|    Dec 18 Mon, 2017 10:21 pm
FLASH NEWS

21.5 പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്: ഭര്‍തൃസഹോദരന്‍ പിടിയില്‍

Published : 26th November 2016 | Posted By: SMR

ആര്യനാട്: ബന്ധുവീട്ടില്‍ നിന്ന് 21.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ഭര്‍തൃസഹോദരന്‍ പോലിസ് പിടിയില്‍. ആര്യനാട് കടുവാക്കുഴി സ്വദേശി ഷാമിലാ മന്‍സിലില്‍ റഷീദ് (35) ആണ് അറസ്റ്റിലായത്. ആര്യനാട് പള്ളിവേട്ട കടുവാക്കുഴി എഎ മന്‍സിലില്‍ ലൈലയുടെ വീട്ടില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ലൈലയുടെ വീടിന്റെ അയല്‍പക്കത്തു താമസിക്കുന്ന ഭര്‍തൃസഹോദരനായ റഷീദ് വെമ്പായത്തു ഹോട്ടല്‍ നടത്തുകയായിരുന്നു. ബിസിനസ് സംബന്ധമായ കടബാധ്യത തീര്‍ക്കുന്നതിനായി പണം കണ്ടെത്തുന്നതിനു ശ്രമിച്ചുവരവേയാണു ജ്യേഷ്ഠന്റെ വീട്ടിലെ ആഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടത്. ഇത് മോഷ്ടിക്കുന്നതിന് അവസരം നോക്കിയിരിക്കെ കഴിഞ്ഞ 18നു ലൈലയുടെ വീട്ടില്‍ പ്രാര്‍ഥനാ ചടങ്ങ് നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാതെ മാറിനിന്ന റഷീദ് പിറ്റേദിവസം 7.30ന് വീട്ടില്‍ ആള്‍ക്കാരുള്ളപ്പോള്‍ തന്നെ എത്തി. മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ മോഷണം നടത്തി. ചടങ്ങില്‍ വന്നവരെ മാത്രമേ സംശയിക്കൂവെന്നതിനാലാണ് ഇത്തരത്തില്‍ മോഷണം നടത്തിയത്.മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ നിന്നു മാലയും വളയും ഉള്‍പ്പെടെ കിഴക്കേകോട്ട രാജധാനി ബില്‍ഡിങിലെ ആര്‍ വി ഗോള്‍ഡ് സര്‍വീസ് എന്ന സ്ഥാപനത്തില്‍ വില്‍പ്പന നടത്തി. ഇതില്‍ നിന്നു ലഭിച്ച 3.74 ലക്ഷം രൂപയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ എടുത്ത് കടം വീട്ടുകയും ചെയ്തു. തുടര്‍ന്നു വീട്ടിലെത്തി ബ്രേസ്‌ലറ്റ് ഒളിപ്പിച്ച ശേഷം ജ്യേഷ്ഠത്തിയോട് പോലിസില്‍ പരാതികൊടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനിലെത്തി സത്വര അന്വേഷണം ആവശ്യപ്പെട്ട ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തവരെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്ന ഇയാളെക്കുറിച്ച് സംശയം ഉണ്ടായതിനെ തുടര്‍ന്നു നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഷാഡോ പോലിസ് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പോലിസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്നു രണ്ടര പവന്‍ ബ്രേസ്‌ലറ്റും കാറില്‍ ഒളിപ്പിച്ച നിലയില്‍ 2,80,600 രൂപയും കണ്ടെടുത്തു. നെടുമങ്ങാട് ഡിവൈഎസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് സിഐ എം അനില്‍കുമാര്‍, ആര്യനാട് സിഐ എസ് അനില്‍കുമാര്‍, ആര്യനാട് എസ്‌ഐ എ ജെ അമൃത്‌സിങ് നായകം, എസ്‌ഐ ഷിജു കെ നായര്‍, ഷാഡോ പോലിസ് അംഗങ്ങളായ എഎസ്‌ഐ ജയന്‍, ഷിബു, സിപിഒമാരായ സുനില്‍, നെവിന്‍, സുനില്‍ലാല്‍, ഷജീം എന്നിവരങ്ങിയ സംഘമാണു അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss