|    Mar 26 Sun, 2017 1:06 pm
FLASH NEWS

215 കോടി രൂപ സര്‍ക്കാരിന് നഷ്ടപ്പെടുത്തിയെന്നു പരാതി; മാണിക്കെതിരേ ത്വരിതപരിശോധന തുടങ്ങി

Published : 30th July 2016 | Posted By: SMR

കൊച്ചി: സര്‍ക്കാരിനു ലഭിക്കേണ്ടിയിരുന്ന 215 കോടിയോളം രൂപ നഷ്ടപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍മന്ത്രി കെ എം മാണിക്കെതിരേ വിജിലന്‍സ് ത്വരിതപരിശോധന തുടങ്ങി. തൃശൂരിലെ കോഴി മൊത്തക്കച്ചവടക്കാരന്റെ നികുതിവെട്ടിപ്പ് എഴുതിത്തള്ളിയും ആയുര്‍വേദ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വര്‍ധിപ്പിച്ച നികുതി കുറച്ചും ധനമന്ത്രിയായിരിക്കെ മാണി സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന അഡ്വ. നോബിള്‍ മാത്യുവിന്റെ പരാതിയിലാണു നടപടി.
പരാതിക്കാരന്റെ മൊഴി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് രേഖപ്പെടുത്തി.
സംസ്ഥാനത്തിനു വെളിയിലെ   കോഴിക്കടത്തില്‍ 65 കോടിയുടെ നികുതിവെട്ടിപ്പ് വാണിജ്യനികുതി വകുപ്പിന്റെ പ്രത്യേകാന്വേഷണ സംഘം പിടികൂടി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേ ഇവര്‍ ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടര്‍ന്ന് ചുമതലയിലുണ്ടായിരുന്ന രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ മാറ്റി പകരം തൃശൂരിലെ ഗ്രൂപ്പിന്റെ താല്‍പര്യത്തിനു വഴങ്ങുന്നയാളെ കെ എം മാണി നിയമിച്ച് അപ്പീല്‍ അപേക്ഷയില്‍ നികുതി കുടിശ്ശിക ഒഴിവാക്കിക്കൊടുത്തെന്നാണു പരാതി. നാല് ആയുര്‍വേദ ഉല്‍പ്പന്ന കമ്പനികള്‍ക്കു വര്‍ധിപ്പിച്ച നികുതിയിളവ് ചെയ്തുകൊടുത്തതിലൂടെ 150 കോടിയുടെ നഷ്ടം ഖജനാവിനു വരുത്തിയെന്നാണു രണ്ടാമത്തെ ആരോപണം.
ആയുര്‍വേദ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ ആയുര്‍വേദ മരുന്നുകളെന്ന പേരില്‍ നാലു ശതമാനം നികുതി മാത്രം നല്‍കിയാണു വിറ്റഴിച്ചിരുന്നത്. എന്നാല്‍ 2009ല്‍ ഇത്തരം ഉല്‍പന്നങ്ങളുടെ നികുതി 12.5 ശതമാനമായി വര്‍ധിപ്പിക്കാന്‍ വാണിജ്യനികുതി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ആയുര്‍വേദ കമ്പനികള്‍ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മന്ത്രിയുടെ വസതി കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനകള്‍ക്കൊടുവില്‍ 2011ലെ ധനകാര്യബില്ലിന്റെ വേളയില്‍ 12.5 ശതമാനം നികുതി 5 ശതമാനമായി കുറയ്ക്കുകയും 2012ലെ ബജറ്റില്‍ നാലു ശതമാനമായി മുന്‍കാല പ്രാബല്യത്തോടെ ഇളവ് വരുത്തുകയും ചെയ്‌തെന്നാണ് ആരോപണം.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക