|    Apr 20 Fri, 2018 3:00 am
FLASH NEWS
Home   >  Arts & Literature  >  Art  >  

കൊട്ടകകളിലെ സിനിമാക്കാലം

Published : 20th November 2015 | Posted By: G.A.G

kottakaഹൃദയപൂര്‍വം
ജമാല്‍ കൊച്ചങ്ങാടി
രാജകൊട്ടാരത്തിലെ താമരപൊയ്ക. പൊയ്കയില്‍ രണ്ട് അരയന്നങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന പട്ടുകുപ്പായമണിഞ്ഞ ഐന്ദ്രജാലികന്‍ തന്റെ മാന്ത്രികദണ്ഡു കൊണ്ട് തലോടുമ്പോള്‍, അരയന്നങ്ങള്‍ അപ്‌സരസുന്ദരികളായി മാറുന്നു.ഞാന്‍ ആദ്യമായി കണ്ട സിനിമാദൃശ്യം ഇതാണെന്നാണ് ഓര്‍മ്മ. പവിഴക്കൊടി എന്ന പഴയ തമിഴ് സിനിമയിലേതാവണം സ്വപ്‌നസദൃശമായ ഈ രംഗം. അന്ന് അഞ്ചോ, ആറോ വയസ്സേ ഉണ്ടാവൂ. കൃഷ്ണാ ടാക്കീസില്‍ ബാപ്പയോടൊപ്പം പോയാണ് സിനിമ കണ്ടതെന്ന് തോന്നുന്നു.

അവ്യക്തമെങ്കിലും മനസ്സിലുറച്ചുപോയ തോന്നലോ, ഓര്‍മ്മയോ ആയിരിക്കാം. കരുവേലിപ്പടി ക്ഷയരോഗാശുപത്രിയില്‍നിന്ന് പടിഞ്ഞാറേക്കു പോകുന്ന റോഡിലായിരുന്നു കൃഷ്ണാ ടാക്കീസ്. ഓലമേഞ്ഞ കൊട്ടക. പിന്നീടിതു പനയപ്പള്ളിയിലെ ശാരങ്ധര മൈതാനത്തേക്ക് മാറി. അതേ പേരില്‍തന്നെ. സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷിയാണ് ശാരങ്ധരന്‍, പിന്നീടെപ്പോഴാണത് പറവാനാ ജങ്ഷനായി മാറിയത്? അറിഞ്ഞുകൂടാ. പണ്ട് രാഷ്ട്രീയയോഗങ്ങളും നാടകങ്ങളും അരങ്ങേറിയിരുന്നത് ശാരങ്ധര മൈതാനത്താണ്. ഇന്ന് അവിടെ കാണാന്‍ കഴിയുക കൊച്ചിന്‍ കോര്‍പ്പറേഷന്റെ പൊട്ടിപ്പൊളിഞ്ഞ ട്രാവലേഴ്‌സ് ബംഗ്ലാവു മാത്രം.പിന്നെ ഓര്‍മ്മയിലേക്ക് വരുന്ന സിനിമാകൊട്ടക ബോസ്‌കോ ടാകീസാണ്. i

മട്ടാഞ്ചേരിയില്‍ ജൈനന്മാരുടെ വിളക്കു കത്തിക്കാത്ത അമ്പലത്തിന്നടുത്തായിരുന്നു തകര മേല്‍ക്കുരയോട് കൂടിയ ഈ സിനിമാ പ്രദര്‍ശനശാല. ഇതിന്റെ ആദ്യപേര് ഇംപീരിയല്‍ എന്നൊ പ്രഭാത് എന്നൊ ആയിരുന്നു. പിന്നീട് ഇസ്്മായില്‍ ടാക്കീസായി. റീഗലായി, ബോസ്‌കോ ആയി.ആദ്യകാലത്ത് നിശ്ശബ്ദ ചിത്രങ്ങളാണ് കൊട്ടകകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ചാര്‍ളി ചാപ്ലിന്‍, ലോറല്‍ ഹാര്‍ഡി തുടങ്ങിയവരുടെ ഇംഗ്ലീഷുപടങ്ങള്‍. അതുതന്നെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കു സെല്ലുലോയ്ഡ് പൊട്ടിപ്പോകും. അപ്പോള്‍ കൂക്കുവിളിയും ബഹളവുമുണ്ടാകും. പിന്നീടാണ് സംസാരിക്കുന്ന പടങ്ങള്‍ വന്നത്. സംസാരിക്കുന്ന പടങ്ങള്‍ക്ക് സംഗീതമുണ്ടായിരുന്നില്ല. കര്‍ണ്ണാടകസംഗീതം പഠിച്ച ഭാഗവതര്‍മാരും ഓര്‍ക്കെസ്ട്രയും സിനിമ പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനിനു മുമ്പിലിരുന്ന് പാടുകയും സംഗീതോപകരണങ്ങള്‍ മീട്ടുകയും ചെയ്യും. mall

ഇങ്ങനെ ഹാര്‍മോണിയം വായിച്ചിരുന്ന സംഗീതജ്ഞനായിരുന്നു ഗുല്‍മുഹമദ്. ഗ്രാമഫോണില്‍ ആദ്യം ലേഖനം ചെയ്യപ്പെട്ട ശബ്ദത്തിന്റെ ഉടമ.സിനിമയ്ക്ക് പിന്നണിസംഗീതം വന്നപ്പോള്‍ മന്നാസേട്ടു തന്റെ പ്രൊജക്ടര്‍ ഗുല്‍മുഹമ്മദിന് കൊടുത്തു. അദ്ദേഹം മണത്തലപ്പള്ളി നേര്‍ച്ച നടക്കുമ്പോള്‍, ആ പ്രൊജക്ടറില്‍ സിനിമ കാണിച്ച് അക്കാലത്ത് ഉപജീവനം നടത്തിയതായി കേട്ടുണ്ട്.അലങ്കരിച്ച കാളവണ്ടിയില്‍ ചെണ്ടമുട്ടി മാലോകരെ അറിയിച്ചുകൊണ്ട്, നോട്ടീസുകള്‍ വിതരണം ചെയ്തായിരുന്നു സിനിമയുടെ പബ്ലിസിറ്റി.സിനിമയുടെ പ്രദര്‍ശനത്തിനിടയ്ക്ക് ഒരാള്‍ കഥ പറഞ്ഞുകൊണ്ടിരിക്കും: “ഇതാ ആ മലദ്വാരത്തില്‍കൂടി കുതിരപ്പുറത്തു വരുന്നത് നമ്മുടെ കഥാനായകനാണ്.” മലയിടുക്കായിരിക്കും അവതാരകന്‍ ഉദ്ദേശിച്ചത്.

പുസ്തകമായാലും സിനിമയായാലും സാക്ഷരതയുടെ വളര്‍ച്ച ക്രമാനുഗതമായിരിക്കും. പൈങ്കിളിക്കഥകളില്‍നിന്നു തുടങ്ങി, കുറ്റാന്വേഷണകൃതികളിലൂടെ മാസ്റ്റര്‍ പീസുകളിലേക്കും ക്ലാസിക്കുകളിലേക്കുമുള്ള വളര്‍ച്ച. ഒരു പ്രേക്ഷകനെന്ന നിലയില്‍ ക്രമാനുഗതമായ ഈ മാനസികവികാസം സിനിമയുടെ കാര്യത്തിലും എന്നെപ്പോലുള്ളവര്‍ക്കുണ്ടായിട്ടുണ്ട്.ബോസ്‌ക്കോയില്‍ ആദ്യകാലത്ത് പ്രദര്‍ശിപ്പിച്ചിരുന്നത് സ്റ്റണ്ട് സിനിമകളാണ്.

ജോണ്‍ കവാസിന്റെയും നാഡിയയുടെയും ഇടിപ്പടങ്ങള്‍ -ഹണ്ടര്‍വാലി, ദ പ്രിന്‍സ് ആന്റ് ദ ഹണ്ടര്‍, ഫാന്‍ ടാര്‍സന്‍, ജംഗിള്‍ പ്രിന്‍സസ്, ഡയമണ്ട് ക്വീന്‍, ഫിയര്‍ലസ് നാഡിയ… സിനിമാപ്പേരുപോലെത്തന്നെ നിര്‍ഭയയായ നായികയായിരുന്നു ഈ ആസ്‌ട്രേലിയന്‍ സുന്ദരി. ഒന്നാംലോകയുദ്ധത്തില്‍ ജര്‍മ്മന്‍ പട്ടാളത്തിന്റെ കൈകളാല്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികന്റെ മകള്‍. യഥാര്‍ത്ഥ പേര് ആന്‍മേരി ഇവാന്‍സ്. ഒരു ആര്‍മീനിയന്‍ ജോത്സ്യന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നാഡിയ എന്ന സിനിമാപ്പേര് സ്വീകരിച്ചതത്രെ. ‘എന്‍’ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേര് സ്വീകരിച്ചാല്‍ തിളങ്ങുന്ന ഭാവിയുണ്ടെന്നായിരുന്നു പ്രവചനം. അതു പിഴച്ചില്ല.

