23 വരെ കനത്ത മഴ: വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്കുശേഷം പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. കൃഷിനാശം ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ദിവസങ്ങളായി ശമിച്ചുനിന്ന മഴ കഴിഞ്ഞദിവസം മുതലാണു ശക്തിപ്രാപിച്ചത്. സംസ്ഥാനത്ത് 23വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുനല്‍കി.
വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇന്നലെ പെയ്ത പെരുമഴയില്‍ പലയിടത്തും ജനവാസമേഖലകളില്‍ വെള്ളം കയറി. നദികളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്കു ദുരന്തനിവാരണ സേന ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നു രാവിലെവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. വേണ്ടിവന്നാല്‍ മലയോര മേഖലകളില്‍ വിനോദസഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ടു യൂനിറ്റിനെ സംസ്ഥാനത്ത് വിന്യസിക്കണമെന്നും ഉത്തരവുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭൂതത്താന്‍ അണക്കെട്ട് ഏതുനിമിഷവും തുറന്നേക്കാമെന്ന് എറണാകുളം കലക്ടര്‍ മുന്നറിയിപ്പുനല്‍കി. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണു കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാവുക.
ചിലയിടങ്ങളില്‍ 12 മുതല്‍ 22 സെന്റീമീറ്റര്‍ വരെ പെയ്യാവുന്ന അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. കേരളത്തില്‍ കാലവര്‍ഷമെത്തിയതുമുതല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കൊല്ലം ജില്ലയിലാണ്. ഏറ്റവും കുറവ് വയനാടും. ഇന്നലെ വൈക്കത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 9 സെന്റീമീറ്റര്‍, കാഞ്ഞിരപ്പള്ളി 8 സെ.മീ, കുഡ്‌ലു 6 സെ.മീ, ആലപ്പുഴ 5 സെ.മീ, മങ്കൊമ്പ്, കോഴിക്കോട്, പാലക്കാട്, മൂന്നാര്‍, തിരുവനന്തപുരം സിറ്റി 3 സെ.മീ മഴ രേഖപ്പെടുത്തി. ഇതുവരെയുള്ള കണക്കനുസരിച്ച് കേരളത്തിലാകെ ഏഴുശതമാനം മഴ കിട്ടി. ശരാശരിയേക്കാള്‍ 16 ശതമാനമെങ്കിലും മഴ കൂടുതല്‍ കിട്ടുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
Next Story

RELATED STORIES

Share it