|    Jul 23 Mon, 2018 5:58 am
FLASH NEWS

215 കോടിയുടെ പദ്ധതിക്ക് ഡിപിസി അംഗീകാരം

Published : 27th October 2016 | Posted By: SMR

തൊടുപുഴ: രണ്ടു ജലവൈദ്യുത പദ്ധതികള്‍ക്ക് ഉള്‍പ്പെടെ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2016-17ലെ 215 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം. 140 കോടി രൂപയുടെ തന്‍വര്‍ഷ പദ്ധതികള്‍ക്കും 75 കോടി രൂപയുടെ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കുമാണ് അംഗീകാരം ലഭിച്ചതെന്ന്  പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, വൈസ് പ്രസിഡന്റ് മാത്യു ജോ ണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കല്ലാര്‍,തൂവല്‍ എന്നിവിടങ്ങളിലാണ് 82 കോടി രൂപ  വരുന്ന ഒമ്പത് മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുന്നത്.കല്ലാറിലെ നിലവിലുളള 0.5 മെഗാവാട്ടിന്റെ പദ്ധതി അഞ്ച് മൈഗാവാട്ടായി ഉയര്‍ത്തും.തൂവലില്‍ നാല് മെഗാവാട്ടിന്റെ പദ്ധതി സ്ഥാപിക്കും.കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന 25 ലക്ഷം രൂപയുടെ പരീക്ഷണ പദ്ധതിക്കും അംഗീകാരമായി. കാര്‍ഷിക മേഖലയില്‍ ഒരു കോടി 29 ലക്ഷം രൂപയും മൃഗസംരക്ഷണം ക്ഷീരവികസനം എന്നിവയ്ക്കായി ഒരു കോടി 86 ലക്ഷം രൂപയും,വൈദ്യൂതീകരണ പദ്ധതികള്‍ക്കായി 70 ലക്ഷം രൂപയുടെ പദ്ധതിയ്ക്കുമാണ് അംഗീകാരം ലഭ്യമായിട്ടുള്ളത്.കാര്‍ഷിക ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പാക്കുക. ക്ഷീര സാഗരം പദ്ധതിയുടെ രണ്ടാംഘട്ടമായി ക്ഷീര സമൃദ്ധി പദ്ധതി ആരംഭിയ്ക്കുന്നതിന് ഒരുകോടി ഏഴ് ലക്ഷം രൂപ വകയിരുത്തി.107 വനിതാ സാശ്രയ സംഘങ്ങളിലെ 535 വനിതാ ക്ഷീര കര്‍ഷകര്‍ക്ക് പശുവാങ്ങുന്നതിന് സബ്‌സിഡി ലഭിയ്ക്കും.ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെച്ചു.പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി ആട്,കോഴി വളര്‍ത്തല്‍ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.പിഎംഎവൈ.,ജവഹര്‍,ഇഎംഎസ്. ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കായി എട്ടുകോടി 12 ലക്ഷം രൂപയുടെയും,ജലസേചന കുടിവെള്ള ആരോഗ്യ പദ്ധതികള്‍ക്കായി രണ്ടു കോടി 20 ലക്ഷം രൂപയുടെയും,വനിതാ ക്ഷേമ പദ്ധതികള്‍ക്കായി മൂന്നു കോടി 80ലക്ഷം രൂപയുടെയും, വയോജന ക്ഷേമത്തിനായി ഒരു കോടി 90ലക്ഷം രൂപയുടെയും പദ്ധതികള്‍ നിലവില്‍ വരും.ജില്ലാ ആസ്ഥാനത്തും, അടിമാലിയിലും കുമാരമംഗലത്തും  വൃദ്ധ മന്ദിരങ്ങള്‍ നിര്‍മ്മിക്കും. സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജനപദ്ധതികള്‍ക്കായി രണ്ട് കോടി 80 ലക്ഷം രൂപ വകകൊളളിച്ചു.  മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌ക്കരിയ്ക്കുന്നതിനും, അലേയ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിയ്ക്കുന്നതിനുള്ള മെറ്റീരിയല്‍ റിക്കവറി സെന്റര്‍ തുടങ്ങുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.  തെരുവുനായ നിയന്ത്രണത്തിന് ഗ്രാമപഞ്ചായത്തുകളുടേയും, മുനിസിപ്പാ ലിറ്റികളുടേയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ രണ്ടു കോടി ചെലവില്‍ മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്ററും ആവാസകേന്ദ്രവും സ്ഥാപിക്കും.ഇതിന്റെ 70 ശതമാനം സര്‍ക്കാര്‍ വഹിക്കും. സ്‌കൂള്‍ കെട്ടിട നവീകരണത്തിനായി ഒരു കോടി 40ലക്ഷം രൂപയും ശുചിമുറിക്കായി ഒരു കോടി 10 ലക്ഷം രൂപയും ഫര്‍ണീച്ചറുകള്‍ക്കും ലാബിനുമായി ഒരു കോടി 49 ലക്ഷം രൂപയും വകയിരുത്തി. കായിക വികസനത്തിന് 35 ലക്ഷം രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി 94 ലക്ഷം രൂപയും റോഡു നിര്‍മ്മാണത്തിനായി ആറു കോടി രൂപയും റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 17 കോടി രൂപയും ചെലവഴിക്കും. ബ്ലോക്ക ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ മണ്ണൂര്‍ക്കാട് എസ്‌സികോളനി വൈദ്യൂതീകരണ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കും. അരക്കോടിയില്‍പരം രൂപ ഇതിനായി ജില്ലാ പഞ്ചായത്ത് നല്‍കും. നെല്‍കൃഷി,കരിമ്പ്, കാര്‍ഷിക കര്‍മ്മസേന എന്നിവയുടെ  സബ്‌സിഡിക്ക്  തുക  വകയിരുത്തിയിരുന്നുവെങ്കിലും അംഗീകാരം ലഭിക്കാത്തതിനാല്‍ റിവിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  അംഗീകാരം വാങ്ങുന്നതിന് സര്‍ക്കാരിനെ സമീപിക്കുന്നതിന് തീരുമാനം എടുത്തതായും പ്രസിഡന്റ് അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കുഞ്ഞുമോള്‍ ചാക്കോ,ജില്ലാ പഞ്ചായത്തംഗം മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss