|    Nov 15 Thu, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

24 ഡാമുകള്‍ തുറന്നു

Published : 10th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ ഇപ്പോഴുള്ളത് അതീവ ഗുരുതര സാഹചര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 24 ഡാമുകള്‍ തുറക്കേണ്ടിവന്നിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഡാമുകള്‍ മുഴുവന്‍ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ദുരന്തനിവാരണത്തിന് കര, നാവിക, വ്യോമസേനകളുടെയും കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്തപ്രതികരണ സേന (എന്‍ഡിആര്‍എഫ്) എന്നിവയുടെയും സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിന് നാവികസേനയുടെ വിമാനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ മൂന്നു സംഘങ്ങള്‍ ഇപ്പോള്‍ തന്നെ ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രംഗത്തുണ്ട്. രണ്ടു സംഘങ്ങള്‍ കൂടി ഉടനെത്തും.
ഇതിനു പുറമെ ആറ് എന്‍ഡിആര്‍എഫ് സംഘങ്ങളെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിന് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും അടിയന്തരമായി ബംഗളൂരുവില്‍ നിന്നു വിമാനത്തില്‍ കോഴിക്കോട്ടും കൊച്ചിയിലും എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തര പരിതസ്ഥിതി കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ ആരംഭിച്ചു. എല്ലാ ജില്ലകളിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കും.
രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ മാത്രമേ ഡാം തുറക്കുന്ന സ്ഥലത്തേക്ക് പോകാവൂ. അല്ലാത്തപക്ഷം രക്ഷാപ്രവര്‍ത്തനത്തെയും അതു ബാധിക്കും. ദുരന്തസ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ജനങ്ങള്‍ പോവുന്നതും ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തുള്ള വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണം. കര്‍ക്കടക വാവുബലിയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേകമായി ദുരന്തനിവാരണ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടാവണം. ആലപ്പുഴയില്‍ എത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഗണിച്ച് റിപോര്‍ട്ട് നല്‍കുമെന്നു സംഘം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss