wayanad local

24 ചെറുകിട പദ്ധതികള്‍ നിര്‍മാണ ഘട്ടത്തില്‍: മന്ത്രി എം എം മണി

കല്‍പ്പറ്റ: വൈദ്യുതി ഉല്‍പാദനം പരമാവധി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 24 ചെറുകിട പദ്ധതികളുടെ നിര്‍മാണം പുരോഗതിയിലാണെന്നു വൈദ്യുതി മന്ത്രി എം എം മണി.
കെഎസ്ഇബിയുടെ അമ്പലവയല്‍ 66 കെവി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ 15 ശതമാനം വരുന്ന പ്രസരണ നഷ്ടം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ജലവൈദ്യുതിക്കു പുറമെ കാറ്റ്, സൗരോര്‍ജം എന്നിവയുടെ സാധ്യതകളും തേടുന്നുണ്ട്. പ്രതികൂല സാഹചര്യത്തിലും കറണ്ട് കട്ട് ഇല്ലാതെ പോവാന്‍ കഴിഞ്ഞതും സമ്പൂര്‍ണ വൈദ്യുതീകരണം സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്നു മന്ത്രി പറഞ്ഞു.
66 കെവി കണിയാമ്പറ്റ-സുല്‍ത്താന്‍ ബത്തേരി ലൈനില്‍ നിന്നും കൊളഗപ്പാറ കവല മുതല്‍ അമ്പലവയല്‍ വരെ 110 കെവി നിലവാരത്തില്‍ അഞ്ചു കിലോമീറ്റര്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിച്ച് ഒരു 110 കെവി സബ് സ്റ്റേഷന്‍ അമ്പലവയലില്‍ നിര്‍മിക്കുന്നതിന് 1,256 ലക്ഷം രൂപയ്ക്ക് കെഎസ്ഇബി ലിമിറ്റഡ് ഭരണാനുമതി നല്‍കി. റവന്യൂ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 1 ഏക്കര്‍ 4 സെന്റ് സ്ഥലം 82 ലക്ഷം രൂപയ്ക്ക് വിലയ്ക്കു വാങ്ങിയാണ് സബ്‌സ്റ്റേഷന്‍ നിര്‍മിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ലൈനും സബ് സ്റ്റേഷനും 110 കെവി ആയി ഉയര്‍ത്തുമ്പോള്‍ അമ്പലവയല്‍ സബ്‌സ്റ്റേഷന്‍ 110 കെവി ആവും.
66 കെവി സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അമ്പലവയല്‍, മേപ്പാടി, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി സെക്ഷനുകളുടെ പരിധിയിലുള്ള നാല്‍പ്പതിനായിരം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വൈദ്യുതി പരമാവധി തടസ്സം കൂടാതെ ലഭ്യമാക്കുവാനും പ്രദേശത്ത് 20 ശതമാനത്തോളം വോള്‍ട്ടേജ് വര്‍ധിപ്പിക്കുവാനും പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാനും സാധിക്കും. കൂടാതെ ജില്ലയില്‍ പരിഗണനയിലുള്ള വിവിധ ചെറുകിട ജല വൈദ്യുതി പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ പ്രസരണം സുഗമമാക്കാനും അമ്പലവല്‍ സബ്‌സ്റ്റേഷന്‍ ഭാവിയില്‍ ഉപകാരപ്രദമാവും. ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍,  സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, ജില്ലാ പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത രാജു, ട്രാന്‍സിഷന്‍ ഡയറക്ടര്‍ പി വിജയകുമാരി, ചീഫ് എന്‍ജിനീയര്‍ ജെയിംസ് എം ഡേവിഡ് സംസാരിച്ചു.
Next Story

RELATED STORIES

Share it