പില്‍ക്കാലത്ത് വാഡിയാ മൂവിടോണിന്റെ ഉടമ ഹോമി –വാഡിയയുടെ ജീവിതസഖിയായിത്തീര്‍ന്ന നാഡിയ 1968 ല്‍ അമ്പതാം വയസ്സിലാണ് അവസാനമായി അഭിനയിച്ചത് -ഖിലാഡി എന്ന ചിത്രത്തില്‍.ഈ ഇടിപ്പടങ്ങളിലെല്ലാം നാഡിയയുടെ പുരുഷനായി വേഷമിട്ട ജോണ്‍ കവാസ് ജബല്‍പൂര്കാരനായ ഒരു പാഴ്‌സിയായിരുന്നു.

ഉറച്ച മാംസപേശികളുള്ള ആജാനുബാഹുവായ നായകന്‍. നാഡിയാ-ജോണ്‍ കവാസ്മാരെ വെല്ലുന്ന ഒരു സ്റ്റണ്ട് ജോഡി പിന്നീടുണ്ടായിട്ടില്ല. ഇവരൊന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍ നിരവധിയാണ്. വ്രീളാവിവശയായ ഇന്ത്യന്‍ നായികാസങ്കല്‍പ്പങ്ങളില്‍നിന്ന് വ്യത്യസ്തയായ നായിക. വള്ളികളിലൂയലാടിവന്നു പ്രതിയോഗികളെ ഇടിച്ചുമലര്‍ത്തുന്ന ശക്തയായ വീരനായിക. നാഡിയയുടെ ജീവിതകഥ ഡോക്യുമെന്ററിയായും ജീവചരിത്രഗ്രന്ഥമായും ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്.സാഹസികമായ സ്റ്റണ്ടുരംഗങ്ങള്‍ തന്നെയാണ് കുട്ടികളായ ഞങ്ങളെ ബോസ്‌കോയിലേക്ക് ആകര്‍ഷിച്ചത്. അജ്ജീന, ബാഹിയ, ബാവോ, മഹ്്മു തുടങ്ങിയ കൂട്ടുകാരോടൊത്ത് ബോസ്‌കോയിലെ സ്‌ക്രീനിന്റെ മുന്‍വശത്തെ തറയിലിരുന്ന് പരിപ്പുവറുത്തതും കൊറിച്ച് പറന്നിടിക്കുന്ന നാഡിയയുടെ സാഹസികതകള്‍ കണ്ട് ആര്‍ത്തുവിളിച്ച ബാല്യം.

kokers

സ്‌പൈഡര്‍മാനായും സൂപ്പര്‍മാനായും സീഡികളിലും ടാബുകളിലും നിറയുന്ന സാഹസികരെ കണ്ട് നിര്‍വൃതിയടയുന്ന ഇന്നത്തെ ബാല്യം പോലെതന്നെ. തറടിക്കറ്റിനു പുറമെ ബെഞ്ച്, ചാരുബെഞ്ച്, കസേര -ഇരിപ്പിടസൗകര്യങ്ങളുണ്ട്. ചാര്‍ജ്ജ് കൂടുമെന്ന് മാത്രം.പിന്നെ സ്റ്റാര്‍ ടാക്കീസ്. മട്ടാഞ്ചേരിയില്‍ കാക്കനാട് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിനടുത്തുള്ള ഈ സിനിമാശാലയില്‍ നിന്നാണ് മിക്കവാറും എല്ലാ ഹിന്ദിചിത്രങ്ങളും കണ്ടത്.

ഉദ്ഘാടനചിത്രം തന്നെ ആര്‍കെ ഫിലിംസിന്റെ ‘ബര്‍സാത്ത്’ ആയിരുന്നു. ദിലീപ്കുമാറും രാജ്കപൂറും നര്‍ഗ്ഗീസും മത്സരിച്ചഭിനയിച്ച ചിത്രം. സംഗീതമായിരുന്നു ഈ ചിത്രങ്ങളുടെ പ്രത്യേകത. നൗഷാദിന്റെയും ശങ്കര്‍ജയ്കിഷന്മാരുടെയും സി രാമചന്ദ്രയുടെയുമൊക്കെ പ്രതിഭകളില്‍നിന്നു പിറന്നുവീണ മനോഹരമായ മെലഡികള്‍ ദര്‍ദ്, ദില്ലഗി, ദീദാര്‍, മദര്‍ ഇന്ത്യ, ഗംഗാജമുന, ദോ ആംഖേ ബാരാ ഹാഥ്, ആസാദ്, മധുമതി, പ്യാസ, ചൗദ്‌വി കാ ചാന്ദ്… അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍. ജീവന്‍, പ്രാണ്‍, കെഎന്‍ സിംഗ് തുടങ്ങിയ വില്ലന്മാര്‍. ദിലീപ്, രാജ്കപൂര്‍, ദേവാനന്ദ്, ഗുരുദത്ത്, ഭരത്ഭൂഷന്‍ എന്നിങ്ങനെ നായകന്മാര്‍. പാടി അഭിനയിച്ചിരുന്ന നൂര്‍ജഹാനെയും സുരയ്യയെയുംപോലുള്ള നായികമാര്‍. മധുബാല, നര്‍ഗ്ഗീസ്, നൂതന്‍, മീനാകുമാരി, മാലാസിന്‍ഹ -ബോളിവുഡിലെ അതിസുന്ദരികളുടെ അഭിനയകാലം.സാലേ മുഹമ്മദ് സേട്ട് എംപിയുടെ പിതാവ് പറവാനാ സേട്ടുവായിരുന്നു സ്റ്റാര്‍ ടാക്കീസിന്റെ ഉടമ. ഇദ്ദേഹത്തിന്റെ മകളെയാണ് മുസ്്‌ലിം ലീഗ് നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ട് വിവാഹം ചെയ്തിരുന്നത്.

