Flash News

പരിഷ്‌കരണത്തിനു വിധേയമായി മാഞ്ചസ്റ്റര്‍ സിറ്റി : ബെര്‍ണാണ്ടോ സില്‍വ സിറ്റിയിലേക്ക്; നവാസും ക്ലീഷിയും ക്ലബ്ബ് വിടുന്നു



ലണ്ടന്‍: ജൂലൈ ഒന്നിന് സമ്മര്‍ ട്രാന്‍സ്ഫര്‍ സീസണ്‍ ആരംഭിക്കാനിരിക്കെ യൂറോപ്യന്‍ ഫുട്‌ബോളില്‍ താരങ്ങള്‍ കളിക്കളം മാറുന്നു. പരിഷ്‌കരണത്തിന് വിധേയമായി കൊണ്ടിരിക്കുന്ന പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലാണ് നിലവില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നത്. അടുത്ത പ്രീമിയര്‍ ലീഗ്/ ചാംപ്യന്‍സ് ലീഗ് സീസന് മുമ്പായി ക്ലബ്ബുകള്‍ ഉടച്ചുവാര്‍ക്കാനൊരുങ്ങവെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മാറ്റങ്ങള്‍ സജീവമായത്.

ബെര്‍ണാണ്ടോ സില്‍വ

മൊണാക്കോ താരം ബെര്‍ണാണ്ടോ സില്‍വയെ ടീമിലെത്തിച്ച് കൊണ്ടാണ് സിറ്റി മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. മധ്യനിര താരമായ സില്‍വ 43 മില്യണ്‍ യൂറോയുടെ കരാറിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നീലകുപ്പായത്തിലേക്ക് മാറിയതെന്നാണ് റിപോര്‍ട്ടുകള്‍. അഞ്ച് വര്‍ഷത്തെ കരാറാണ് സില്‍വ സിറ്റിയുമായി ഒപ്പുവച്ചിട്ടുള്ളത്. ജൂലൈ ഒന്നിന് സില്‍വ സിറ്റി ടീമിനൊപ്പം ചേരും.

പാബ്ലോ സബലേറ്റ

മാഞ്ചസ്റ്റര്‍ സിറ്റി താരം പാബ്ലോ സബലേറ്റ വെസ്റ്റ്ഹാം യുനൈറ്റഡിലേക്ക് ചേക്കേറുന്നു. ഈ സീസന് അവസാനത്തോടെ സിറ്റിയുമായുള്ള കരാര്‍ അവസാനിച്ച സബലേറ്റ ഫ്രീ ട്രാന്‍സ്ഫറിലാണ് ലണ്ടന്‍ ടീമിനൊപ്പം ജേഴ്‌സി അണിയുന്നത്. സിറ്റിയില്‍ 9 വര്‍ഷം കളിക്കുകയും 2 പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ചെയ്ത സബലേറ്റയുടെ അനുഭവ സമ്പത്ത് വെസ്റ്റ്ഹാം യുനൈറ്റഡിന് മുതല്‍ക്കൂട്ടാകും.

ജെസ്യൂസ് നവാസ്, ഗേല്‍ ക്ലീഷി

രണ്ട് താരങ്ങള്‍ സിറ്റിയിലേക്ക് ചേക്കേറിയപ്പോള്‍ സിറ്റി വിടാനൊരുങ്ങുകയാണ് ജെസ്യൂസ് നവാസും ഗേല്‍ ക്ലീഷിയും. ജൂണില്‍ കരാര്‍ കാലാവധി അവസാനിക്കുന്നതോടെ സിറ്റി വിടുന്ന ഇരുവരും ഫ്രീ ട്രാന്‍സ്ഫറില്‍ പുതിയ ക്ലബ്ബ് കണ്ടെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. പെപ് ഗാര്‍ഡിയോള സിറ്റി പരിശീലകനായ ശേഷം ഇരുവര്‍ക്കും കളിക്കാന്‍ പരിമിതമായ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. 2013ല്‍ സെവിയ്യയില്‍ നിന്നാണ് ജെസ്യൂസ് നവാസ് സിറ്റിയിലേക്ക് ചേക്കേറിയത്. വിങ്ങ് പൊസിഷനില്‍ കളിച്ച താരം 175 മല്‍സരങ്ങളില്‍ നീലക്കുപ്പായം അണിഞ്ഞിട്ടുണ്ട്. 2011ല്‍ ആഴ്‌സനലില്‍ നിന്ന് സിറ്റിയിലെത്തിയ ഗേല്‍ ക്ലീഷി ക്ലബ്ബിനായി 200 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it