|    May 28 Sun, 2017 6:01 pm
FLASH NEWS

24 മണിക്കൂറിനകം എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണം

Published : 8th September 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം തന്നെ എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുക ള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങ ള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവനം ദുര്‍ബലമായ ഭൂപ്രദേശങ്ങളിലുള്ള സംസ്ഥാനങ്ങള്‍ക്ക് 72 മണിക്കൂര്‍ വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ദുര്‍ബലമായ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 72 മണിക്കൂറിനുള്ളില്‍ കേസിന്റെ പ്രഥമ വിവര റിപോര്‍ട്ട് (എഫ്‌ഐആര്‍) സംസ്ഥാന പോലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.അതേസമയം, ഭീകരവാദം, കലാപം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തുടങ്ങിയ വൈകാരികമായ കേസുകളുടെ എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന് സംസ്ഥാന പോലിസ് അധികാരികള്‍ക്ക് കോടതി ഇളവ്  നല്‍കിയിട്ടുണ്ട്. തനിക്കെതിരായ കേസിന്റെ എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് വാദിച്ച് കുറ്റവാളിക്ക് കോടതിയില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ പ്രഥമഘട്ടത്തി ല്‍, 48 മണിക്കൂറിനകം സംസ്ഥാനങ്ങള്‍ എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു കോടതി നി ര്‍ദേശിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇത് കോടതി 24 മണിക്കൂറായി നിചപ്പെടുത്തുകയായിരുന്നു.യൂത്ത് ലോയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ന ല്‍കിയ ഒരു പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിം കോടതി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. എഫ്‌ഐആര്‍ ഒരു പൊതുപ്രമാണം ആണെന്നും എന്നാ ല്‍, പൊതുജനത്തിന് അതിന്റെ ഒരു പകര്‍പ്പ് ലഭിക്കുക എന്നത് എളുപ്പമല്ലെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. ആയതിനാ ല്‍, എഫ്‌ഐആര്‍ വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തുന്നത് ഒരു പൊതുതാല്‍പര്യമാണെന്നും ഇത് മൂലം പൊതുജനങ്ങള്‍ നേരിടുന്ന പലബുദ്ധിമുട്ടുകളും ഒഴിവാക്കാമെന്നും ഹരജിക്കാരന്‍ വാദിച്ചു.ഇതേവിഷയത്തില്‍ 2010ല്‍ ഡല്‍ഹി ഹൈക്കോടതി സിറ്റി പോലിസിന് നല്‍കിയ നിര്‍ദേശവും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2015 നവംബറില്‍ അലഹബാദ് ഹൈക്കോടതിയും സമാനമായ നിര്‍ദേശം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നല്‍കിയിരുന്നു. 2016 ജനുവരി 26മുതല്‍ 24മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി സംസ്ഥാന പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഫ്‌ഐആര്‍ പൊതുപ്രമാണമാക്കിയാല്‍ പ്രതിക്കും കുടുംബത്തിനും നിയമ നടപടികള്‍ നേരത്തേ എടുക്കാന്‍ സാധിക്കുമെന്ന് യൂത്ത് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സന്‍പ്രീത് സിങ് അജ്മാനി പറഞ്ഞു. ഈ ന്യായവിധി നമ്മുടെ രാജ്യത്തെ ക്രിമിനല്‍ നിയമശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അസോസിയേഷന്റെ ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പീയുഷ് ഭാട്ടിയ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day