Idukki local

ജില്ലാ ആസ്ഥാനത്ത് അധികൃതരുടെ അനാസ്ഥ : മാലിന്യ നിര്‍മാര്‍ജനം താളം തെറ്റുന്നു



ഇടുക്കി: അധികൃതരുടെ അനാസ്ഥയില്‍ ജില്ലാ ആസ്ഥാനത്തെ മാലിന്യ നിര്‍മാര്‍ജനം താളം തെറ്റുന്നു. തടിയമ്പാട്, കരിമ്പന്‍ ചെറുതോണി, പൈനാവ് എന്നീ സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ നീക്കം ചെയ്യുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഒരു മാസത്തിലധികമായി മാലിന്യം നീക്കം ചെയ്യാന്‍ കഴിയാതെ ടൗണും പരിസരവും ചീഞ്ഞ് നാറുകയാണ്. ഇടുക്കി മെഡിക്കല്‍ കോളജിന് സമീപം വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്‌കരണ പഌന്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ജില്ലാ ആസ്ഥാന പ്രദേശമുള്‍പ്പെടുന്ന ടൗണുകളിലെ മാലിന്യങ്ങള്‍ ഇവിടെ എത്തിച്ചാണ് സംസ്‌കരിക്കേണ്ടത്. എന്നാല്‍ പ്ലാന്റിലേക്കുള്ള വൈദ്യുതി കണക്ഷനും ജലവിതരണവും മാസങ്ങളായി മുടങ്ങി കിടക്കുന്നതിനാല്‍ മാലിന്യങ്ങള്‍ ഇവിടെ കൂട്ടി ഇട്ടിരിക്കുകയാണ്. അതത് ദിവസങ്ങളില്‍ നടത്തേണ്ട മാലിന്യ സംസ്‌കരണം നടക്കാതെ വന്നതോടെ വനത്തിലേക്കും ജല സ്രോതസുകളിലേക്കും മാലിന്യം പരക്കുകയാണ്. കരാറുകാരന്‍ പെട്രോള്‍ ഒഴിച്ചാണ് ഇപ്പോള്‍ ഇവിടെ എത്തിക്കുന്ന മാലിന്യങ്ങള്‍ കത്തിക്കുന്നത്. പല തരം മാലിന്യങ്ങള്‍ വേര്‍തിരിച്ച് തരംതിരിച്ച് സംസ്‌ക്കരിക്കണമെന്നിരിക്കെ എല്ലാ മാലിന്യങ്ങളും ഒന്നിച്ചിട്ട് കത്തിക്കുകയാണ്.വാട്ടര്‍ കണക്ഷന്‍ ഇല്ലാത്തതിനാല്‍ വനാതിര്‍ത്തിയില്‍ വന്‍തോതില്‍ തീ പടര്‍ന്നാല്‍ തീയണക്കാന്‍ സംവിധാനമില്ല. ഇലക്ട്രിക് പ്ലാന്റില്‍ വൈദ്യുതി ഉപയോഗിച്ച് സംസ്‌ക്കരിക്കാന്‍ കഴിയാതെ വന്നിട്ടും വാഴത്തോപ്പ് പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. പ്ലാന്റിന്റെ ആവശ്യത്തിലേക്ക് ജലം വിനിയോഗിച്ച വകയില്‍ നാല്പതിനായിരത്തിലധികം രൂപ വാട്ടര്‍ അതോറിറ്റിയില്‍ അടക്കാനുണ്ട്. വാട്ടര്‍ കണക്ഷന്‍ കട്ട് ചെയ്തിട്ടും കുടിശ്ശിക അടച്ച് ജലവിതരണം പുനസ്ഥാപിക്കാന്‍ പഞ്ചായത്തിനായിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തകരാറിലായ വൈദ്യുതി കണക്ഷനും ഇതുവരെ പുനസ്ഥാപിക്കാനായില്ല.

Next Story

RELATED STORIES

Share it