|    Dec 15 Sat, 2018 7:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

2023ല്‍ ഹിന്ദുരാഷ്ട്രം; ഗൂഢ പദ്ധതികളുമായി സനാതന്‍ സന്‍സ്ഥ

Published : 3rd September 2018 | Posted By: kasim kzm

പൂനെ: ‘ദൈവരാജ്യം സ്ഥാപിക്കാനുള്ള പരിശീലനം 2019 മുതല്‍ 2022 വരെ തുടരും. 2023ല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിതമാവും’- ഡോ. ജയന്ത് അതാവാലെ നയിക്കുന്ന തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി കുറിച്ചിരിക്കുന്ന സമയപ്പട്ടികയിലെ പരാമര്‍ശങ്ങളാണിത്. കേവലം പ്രഖ്യാപനങ്ങള്‍ക്കപ്പുറം അണിയറയില്‍ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള ഒരുക്കങ്ങള്‍ സനാതന്‍ സന്‍സ്ഥയുടെ നേതൃത്വത്തില്‍ തകൃതിയായി നടക്കുന്നുവെന്ന് ഈയിടെ മഹാരാഷ്ട്രയില്‍ നടന്ന റെയ്ഡുകളില്‍ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും മറ്റു രേഖകളും തെളിയിക്കുന്നു. 2013ല്‍ യുക്തിവാദി നരേന്ദ്ര ധബോല്‍കര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് മഹാരാഷ്ട്ര എടിഎസ് ഈ മാസം സനാതന്‍ സന്‍സ്ഥയുടെ കേന്ദ്രങ്ങളില്‍ ബോംബുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം കണ്ടെത്തിയത്. ജയന്ത്-കുന്ദ് അതാവാലെ ഡോക്ടര്‍ ദമ്പതികള്‍ സ്ഥാപിച്ച സനാതന്‍ സന്‍സ്ഥ 1995 മുതല്‍ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി പ്രവര്‍ത്തിച്ചുവരുന്നതായി അവകാശപ്പെടുന്നു. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രധാന പ്രവര്‍ത്തന കേന്ദ്രം. രഹസ്യസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ആശ്രമങ്ങളിലേക്ക് ക്ഷണം ലഭിച്ചവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. ആര്‍എസ്എസിന്റെയും മറ്റു സംഘപരിവാര സംഘടനകളുടെയും സഹകരണത്തോടെയും ആശീര്‍വാദത്തോടെയുമാണ് ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. സന്‍സ്ഥയുടെ മുഖപത്രമായ സനാതന്‍ പ്രഭാത് അതിന്റെ ശത്രുക്കള്‍ ആരാണെന്ന് കൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലികളും ക്രിസ്ത്യാനികളുമാണ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള പ്രധാന തടസ്സങ്ങളെന്ന് അതില്‍ പറയുന്നു. 