baliam

ചെമ്മീന്‍പരിപ്പ് ബര്‍മ്മയിലേക്കും സിലോണിലേക്കും കയറ്റിഅയച്ചിരുന്ന സമ്പന്നവ്യാപാരിയായിരുന്നു പറവാനാ സേട്ട്. അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന പറവാനാ ജങ്ഷനടുത്തുതന്നെയായിരുന്നു സാലേമുഹമ്മദ് സേട്ടിന്റെ ബംഗ്ലാവ്. ഇന്ന് അത് കശ്മീരി കരകൗശലസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമാണ്. ഈ സ്റ്റാര്‍ തിയേറ്ററിനെ കുറിച്ച് എന്‍എസ് മാധവന്റെ ‘ലന്തന്‍ബത്തേരിയിലെ ലുത്തീനിയകളി’ല്‍ പരാമര്‍ശിക്കുന്നുണ്ട്.പിന്നീട് സ്റ്റാര്‍ ടാകീസ് ഇസ്്മായിലണ്ണന്‍ വാങ്ങി. അതെ ഇസ്്മായില്‍ ടാകീസിന്റെ ഉടമസ്ഥന്‍ തന്നെ. ഇസ്്മായില്‍ ആന്റ് ദേവസ്സി എന്ന ബസാറിലെ പ്രമുഖ പേപ്പര്‍മാര്‍ട്ട് നടത്തിയിരുന്നത് അണ്ണനും ദേവസ്സി എന്ന പോലിസ് കമ്മിഷണറും ചേര്‍ന്നായിരുന്നു. 1952 ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കൊച്ചിയില്‍ വന്നപ്പോള്‍ കൂടെ യാത്രചെയ്യണമെന്ന് ഇസ്്മായിലണ്ണന്ന് ഒരു ആഗ്രഹം. തന്റെ കാറില്‍ ഡ്രൈവ് ചെയ്ത്, നെഹ്്‌റുവിനെ നഗരം ചുറ്റിക്കാനുള്ള അവസരം പങ്കാളിയായ പോലിസുദ്യോഗസ്ഥന്‍ ചെയ്തുകൊടുത്തു.

അന്നു നെഹ്്‌റു തുറന്ന കാറില്‍ സഞ്ചരിക്കുന്നത് കാണാന്‍ കല്ലു ഗുദാമിന്നടുത്തുള്ള പെട്രോള്‍ പമ്പിന്നരികെ, ബാരിക്കേഡിനുള്ളില്‍ ആകാംക്ഷയോടെ നിന്ന കൊച്ചുകുട്ടികളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഇസ്്മായിലണ്ണന്റെ കയ്യില്‍നിന്നും സ്റ്റാര്‍ ടാക്കീസ് വാങ്ങിയത് മറൈന്‍ ഡ്രൈവിലെ ആദ്യത്തെ ഏറ്റവും വലിയ ബഹുനിലഹോട്ടലായ സീ ലോര്‍ഡിന്റെ ഉടമസ്ഥന്‍ ജോഹര്‍.ഗേറ്റ് വേ ഓഫ് കൊച്ചിന്‍ എന്ന് വിശേഷിപ്പിക്കാവുന്ന തോപ്പുംപടിയിലെ പട്ടേല്‍ ടാകീസ് ഇന്നും വലിയ പരിക്കൊന്നും പറ്റാതെ നില്‍ക്കുന്നുണ്ട്. സിനിമ കാണിക്കുന്നില്ലെന്ന് മാത്രം.പകരം അതിന്നൊരു ഷോപ്പിംഗ് സെന്ററാണ്. ടെന്‍ കമന്റ്‌മെന്റ്‌സ് പോലുള്ള ക്ലാസിക്കല്‍ സിനിമകള്‍ ഇവിടെ നിന്നാണ് കണ്ടത്.

