thrissur local

22.5 ലക്ഷത്തിന്റെ കള്ളനോട്ട് വേട്ട



കെ എം അക്ബര്‍

ചാവക്കാട്: 22.5 ലക്ഷത്തിന്റെ കള്ളനോട്ടുമായി പിടിയിലായ സംഘം കള്ളനോട്ടുകള്‍ വിതരണം നടത്തിയത് പീച്ചി, പട്ടിക്കാട് മേഖലകളില്‍. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഏജന്റുമാര്‍ വഴി സംഘം നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അസ്സല്‍ നോട്ടുകള്‍ വാങ്ങി ഇതിന്റെ ഇരട്ടിമൂല്യത്തിലുള്ള കള്ളനോട്ട് കാറില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും ചാവക്കാട് സിഐ കെ ജി സുരേഷ് പറഞ്ഞു. ഇത്തരത്തില്‍ കള്ളനോട്ട് വിതരണത്തിന് പോകുംവഴിയാണ് സംഘത്തിലെ മൂന്നു പേര്‍ ഒക്‌ടോബര്‍ ഏഴിന് ചാവക്കാട് വെച്ച് ആദ്യം പിടിയിലാകുന്നത്. പിടിയിലാകുന്നതിന് ഒരാഴ്ച മുമ്പ് കുന്നംകുളത്ത് രണ്ട് ലക്ഷം രൂപ വിതരണം ചെയ്തതായി പ്രതികള്‍ പോലിസിനോട് സമ്മതിച്ചിരുന്നു. വടക്കഞ്ചേരി തേനിടുക്ക് സീന മല്‍സിലില്‍ ഇപ്പോള്‍ ആറ്റൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റഷീദ് (36), കുന്നംകുളം കരിക്കാട് മണ്ടംപിള്ളി ജോയ്(51), മരത്തംകോട് കളത്തിങ്കല്‍ മുജീബ് റഹ്മാന്‍ (44) എന്നിവരാണ് ആദ്യം പിടിയിലായവര്‍ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍പ്പെട്ട തൃശൂര്‍ പട്ടിക്കാട് വടക്കുംപാടം ചെള്ളിയില്‍ രവി (48), പട്ടിക്കാട് ചാണോത്ത് റോഡില്‍ മണപ്പുറത്ത് സുകുമാരന്‍ (സുകു57), തൃശൂര്‍ കൂര്‍ക്കഞ്ചേരി പുതിയ വീട്ടില്‍ റാഫി(44) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടാനായത്. ആദ്യ സംഘത്തെ പിടികൂടുമ്പോള്‍ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടാണ് കൈയ്യിലുണ്ടായിരുന്നത്. ബാക്കി 19.5 ലക്ഷം പ്രതികളിലൊരാളായ റഷീദിന്റെ ചേലക്കര ആറ്റൂരിനടുത്ത് കമ്പനിപ്പടിയിലുള്ള വാടകവീട്ടില്‍ നിന്ന് പോലിസ് കണ്ടെടുക്കുകയായിരുന്നു. 2000, 500, 100 രൂപ എന്നിവയുടെ നോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കൂടാതെ കള്ളനോട്ട് അടിക്കുന്നതിനുള്ള രണ്ട് പ്രിന്ററുകള്‍, മഷി, സ്‌കാനര്‍ എന്നിവയും വീട്ടില്‍ നിന്ന് പിടിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സംഘത്തില്‍ നിന്നും ഒരു ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പട്ടിക്കാട് ലോട്ടറി വില്‍പനക്കാരനായ സുകുമാരന്‍ സമ്മാനത്തുക നല്‍കുന്നതിനും പട്ടിക്കാട് മാംസ വില്‍പന നടത്തുന്ന മറ്റൊരു പ്രതിയായ റാഫി കാലികളെ വാങ്ങുന്ന ചന്തയിലും പട്ടിക്കാട് തന്നേയുള്ള ഹാര്‍ഡ്‌വെയര്‍ ഷോപ്പിലെ സെയില്‍സുമാനായ മറ്റൊരു പ്രതി രവി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്കും കടയുടമയെ കബിളിപ്പിച്ച് കടയിലും നോട്ടുകള്‍ വിതരണം നടത്തിയിരുന്നു. പട്ടിക്കാട്, പീച്ചി മേഖലയില്‍ നോട്ടുകള്‍ക്കിടയില്‍ തിരുകിക്കയറ്റി കള്ളനോട്ട് ചെലവാക്കുന്ന രീതിയും സംഘം പരീക്ഷിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പട്ടിക്കാട് പോലിസ് പിടികൂടിയ ചീട്ടുകളി സംഘത്തില്‍ നിന്ന് ലഭിച്ച നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കി ട്രഷറിയില്‍ അടയ്ക്കാന്‍ ചെന്നപ്പോള്‍ അതില്‍ കള്ള നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഈ നോട്ടുകളെല്ലാം ഈ സംഘം വിതരണം ചെയ്്തതാവാമെന്നാണ് കരുതുന്നത്. ഇവരുടെ കണ്ണികളായി പ്രവര്‍ത്തിച്ചിട്ടുള്ള ഏജന്റുമാരെക്കുറിച്ചുള്ള അന്വേഷണം പോലിസ് വ്യാപിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it