215 തടവുകാരെ വിട്ടയക്കും; കിലയെ സര്‍വകലാശാലയായി ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ 215 ജീവപര്യന്തം തടവുകാരെ വിട്ടയക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരേ അതിക്രമം നടത്തിയവര്‍, വാടകക്കൊലയാളികള്‍, രാജ്യദ്രോഹക്കുറ്റം നടത്തിയവര്‍, മദ്യ ദുരന്തത്തിന് കാരണക്കാരായവര്‍, കേന്ദ്രനിയമം മൂലം ശിക്ഷിക്കപ്പെട്ടവര്‍ എന്നിവരെ ഒഴിവാക്കിയാണ് വിടുതലിനുള്ള പട്ടിക തയ്യാറാക്കിയത്. തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കില(കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ )യെ സര്‍വകലാശാലയായി ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഓഡിനന്‍സ് തയ്യാറാക്കും.
സാമൂഹിക നീതി വകുപ്പിന് കീഴില്‍ രാജ്യാന്തര നിലവാരമുള്ള കേരള കൗണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്ഡ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (കെസിഎഎസ്എസ്ആര്‍) എന്ന സ്ഥാപനം തുടങ്ങാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. അലഹബാദ് സ്വദേശിയായ സാമൂഹിക ശാസ്ത്രജ്ഞന്‍ അലോക് റോയ് ചെയര്‍മാനായാണ് സ്ഥാപനം തുടങ്ങുന്നത്. ഡോ. ബി എ പ്രകാശ്, ഡോ. എം എച്ച് ഇല്യാസ്, പ്രഫ. ജമീല ബീഗം, പ്രഫ. രാമന്‍കുട്ടി, അഡ്വ. സി കെ കരുണാകരന്‍, ഡോ. അനീഷ് മുഹമ്മദ്, പ്രഫ. പ്രജിത് ബാബു, ഡോ. വിജയ് ടന്‍ഖ, പ്രഫ. സുശീല്‍ ഖന്ന, സാമൂഹിക നീതി വകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന മൂന്ന് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കൗണ്‍സിലിന്റെ ഗവേണിങ് ബോഡി.
Next Story

RELATED STORIES

Share it