ഇബ്രാഹിം പട്ടേല്‍ എന്ന ധനാഢ്യന്‍, മദിരാശിയിലെ കസിനോവിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ചലച്ചിത്രപ്രദര്‍ശനശാല. ഒരു കാലത്ത് വാത്തുരുത്തി പ്രദേശം മുഴുവന്‍ അദ്ദേഹത്തിന്റെതായിരുന്നു. പട്ടേല്‍ ടാക്കീസിന്റെ ഉദ്ഘാടനത്തിന് ഒരു പ്രശസ്ത നടി പങ്കെടുത്തിരുന്നതായി കേട്ടിട്ടുണ്ട്. ടാക്കീസിന്നടുത്തുള്ള മാര്‍ക്കറ്റ് പട്ടേലിന്റെ പേരും ചുമന്നാണിന്നും നില്‍ക്കുന്നത്. കൊച്ചിയിലെ ലെജണ്ടായിരുന്ന പട്ടേല്‍ സേട്ടിന്റെ അന്ത്യം എത്ര ദുരന്തപൂര്‍ണ്ണമായിരുന്നുവെന്ന് ഇന്ന് കൊച്ചിക്കാര്‍ക്കുപോലും അറിയില്ല.

കൊച്ചിയില്‍ മെജസ്റ്റിക് ടാക്കീസ് എന്ന ഒരു സിനിമാശാലയുണ്ടായിരുന്നു. അത് പൊളിച്ചുകളഞ്ഞിട്ടാണ് ടി കെ പരീക്കുട്ടി അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ഒരു സിനിമാശാല നിര്‍മ്മിച്ചത് -സൈന. കാന്‍കാന്‍ എന്ന ആദ്യത്തെ എഴുപത് എംഎം പടം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. കേരളത്തിലേക്കാദ്യമായി രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ കൊണ്ടുവന്ന സിനിമാനിര്‍മ്മാതാവാണ് പരീക്കുട്ടി. ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടറായിരുന്ന അദ്ദേഹത്തിന്റെ തോണികളിലാണ് എഫ്എസിറ്റിയുടെ രാസവളം വിവിധ സ്ഥലങ്ങളിലെത്തിച്ചിരുന്നത്.പരീക്കുട്ടിയുടെ ചന്ദ്രതാരാ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആദ്യ ചിത്രംതന്നെ മലയാള സിനിമാചരിത്രത്തിലെ വഴിത്തിരിവായി.

‘നീലക്കുയില്‍’ അതുവരെയുള്ള ഭാഷാചിത്രങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു. മലയാളികളുടെ സാമൂഹ്യജീവിതത്തോട് കൂടുതല്‍ സത്യസന്ധത പുലര്‍ത്തിയ ചിത്രം. ഉറൂബിന്റെ മനുഷ്യഗന്ധിയായ കഥ. വിഭിന്നമായ വിവിധ സന്ദര്‍ഭങ്ങളോടിണങ്ങിച്ചേര്‍ന്ന ഈണത്തില്‍ രാഘവന്‍ മാസ്റ്ററുടെ സംഗീതം, ഭാസ്‌കരന്‍മാസ്റ്ററുടെ വാമൊഴിത്തനിമയുള്ള ഗാനങ്ങള്‍. എല്ലാം പുതുമയുള്ളതായിരുന്നു. വെറുതെയല്ല പ്രാദേശികഭാഷാ ചിത്രത്തിനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം നീലക്കുയിലിനു കിട്ടിയത്.ഞങ്ങള്‍, കൊച്ചങ്ങാടിക്കാരായ കുട്ടികള്‍ക്ക് സൂപ്പര്‍ സ്റ്റാറായത് ചിത്തുപറമ്പിലുള്ള വിഒ അബ്ദുള്ള എന്ന നടനാണ്.neelakku

‘ജിഞ്ചക്കം താരൊ… എന്ന തുടക്കത്തിലെ സംഘഗാനനൃത്തത്തില്‍ ഒരാള്‍ മാത്രമായിരുന്നു അബ്ദുള്ള! എന്നാല്‍ കൊച്ചിയിലെ ചില നാടകനടന്മാര്‍ക്കൊക്കെ കുറച്ചൊക്കെ അഭിനയിക്കാനുണ്ടായിരുന്നു. മിസ് കുമാരിയുടെ അച്ഛനായി അഭിനയിച്ച ജെഎആര്‍ ആനന്ദ് എന്ന അബ്ദുക്ക, ‘കായലരികത്ത്’ ഗാനത്തിന്റെ ചിത്രീകരണസമയത്ത് ചായയടിക്കുന്ന മണവാളന്‍ ജോസഫ്, നൂല്‍പാലത്തിലൂടെ ചെണ്ടയുമായി നടക്കുന്ന മാരാരായി ജോണ്‍സണ്‍.പരീക്കുട്ടിയുമായി ഞങ്ങള്‍ക്ക് മറ്റൊരു ബന്ധം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുജന്മാരായ ടികെ ചെറിയ പരിയും അബുവും ഇബ്രാഹിമും ഖാലിദുമെല്ലാം അയല്‍വാസികളായിരുന്നു.

കൊച്ചുന്നാളില്‍ എന്നെ എടുത്തുകൊണ്ട് നടന്നവര്‍. പക്ഷേ, പരീക്കുട്ടിക്ക നേരത്തെ കല്‍വത്തിയില്‍ സ്ഥിരതാമസമാക്കി. നീലക്കുയില്‍ വിജയിക്കാന്‍ കാരണം സംവിധായകന്റെ സര്‍ഗാത്മകസ്വാതന്ത്ര്യത്തില്‍ നിര്‍മ്മാതാവ് ഇടപെട്ടില്ല എന്നതായിരുന്നു. ഒരു ലക്ഷം രൂപയുടെ ചെക്ക് ഭാസ്‌കരന്‍ മാസ്റ്ററുടെ കയ്യില്‍ കൊടുത്തുകൊണ്ട് പരീക്കുട്ടി പറഞ്ഞു: നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു ചെയ്യാം. -അത് അമ്പതുകളില്‍ വലിയൊരു തുകയായിരുന്നു. നീലക്കുയിലോടെ ചന്ദ്രതാര അവസാനിപ്പിച്ചില്ല. രാരിച്ചന്‍ എന്ന പൗരന്‍, മുടിയനായ പുത്രന്‍, നാടോടികള്‍, കുഞ്ഞാലിമരയ്ക്കാര്‍,

ഭാര്‍ഗ്ഗവീനിലയം… എല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍. പരീക്കുട്ടിയുടെ പേരുള്ള ഒരു റോഡുപോലുമില്ല ഇന്ന് പശ്ചിമകൊച്ചിയില്‍.സൈനാ ടാക്കീസ് പിന്നീട് എറണാകുളം പുല്ലേപ്പടിയിലെ അബ്ദുള്‍ ഖാദര്‍ വാങ്ങി. കോക്കര്‍ എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് കോക്കേഴ്‌സ് ടാക്കീസായി. മൂത്ത മകന്‍ സിയാദ് കോക്കറാണ് കൈകാര്യം ചെയ്തിരുന്നത്. മനേജര്‍ അബ്ദുള്ള സുഹൃത്തായിരുന്നു. തുടക്കത്തില്‍ ഇംഗ്ലീഷു ചിത്രങ്ങളാണ് കളിച്ചുകൊണ്ടിരുന്നത്. ഒരു വശത്ത് ഇംഗ്ലീഷിലും മറുവശത്ത് മലയാളത്തിലുമുള്ള നോട്ടീസ്. മലയാള ഭാഷ്യം എന്റെ വക. അന്നെനിക്ക് ജ്യൂ ടൗണില്‍ ഇംപ്രിന്റ് എന്ന ചെറിയ ഒരു ലെറ്റര്‍ പ്രസ്സുണ്ട്. ടിക്കറ്റും അവിടെ അടിക്കും. എണ്‍പതുകളില്‍ പ്രസ്സ് വിറ്റ് കോഴിക്കോട്ടേയ്ക്ക് ചേക്കേറുന്നതുവരെ ആ സൗഹൃദം തുടര്‍ന്നുകൊണ്ടിരുന്നു.

