24 പേര് കൂടി പുരസ്കാരം തിരിച്ചുനല്‍കും
Published : 6th November 2015 | Posted By: SMR
ന്യൂഡല്‍ഹി: രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കെതിരേ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കിയുള്ള എഴുത്തുകാരുടെയും ചലച്ചിത്രപ്രവര്‍ത്തകരുടെയും പ്രതിഷേധം തുടരുന്നു. ബുക്കര്‍ ജേതാവായ അരുന്ധതി റോയ് ഉള്‍പ്പെടെ സാഹിത്യ, സിനിമാ രംഗങ്ങളില്‍നിന്നുള്ള 24 പേര് കൂടി അവാര്‍ഡ് തിരിച്ചു നല്കുമെന്നു വ്യക്തമാക്കി. സ്വതന്ത്ര ചിന്താഗതിക്കാര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.
എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഉയര്‍ത്തുന്ന പ്രതിഷേധത്തിനു ചരിത്രത്തില്‍ സമാനതകളില്ലെന്ന് അരുന്ധതി റോയ് പറഞ്ഞു. ദേശീയ പുരസ്കാരം തിരിച്ചുനല്‍കി അധാര്‍മികതയ്ക്കെതിരേ പോരാട്ടത്തിനു തുടക്കംകുറിച്ചവര്ക്കൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലക്ഷക്കണക്കിനു ദലിതരും ആദിവാസികളും മുസ്ലിംകളും ക്രിസ്ത്യാനികളുമെല്ലാം ഏതുസമയത്തും ഇരയാക്കപ്പെടാമെന്ന ഭീതിയിലാണു ജീവിക്കുന്നത്. നമ്മള് ഇനിയും ഇതിനെതിരേ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ കുഴിച്ചുമൂടപ്പെടുന്ന സാഹചര്യമാണു നിലവിലുള്ളതെന്നും അരുന്ധതി പറഞ്ഞു.
ഈ പ്രതിഷേധത്തിനു രാഷ്ട്രീയപ്രാധാന്യമുണ്ട്. രാജ്യത്തെ സമകാലിന സംഭവങ്ങളില്‍ അപമാനം തോന്നുന്നു. 2005ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് താന്‍ സാഹിത്യ അക്കാദമി പുരസ്കാരം തിരികെനല്‍കിയിട്ടുണ്ട്. അതിനാല്‍, കോണ്‍ഗ്രസ്-ബിജെപി തര്‍ക്കത്തില്‍ നിന്നു തന്നെ ഒഴിവാക്കണം. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ വിശേഷിപ്പിക്കാന്‍ അസഹിഷ്ണുത എന്ന വാക്ക് മതിയാവില്ല. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊല്ലുന്നതും ചുട്ടുകൊല്ലുന്നതും വിശേഷിപ്പിക്കാന്‍ ഈ വാക്ക് മതിയാവില്ലെന്നും അവര്‍ പറഞ്ഞു. ദലിതുകള്‍ കശാപ്പുചെയ്യപ്പെടുകയും അവരുടെ കുഞ്ഞുങ്ങള്‍ ജീവനോടെ കത്തിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഏത് എഴുത്തുകാര്‍ക്കാണ് അക്രമിക്കപ്പെടുകയോ തല്ലിക്കൊല്ലപ്പെടുകയോ വെടിയുണ്ടയേറ്റ് മരിക്കുകയോ ജയിലിലാവുകയോ ചെയ്യാതെ ബാബാ സാഹിബ് അംബേദ്കര്‍ എഴുതിയതുപോലെ, ഹിന്ദുയിസം ഭീകരതയുടെ ഒരു നിലവറയാണ് എന്ന് എഴുതാനാവുകയെന്നും അവര്‍ ചോദിച്ചു.
1989ല്‍ ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വണ്‍സ് എന്ന സിനിമയുടെ തിരക്കഥ രചിച്ചതിനാണ് അരുന്ധതിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് അരുന്ധതി അവാര്‍ഡ് തിരിച്ചുനല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്. ജാനെ ബി ദോ യോരോന് എന്ന സിനിമയുടെ നിര്‍മാതാവായ കുന്ദന്‍ ഷാ, സഈദ് മിര്‍സ എന്നിവരടങ്ങുന്ന 24 സിനിമാ പ്രവര്‍ത്തകരാണ് തങ്ങള്‍ക്കു ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.