് മുഹമ്മദ്  തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാങ്കേതികരംഗത്തെ സൂക്ഷ്മതയും സാഫല്യവും ഈ ചിത്രത്തെ ഒന്നുകൂടി ശ്രദ്ധേയമാക്കും. ഡോണ്‍മാക്‌സാണ് എഡിറ്റിങ് നിര്‍വഹിച്ചത്. മേക്കപ് അനുഗൃഹീതനായ പട്ടണം റഷീദും. ഷില്‍ക്കരാജ് വസ്ത്രാലങ്കാരവും ഗിരീഷ് മേനോന്‍ കലാസംവിധാനവും നിര്‍വഹിച്ചു. താന്‍ ഏഴാമതും സംസ്ഥാന അവാര്‍ഡിനര്‍ഹമായ വിവരം ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ കേട്ടതുതന്നെ ‘വിശ്വാസപൂര്‍വം മന്‍സൂറി’ന്റെ  ഷൂട്ടിങില്‍ വ്യാപൃതനായി കഴിയുമ്പോഴായിരുന്നുവല്ലോ.
സ്ത്രീകളുടെയും യുവജനങ്ങളുടെയും അവസ്ഥയില്‍ നിന്നുകൊണ്ടാണ് പ്രശ്‌നത്തെ സമീപിക്കുന്നത്. പുരുഷാധിപത്യസമൂഹത്തില്‍ രണ്ടു സ്ത്രീകള്‍, രണ്ടു അമ്മമാര്‍ തങ്ങളുടെ മക്കളെയും കൊത്തിപ്പിടിച്ച് പ്രാര്‍ഥനാപൂര്‍വവും നിശ്ശബ്ദവുമായി സ്വന്തം അവസ്ഥയോടു പൊരുതിനില്‍ക്കുകയും ആ നില്‍പില്‍ കൊഴിഞ്ഞുവീഴുകയും ചെയ്യുന്ന കാഴ്ച ആരെയും ചിന്താധീനനാക്കും. മന്‍സൂറിന്റെയും മുംതാസിന്റെയും ഭാഗധേയം പോലെ തന്നെ.                    ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss