242 അഭയാര്‍ഥികളെ ഗ്രീക്ക് തീരസേന രക്ഷപ്പെടുത്തി

ഏതന്‍സ്: ഗ്രീസിലെ ലെസ്‌ബോസ് ദ്വീപിന്റെ വടക്കുഭാഗത്ത് അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്നു 242 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഗ്രീക്ക് തീരസേന അറിയിച്ചു.
ചെറിയ കുട്ടികളുള്‍പ്പെടെ മൂന്നു പേര്‍ മുങ്ങിപ്പോയതായും ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു. എത്ര പേര്‍ ബോട്ടിലുണ്ടായിരുന്നെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കിഴക്കന്‍ ഈജിയന്‍ കടലിലുണ്ടായ അഞ്ചു വ്യത്യസ്ത അപകടങ്ങളില്‍ 11 അഭയാര്‍ഥികള്‍ മരിച്ചു.
കുട്ടികളുള്‍പ്പെടെ രക്ഷപ്പെട്ടവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈജിയന്‍ കടലില്‍ തുര്‍ക്കിയില്‍ നിന്നും 10 കിലോമീറ്റര്‍ മാറിയാണ് ലെസ്‌ബോസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ യൂറോപ്പിലേക്കു കടക്കാന്‍ ഉപയോഗിച്ചുവരുന്ന സഞ്ചാരമാര്‍ഗമാണിത്.
തുര്‍ക്കിയില്‍ നിന്നും ലെസ്‌ബോസ് ദ്വീപ് വഴി ഈ വര്‍ഷം അഞ്ചു ലക്ഷത്തോളം അഭയാര്‍ഥികളാണ് യൂറോപ്പിലേക്കു കടന്നത്. കഴിഞ്ഞ ഞായറാഴ്ച യൂറോപ്യന്‍ യൂനിയന്‍ നേതാക്കളും ബാല്‍ക്കന്‍ രാജ്യങ്ങളുടെ നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതുമായി സഹകരിക്കാമെന്നും ലക്ഷം ആളുകള്‍ക്ക് യുഎന്‍ ധനസഹായത്തോടെ വീടു നിര്‍മിച്ചു നല്‍കാമെന്നും ധാരണയിലെത്തിയിരുന്നു. ഇതില്‍ പകുതിയും ഗ്രീസിലാണ്.
Next Story

RELATED STORIES

Share it