|    Jun 24 Sun, 2018 10:54 am
FLASH NEWS

23 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Published : 28th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ 23 സര്‍ക്കാര്‍ സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചുള്ള സമഗ്ര പദ്ധതി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആശയരൂപീകരണ ശില്‍പശാല ചര്‍ച്ച ചെയ്തു. വികസനപദ്ധതിക്കുള്ള വിശദമായ മാസ്റ്റര്‍ പ്ലാന്‍ ഡിസംബര്‍ 31നകം തയ്യാറാക്കന്‍ യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെയും ഓരോ സ്‌കൂളിലും ഇതു നടപ്പാക്കേണ്ട വഴികളെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല നടത്തിയത്. പദ്ധതി നേരത്തേ വിജയകരമായി നടപ്പാക്കിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റേത് ഉള്‍പ്പെടെയുള്ള മാതൃകകള്‍ യോഗം ചര്‍ച്ച ചെയ്തു. പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാനായി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ ചെയര്‍മാനായി സ്‌കൂള്‍ വികസന സമിതി രൂപീകരിക്കാന്‍ തീരുമാനമായി. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എന്നിവര്‍ കണ്‍വീനര്‍മാരും പിടിഎ/എസ്എംസി പ്രസിഡന്റ് വൈസ് ചെയര്‍മാനും സ്ഥലം എംപിമാരും എംഎല്‍എമാരും രക്ഷാധികാരികളുമായിരിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡ ന്റ്, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാര്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, രക്ഷിതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരെ വികസന സമിതിയുടെ ഭാഗമാക്കും. സമിതി വിപുലമായ യോഗം ചേര്‍ന്ന് സ്‌കൂള്‍ തലത്തില്‍ വികസന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കും. വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍തൃ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ആര്‍ക്കിട്ടെക്റ്റുകള്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. വികസനപദ്ധതിക്കുള്ള വിശദമായ മാസ്റ്റര്‍ പ്ലാന്‍ ഡിസംബര്‍ 31നകം തയ്യാറാക്കാനും തീരുമാനമായി. ഇതോടൊപ്പം സ്‌കൂള്‍തല അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തും. പഠനനിലവാരം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയും അക്കാദമിക ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യും. കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്താനുള്ള രചനാശില്‍പശാലകള്‍, ക്യാംപുകള്‍, സംവാദങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. പഠനം വിവരസാങ്കേതികവിദ്യ അധിഷ്ഠിതമാക്കി മാറ്റും. സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള വിഭവസമാഹരണത്തിന് ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള ഫണ്ടിനു പുറമെ, പൂര്‍വവിദ്യാര്‍ഥികള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ബാങ്കുകള്‍, എംപി-എംഎല്‍എ വികസന ഫണ്ടുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയുള്ള വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ബാലകൃഷ്ണന്‍ സംസാരിച്ചു. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപകര്‍, പിടിഎ, എസ്എംസി പ്രതിനിധികള്‍, സ്‌കൂള്‍ ലീഡര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂള്‍തല പദ്ധതി കോ-ഓഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss