palakkad local

24 കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്താന്‍ കടപ്പാറ ആദിവാസി കോളനിയില്‍ സര്‍വേ തുടങ്ങി

പാലക്കാട്: കടപ്പാറ ആദിവാസി കോളനിയില്‍ 27 ദിവസമായി സമരം നടത്തുന്ന ആദിവാസികള്‍ക്ക് പ്രതീക്ഷയുമായി റവന്യൂ-വനം വകുപ്പ് സംയുക്ത താലൂക്ക് സര്‍വേയ്ക്ക് തുടക്കമായി.
ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കടപ്പാറ മൂര്‍ത്തിക്കുന്ന് പാറയില്‍ താമസിച്ചുവരുന്ന 24 കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനാണ് റവന്യു-വനം വകുപ്പുകള്‍ സര്‍വേ നടപടികള്‍ തുടങ്ങിയത്.
ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആലത്തൂര്‍ തഹസീര്‍ദാര്‍ സി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും-ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചറും അടങ്ങുന്ന സംഘം ഇന്നലെ മൂര്‍ത്തിക്കുന്ന് വനത്തിലെ അതിരുകള്‍ പരിശോധിച്ചു രേഖപ്പെടുത്തി.
കുട്ടികളും പ്രായമായവരും അടക്കം 75 ഓളം പേരാണ് കഴിഞ്ഞ 26 ദിവസമായി കടപ്പാറ മൂര്‍ത്തിക്കുന്ന് വനത്തില്‍ സമരം നടത്തുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പട്ടയം നല്‍കുന്നതിനാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചത്. ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുകയാണ് സര്‍വ്വേയുടെ ലക്ഷ്യം. ആലത്തൂര്‍ താലൂക്ക് ഹെഡ് സര്‍വ്വെയര്‍ ആര്‍.ശശികുമാര്‍, ആസാദ്, ഷമിദാസ്, പ്രീജി ജയന്‍ എന്നിവരും ഇന്നലെ വനപാലകര്‍ക്കൊപ്പം മൂര്‍ത്തിക്കുന്ന് വനത്തിലെ അതിരുകളുടെ അക്ഷാംശ-രേഖാംശങ്ങള്‍ രേഖപ്പെടുത്തി മടങ്ങി.
ഇന്ന് ആധുനിക മെഷീനുകള്‍ ഉപയോഗിച്ചുള്ള വനഭൂമി സര്‍വ്വേക്ക് തുടക്കമാവും. മൂന്നു ദിവസം കൊണ്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് താലൂക്ക് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it