പിന്നീട് കോക്കേഴ്‌സ് സിനിമാ വിതരണവും നിര്‍മ്മാണവും ഒക്കെ തുടങ്ങി. പുല്ലേപ്പടിയില്‍ വീട്ടിന്നടുത്ത് മൈമൂന്‍, ലുലു എന്ന ഇരട്ടതിയറ്ററുകള്‍ നിര്‍മ്മിച്ചു. ഭാരിച്ച കടക്കെണിയില്‍പെട്ട് ഒടുവില്‍ അത് അടച്ചുപൂട്ടേണ്ടിവന്നു.കേരളത്തിലേക്ക് രാഷ്ട്രപതിയുടെ ആദ്യത്തെ സ്വര്‍ണ്ണമെഡല്‍ കൊണ്ടുവന്ന ബാബുസേട്ട് കൊച്ചിക്കാരനായിരുന്നു. കണ്മണി ഫിലിംസിന്റെ ‘ചെമ്മീന്‍’ ഈയിടെയാണ് ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചത്. ബാബുവിന്റെ പിതാവ് ഇസ്്മായില്‍ ഹാജി  ഈസാ സേട്ടിന്റെ ഹൈസ്‌ക്കൂളിലാണ് ഞാനൊക്കെ പഠിച്ചത്. ബാബുവിന്റെ അമ്മാവന്‍ ആലപ്പികോയക്കയുടെ മക്കള്‍ സലാമും ജമാലുമൊക്കെ എന്റെ സഹപാഠികളായിരുന്നു. മരക്കടവിലുള്ള അവരുടെ കുണ്ടുങ്ങല്‍ ബംഗ്ലാവില്‍ കമ്പയിന്‍ സ്റ്റഡിക്കായൊക്കെ ഞാന്‍ പോകാറുണ്ടായിരുന്നു. അതിസമ്പന്നനായ ബാബുസേട്ടിന്റെ മരണം വാടകവീട്ടിലായിരുന്നു. ‘ചെമ്മീന്‍’ സിനിമപോലെ മറ്റൊരു ദുരന്തകഥ.കൊച്ചിയില്‍ പിന്നെയും സിനിമാ നിര്‍മ്മാതാക്കളുണ്ടായി. എച്ച്എച്ച് അബ്ദുള്ള സേട്ട്, ഇബ്രാഹിം സേട്ട്, തോമസ് ബെര്‍ളി. ഡോക്ടര്‍, ബാല്യകാലസഖി, ജലകന്യക, സുബൈദ തുടങ്ങിയവയായിരുന്നു എച്ച്എച്ച് ഫിലിംസിന്റെ ചിത്രങ്ങള്‍.1952-ല്‍ റിലീസായ ‘തിരമാല’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച തോമസ് ബര്‍ളി ഫോര്‍ട്ടുകൊച്ചിയിലെ പ്രശസ്തമായ കുരിശുങ്കല്‍ ഹൗസിലെ അംഗമാണ്. കെജെ ബെര്‍ളിയെയും കെജെ ഹര്‍ഷലിനെയും ഏണസ്റ്റിനെയുംപോലുള്ള നഗരനേതാക്കളെ സംഭാവന ചെയ്ത കുടുംബത്തില്‍ പിറന്ന കലാകാരന്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സിനിമാട്ടോഗ്രാഫി പഠിക്കാന്‍ ഹോളിവുഡില്‍ പോയ ആള്‍. എണ്‍പത് കഴിഞ്ഞ അദ്ദേഹം ഇക്കൊല്ലവും ഒരു മലയാളപടത്തില്‍ വേഷമിട്ടു. -ഡബിള്‍ ബാരല്‍. ബെര്‍ളിയുടെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും പടം പൊട്ടിപ്പാളിസായിപ്പോയി.

ബെര്‍ളി നിര്‍മ്മിച്ച ചിത്രങ്ങളാണ് ഇതോ മനുഷ്യന്‍, വെള്ളരിക്കാപട്ടണം.സൂയി, ഗാലക്‌സി തുടങ്ങിയ തിയറ്ററുകള്‍ പിന്നീടാണ് വന്നത്. അവയിലൊന്നും ഇപ്പോള്‍ പടം ഓടുന്നില്ല.

മുഗളേ അഅ്‌സം റിലീസ് ചെയ്തപ്പോള്‍ എറണാകുളം ലക്ഷ്മണ്‍ ടാക്കീസിലേക്ക് സെക്കന്റ് ഷോ കാണാന്‍ വെണ്ടുരുത്തിപ്പാലംവഴി നടന്നുപോയ സിനിമാഭ്രാന്തിന്റെ കാലം. പിന്നീട് മാസ്റ്റര്‍പീസുകളും ക്ലാസിക്കുകളുമൊക്കെ കാണാന്‍ തുടങ്ങിയത് ഫിലിം സൊസൈറ്റികളിലൂടെയാണ്. ചിത്രകാര്‍ത്തിക വാരികയുടെ എഡിറ്ററായി വൈക്കം ചന്ദ്രശേഖരന്‍നായര്‍ കൊച്ചിയില്‍ താമസിച്ചത് എഴുപതുകളില്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സുചിത്രാ ഫിലിം സൊസൈറ്റി സജീവമായി.

സുഹൃത്ത് കുട്ബുദ്ദീനായിരുന്നു സെക്രട്ടറി. സൂയിയില്‍ പ്രദര്‍ശിപ്പിച്ച ആദ്യചിത്രം-വെയ്ജസ് ഓഫ് ഫിയര്‍. ബെര്‍ഗ്്മാന്റെയും കുറസോവയുടെയും സത്യജിത്ത് റേയുടെയുമെല്ലാം ചിത്രങ്ങള്‍ സുചിത്ര ഞങ്ങള്‍ക്കു കാണിച്ചുതന്നു. ചലച്ചിത്രാസ്വാദനത്തിന്റെ ഒരു സംസ്‌കാരം അങ്ങനെയാണ് ഞങ്ങളിലൊക്കെ വികാസം പ്രാപിച്ചത്. പിന്നീട് സിനിമാനിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളുമായി അടുത്തറിയാനും ബന്ധപ്പെടാനും അതെല്ലാം സഹായകമായി. ആസ്വാദനത്തിന്റെ ആര്‍ജ്ജിതസംസ്‌കാരം അടിത്തറയാവുകയായിരുന്നു.

കൊട്ടകകള്‍ ടാക്കീസുകളായി. ടാക്കീസുകള്‍ തിയറ്ററുകളായി. ഇപ്പോള്‍ അവയെല്ലാം കണ്‍വെന്‍ഷന്‍  സെന്ററുകളോ, ഷോപ്പിങ് മാളുകളോ കല്യാണ മണ്ഡപങ്ങളോ വെറും ഗുദാമുകളൊ ഒക്കെയായി മാറിക്കഴിഞ്ഞു. എങ്കിലും അവ സിനിമാസ്വാദനത്തിന്റെ ബാലപാഠമോതിത്തന്ന നഴ്‌സറികളായിരുന്നുവെന്ന് മറക്കരുത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ചിരുന്നാണ് അന്ന് സിനിമ കണ്ടിരുന്നത്. ഇന്ന് ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷത്തിനു മാത്രമിരുന്നു കാണാവുന്ന അത്യാധുനിക സംവിധാനങ്ങളുള്ള തിയറ്ററുകള്‍, മാളുകള്‍ തോറുമുണ്ട്. ഫിലിം സിറ്റി എന്ന ഓമനപ്പേരില്‍ ഇന്നറിയപ്പെടുന്ന ഈ സിനിമാശാലകളില്‍ ദിവസം മൊത്തം മൂന്നുനാലു ഷോകള്‍. വ്യത്യസ്ത പടങ്ങള്‍. മുന്നൂറും നാനൂറും രൂപ മുടക്കണം ഒരു സിനിമ കാണാന്‍. അതുകൊണ്ടാവാം ഇന്നുവരെ ഇജ്ജാതി തിയറ്ററിലിരുന്നു സിനിമ കാണാനുള്ള യോഗം എനിക്കുണ്ടായിട്ടില്ല.

തന്റെ പുതിയ സിനിമ റിലീസായപ്പോള്‍ യുവതിരക്കഥാകൃത്ത് വിളിച്ചുപറഞ്ഞു: ഫിലിംസിറ്റിയില്‍ പോയി കാണണം. ഞാന്‍ എങ്ങും പോയില്ല. കാശുള്ളവനു എങ്ങും പോകാതെ വീട്ടിലിരുന്നു ഹോം തിയറ്ററില്‍ സിനിമ കാണാനുള്ള സംവിധാനമുണ്ട്. വിരലൊന്നു തൊട്ടാല്‍ മൊബൈലിലും ടാബിലും ലാപ്‌ടോപിലുമെല്ലാം ആഗ്രഹിക്കുന്ന സിനിമ കാണാം.ടെക്‌നോളജിയുടെ ഈ യുഗത്തില്‍ സിനിമയുടെ ഭാഷയും ശൈലിയും മാറി. സിനിമതന്നെ ഒരു ഭാഷയായി.

പണ്ടത്തെപോലെ നാടകീയമായ രംഗങ്ങളും തീപ്പൊരി ഡയലോഗുകളും അതിവൈകാരികമായ അഭിനയപ്രകടനങ്ങളുമില്ലാതായി ഇപ്പോള്‍ മാത്രമാണു സിനിമ തനിച്ചുനില്‍ക്കാവുന്ന ഒരു മാധ്യമമാകുന്നത്.കൂടെക്കൂടെ സംഭവിക്കുന്ന ചലചിത്രമേളകള്‍ ലോകതലത്തില്‍തന്നെ ഈ മാധ്യമത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പ്രവണതകളെയും കുറിച്ച് പുതിയ പാഠങ്ങള്‍ നല്‍കുന്ന പരീക്ഷാഹാളുകളായി മാറിക്കൊിരിക്കുന്നു. ഇനി എന്തെല്ലാം മാറ്റങ്ങളാണ് കാണാനിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss