|    Jul 20 Fri, 2018 3:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

22,000 സര്‍ക്കാര്‍ ജീവനക്കാരുടെ റേഷന്‍ കാര്‍ഡ് തിരികെ ലഭിച്ചു

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ച 22000 സര്‍ക്കാര്‍ ജീവനക്കാരുടെ റേഷന്‍ കാര്‍ഡ് തിരികെ ലഭിച്ചതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങിലെ ജീവനക്കാര്‍,  ബാങ്ക് ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ എന്നിവരുടെ റേഷന്‍ കാര്‍ഡ് മാറ്റാനുള്ള സമയപരിധി 10 വരെ ദീര്‍ഘിപ്പിച്ചു. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആഗസ്തിലെ ശമ്പളവും പെന്‍ഷനും തടയാന്‍ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു. സൗജന്യമായി റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതിനായി ഒട്ടേറെ പേര്‍ മുന്‍ഗണനാവിഭാഗ റേഷന്‍ കാര്‍ഡ് തരപ്പെടുത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.  സപ്തംബര്‍ മാസം ശമ്പളം നല്‍കുന്നതിനു മുമ്പ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ ഭക്ഷ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപുറമെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും, മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുഖാന്തരം നിര്‍ദേശം നല്‍കും.പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഇളവു നല്‍കുന്നതിനും യോഗം ശുപാര്‍ശ ചെയ്തു. നാല് ചക്രവാഹനമുള്ളവരുടെയും 1000 ച അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരുടെയും വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കംപ്യൂട്ടര്‍ ഡാറ്റയില്‍ നിന്നു വാങ്ങിയെടുത്ത് പരിശോധന നടത്തി അയോഗ്യരായവരെ കണ്ടെത്താന്‍ നാഷനല്‍ ഇന്‍ഫോമാറ്റിക് സെന്ററെ ചുമതലപ്പെടുത്തി. 10ന് ശേഷവും പട്ടികയില്‍ തുടരുന്നവര്‍ക്കെതിരേ അവശ്യസാധന നിയന്ത്രണ നിയമ പ്രകാരവും റേഷനിങ് കണ്‍ട്രോള്‍ ഉത്തരവ് പ്രകാരവും കേസെടുക്കുന്നതിന് സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത സമയത്ത് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടാംഘട്ട വിതരണ സമയത്ത് അത് വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനും ജൂലൈ മാസത്തില്‍ വിതരണം ചെയ്തുവന്ന ആട്ടയുടെ വിതരണ സമയം 15 വരെ ദീര്‍ഘിപ്പിച്ചു നല്‍കാനും തീരുമാനിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം വന്നതിനുശേഷം മുടങ്ങിക്കിടന്ന ആട്ട വിതരണം ജൂലൈ മാസം മുതല്‍ പുനരാരംഭിക്കുകയുണ്ടായി. സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ ആട്ട നല്‍കിത്തുടങ്ങി. വെള്ള കാര്‍ഡുള്ളവര്‍ക്ക് പ്രതിമാസം 2 കിലോ വീതവും നീല കാര്‍ഡുള്ളവര്‍ക്ക് 1 കിലോ വീതവും ആട്ടയാണ് നല്‍കിവരുന്നത്. മറ്റുള്ളവര്‍ക്ക് ഗോതമ്പായി തന്നെ നിശ്ചയിക്കപ്പെട്ട വിഹിതം തുടര്‍ന്നും ലഭിക്കുന്നതാണ്. റേഷന്‍ സാധനങ്ങളുടെ ഗുണനിലവാര പരിശോധന ഉറപ്പുവരുത്താനും കൃത്യമായ അളവില്‍ റേഷന്‍ കടകളില്‍ ധാന്യങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സപ്ലൈകോ അധികൃതരെ ചുമതലപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss