24ന് മഹാരാഷ്ട്രയില്‍ മദ്യഷാപ്പുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും

മുംബൈ: 24ന് മദ്യഷാപ്പുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതി. രാത്രി മുതല്‍ പുലര്‍ച്ചെ വരെ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. നബിദിനമായ ഡിസംബര്‍ 24ന് മദ്യനിരോധനമേര്‍പ്പെടുത്തണമെന്ന മുസ്‌ലിം എംഎല്‍എമാരുടെ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇതിനെതിരേ കോണ്‍ഗ്രസും അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീ (എഐഎംഐഎം)നും രംഗത്തെത്തി. ബിയര്‍ പാര്‍ലറുകള്‍, ചാരായ ഷാപ്പുകള്‍, വിദേശ മദ്യഷാപ്പുകള്‍ എന്നിവയ്ക്ക് ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബര്‍ 24, 25 തിയ്യതികളിലും പുതുവര്‍ഷ തലേന്നായ 31നും രാത്രി 10.30 മുതല്‍ ഒരുമണിവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിംകളുടെ ആവശ്യത്തെ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സചിന്‍ സാവന്ത് ആരോപിച്ചു. മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും സര്‍ക്കാര്‍ കല്‍പിക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. ആര്‍എസ്എസ്സിന്റെ ആദര്‍ശം പിന്തുടര്‍ന്ന് അവരെ രണ്ടാംതരം പൗരന്മാരായാണ് സര്‍ക്കാര്‍ കാണുന്നത്. അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകളുടെ മതവികാരങ്ങളെ സര്‍ക്കാര്‍ എത്രത്തോളം മാനിക്കുന്നുണ്ടെന്നറിയാന്‍ വേണ്ടിയായിരുന്നു നബിദിനത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയതെന്ന് എഐഎംഐഎം എംഎല്‍എ ഇംതിയാസ് ജലീല്‍ പറഞ്ഞു. ജൈനമതക്കാരുടെ പാര്യൂഷന്‍ വ്രതകാലത്ത് മാംസം നിരോധിക്കാത്ത സര്‍ക്കാര്‍ മുസ്‌ലിംകളുടെ ആവശ്യത്തെയും പരിഗണിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it