|    Jan 24 Tue, 2017 12:49 pm
FLASH NEWS

Published : 27th November 2015 | Posted By: SMR

തിരുവനന്തപുരം: പച്ചക്കറിവില ഉയരുന്നത് പിടിച്ചുനിര്‍ത്താന്‍ ശക്തമായി വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സപ്ലൈകോയുടെയും ഹോര്‍ട്ടികോര്‍പിന്റെയും സംസ്ഥാനത്തെ 500 വിപണന കേന്ദ്രങ്ങളില്‍ നിന്നും പത്തിനം പച്ചക്കറികള്‍ വിപണി വിലയിലും 30 ശതമാനം കുറവില്‍ ലഭ്യമാക്കാനാണ് തീരുമാനം.
വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിപണി വില പിടിച്ചുനിര്‍ത്തുന്നതിനായി 5 കോടി രൂപ ഹോര്‍ട്ടികോര്‍പിന് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
അമര, പാവയ്ക്ക, പയര്‍, പടവലങ്ങ, വലിയ മുളക്, വെള്ളരിക്ക, തക്കാളി, സവാള, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് വില കുറച്ച് വില്‍ക്കുന്നത്. ഡിസംബര്‍ 15ന് വിലക്കയറ്റം വീണ്ടും അവലോകനം ചെയ്യുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് യോഗത്തിനുശേഷം കൃഷിമന്ത്രി കെ പി മോഹനന്‍ അറിയിച്ചു. കാലാവസ്ഥാ മാറ്റവും പച്ചക്കറിയുടെ ഉപഭോഗം കൂടിയതുമാണ് വിലകൂടാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറിക്ക് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. തീവണ്ടികളിലെ പാന്‍ട്രിയിലും കേരളത്തിലെ പച്ചക്കറി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്. ഒരുമാസത്തിനിടെ പച്ചക്കറിവില മൂന്നിരട്ടിയായാണ് കൂടിയത്. മിക്ക പച്ചക്കറിയിനങ്ങള്‍ക്കും ദിനംപ്രതി രണ്ടുരൂപ വരെ വില കൂടിക്കൊണ്ടിരിക്കുകയാണ്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ വഴിയാണ് സര്‍ക്കാര്‍ സംരംഭമായ ഹോര്‍ട്ടികോര്‍പ് കൂടുതലും പച്ചക്കറികള്‍ സംഭരിക്കുന്നത്. സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തികസഹായം അനുവദിച്ച പശ്ചാത്തലത്തില്‍ ഹോര്‍ട്ടികോര്‍പിന് വിലകുറച്ച് പച്ചക്കറികള്‍ വില്‍പന നടത്താനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക