2030ഓടെ 'ചന്ദ്രനിലെ ഗ്രാമങ്ങള്‍' സാധ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ബഹിരാകാശ ഗവേഷകരുടെയും റോബോട്ടിക് സംവിധാനങ്ങളുടെയും സഹകരണത്തോടെ 'ചന്ദ്രനിലെ ഗ്രാമങ്ങള്‍' എന്ന സ്വപ്‌നം 2030ഓടെ സാധ്യമായേക്കുമെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഭാവിയില്‍ മനുഷ്യന്റെ ചൊവ്വാ ദൗത്യത്തിനും മറ്റു സ്വപ്‌നങ്ങള്‍ക്കും 'ചന്ദ്രനിലെ ഗ്രാമങ്ങള്‍' പ്രേരണയാകുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍.
നെതര്‍ലന്‍ഡില്‍ നടന്ന യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഇഎസ്എ) ചര്‍ച്ചായോഗത്തില്‍ ഒരു കൂട്ടം ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും വ്യാവസായിക വിദഗ്ധരുമാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനില്‍ ഉണ്ടെന്നു കണക്കാക്കിയ പ്രകൃതിവിഭവങ്ങള്‍ അവിടെ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും അതിന്റെ കൃത്യത ഉറപ്പുവരുത്തുകയും ചെയ്താല്‍ മാത്രമേ സ്വപ്‌നം യാഥാര്‍ഥ്യമാവൂ എന്ന് യുഎസിലെ നോത്രെ ഡേം സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ക്ലൈവ് നീല്‍ പറഞ്ഞു. ചാന്ദ്ര വിഭവങ്ങളെക്കുറിച്ച് നിരന്തരം ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍, അവ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നു തെളിയിക്കുകയെന്നതാണ് ആദ്യപടി. വിഭവങ്ങളുടെ അളവും തരവും അവയുടെ സംയോജനവും ശാസ്ത്രജ്ഞര്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
അവ പുറത്തെടുത്ത് സാങ്കേതിക വിദ്യയുപയോഗിച്ച് സംസ്‌കരണം നടത്തി ഉപയോഗപ്രദമായ രീതിയിലേക്ക് മാറ്റിയെടുക്കുക എന്നതാണ് അടുത്ത നടപടി. ഇത് വിജയകരമായി പരീക്ഷിക്കുന്നതിലൂടെ ചാന്ദ്ര വിഭവങ്ങള്‍ ഉപയോഗിച്ചുള്ള സൗരയൂഥ പര്യവേക്ഷണമെന്നത് സാധ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it