World

23 രാജ്യങ്ങളുടെ 59 നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി

മോസ്‌കോ: 23 രാജ്യങ്ങളില്‍നിന്നുള്ള 59 നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി. നേരത്തേ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിന് റഷ്യ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം 60 യുഎസ് നയതന്ത്രജ്ഞരെ പുറത്താക്കാനും റഷ്യ തീരുമാനിച്ചിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റും അടച്ചുപൂട്ടിയിരുന്നു. സാലിസ്ബറി വിഷവാതക പ്രയോഗത്തെത്തുടര്‍ന്നുണ്ടായ നയതന്ത്ര തര്‍ക്കത്തില്‍ ബ്രിട്ടന് പിന്തുണയറിയിച്ച് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് മറുപടിയായാണ് നടപടി.
പോളണ്ടില്‍ നിന്നുള്ള നാലും ലിത്വാനിയയില്‍ നിന്നും ചെക് റിപബ്ലിക്കില്‍ നിന്നുമുള്ള മൂന്നു വീതവും ഇറ്റലിയില്‍ നിന്നും നെതര്‍ലന്‍ഡ്‌സില്‍ നിന്നുമുള്ള രണ്ടു വീതവും നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കുമെന്ന് റഷ്യയുടെ സ്പുട്‌നിക് വാര്‍ത്താ ഏജന്‍സി നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു. ഫിന്‍ലന്‍ഡ്, സ്വീഡന്‍, ലാത്വിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉദ്യോഗസ്ഥരെയും പുറത്താക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളുടെ സ്ഥാനപതിമാരെ റഷ്യ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. പോളണ്ട്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, അല്‍ബേനിയ, റുമാനിയ, ഉക്രെയ്ന്‍, ബെല്‍ജിയം, ലാത്വിയ, ചെക് റിപബ്ലിക്, ലിത്വാനിയ, മാസിഡോണിയ, ക്രൊയേഷ്യ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഗ്രീസ്, അയര്‍ലന്‍ഡ്്, കാനഡ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയാണ് റഷ്യ വിളിച്ചുവരുത്തിയത്.
ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേര്‍ക്കുണ്ടായ വിഷവാതക പ്രയോഗത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര തര്‍ക്കങ്ങള്‍ രൂപപ്പെട്ടത്. സ്‌ക്രിപാലിനെ ആക്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിക്കുകയും ആരോപണങ്ങള്‍ റഷ്യ നിഷേധിക്കുകയും ചെയ്തിരുന്നു. റഷ്യയും ബ്രിട്ടനും പരസ്പരം 23 വീതം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. ബ്രിട്ടന് പിന്തുണയറിയിച്ച് 29 രാജ്യങ്ങള്‍ 145 റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it