2013 ജൂണ്‍ 9നു പ്രസിദ്ധീകരിച്ച സനാതന്‍ പ്രഭാതിലെ ഒരു ലേഖനത്തില്‍ പറയുന്നത്, പോലിസിനെയും പട്ടാളത്തെയും പരാജയപ്പെടുത്താതെ ഹിന്ദുരാഷ്ട്ര സ്ഥാപനം സാധ്യമാവില്ലെന്നാണ്. ധബോല്‍കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പിടിച്ചെടുത്ത സന്‍സ്ഥയുടെ പ്രസിദ്ധീകരണമായ ക്ഷത്രധര്‍മ(ക്ഷത്രിയരുടെ മതം)യില്‍ ദുഷ്ടജനങ്ങളെ കൊല്ലുന്നത് ഒരു തെറ്റല്ലെന്ന് സമര്‍ഥിക്കുന്നുണ്ട്. ധബോല്‍കറുടെ വധവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത വീരേന്ദ്ര ദാവ്‌ഡെയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത കംപ്യൂട്ടറില്‍ 15,000 അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു സൈന്യം രൂപീകരിക്കുന്നതു സംബന്ധിച്ച് പറയുന്നുണ്ട്. ഹിന്ദുജന ജാഗൃതിയിലും സനാതന്‍ സന്‍സ്ഥയിലും അംഗമാണ് ഡോ. ദാവ്‌ഡെ. തങ്ങളുടെ അംഗങ്ങളില്‍ അഞ്ചു ശതമാനം പോലിസുകാരാണെന്നും അവര്‍ സേനയ്ക്കകത്തുനിന്ന് തങ്ങളെ സഹായിക്കുമെന്നും പിടിച്ചെടുത്ത പ്രസിദ്ധീകരണങ്ങളും രേഖകളും വെളിപ്പെടുത്തുന്നു. 2013 ജൂണ്‍ 9ന്റെ സനാതന്‍ പ്രഭാതിലാണ് ഹിന്ദുരാഷ്ട സ്ഥാപനത്തിന്റെ ടൈംടേബിള്‍ നല്‍കിയിട്ടുള്ളത്. 1999 മുതല്‍ 2012 വരെ ദുഷ്ടജനങ്ങളുടെ നിര്‍മാര്‍ജനത്തിനു ജനമനസ്സ് പാകപ്പെടുത്താനുള്ള കാലഘട്ടമാണ്. 2013നും 15നും ഇടയില്‍ ഇത്തരക്കാര്‍ക്കെതിരേ മനശ്ശാസ്ത്രപരവും ശാരീരികവും ആത്മീയവുമായ ആക്രമണം അഴിച്ചുവിടണം. 2016നും 2018നും ഇടയില്‍ ദുഷ്ടജനങ്ങളെ നശിപ്പിക്കുന്നതിനുള്ള മൂന്നാം ലോകയുദ്ധവും പ്രകൃതിദുരന്തങ്ങളും നടക്കും. അതിനു ശേഷമാണ് 2019 മുതല്‍ 2022 വരെ രാഷ്ട്രസ്ഥാപനത്തിനുള്ള പരിശീലനം നടക്കുക. 2023ല്‍ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുമെന്നും സനാതന്‍ പ്രഭാതില്‍ പറയുന്നു. അനുയായികള്‍ ദൈവത്തിന്റെ അവതാരമായി കരുതുന്ന ഡോ. അതാവാലെ വര്‍ഷങ്ങളായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല. ആയുധശേഖരം പിടികൂടിയതിനെ തുടര്‍ന്ന് അതാവാലെയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിഖെ പാട്ടീല്‍ അസംബ്ലിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. അദ്ദേഹം ധ്യാനത്തിലാണെന്നാണ് ഇതിനു സനാതന്‍ സന്‍സ്ഥ വക്താവ് ചേതന്‍ രജാന്‍സ് നല്‍കിയ മറുപടി. മൂന്നു യുക്തിവാദികളുടെയും ഒരു മാധ്യമപ്രവര്‍ത്തകയുടെയും (നരേന്ദ്ര ധബോല്‍കര്‍-2013, ഗോവിന്ദ് പന്‍സാരെ-2015, എം എം കല്‍ബുര്‍ഗി-2015, ഗൗരി ലങ്കേഷ്-2017) കൊലപാതകത്തില്‍ അന്വേഷണം നേരിടുന്ന സന്‍സ്ഥ, ചിന്തകരെയും ബുദ്ധിജീവികളെയും എപ്പോഴും എതിര്‍ത്തുപോരുന്നു. 2018 ആഗസ്ത് 10ന് നല്ലസോപാറയില്‍ നിന്ന് വൈഭവ് റാവുത്ത്, ശരത് കലാസ്‌കര്‍ എന്നിവരും പൂനെയില്‍ നിന്ന് സുധാന്‍വ ഗോണ്ടലേക്കറും അറസ്റ്റിലായതോടെയാണ് മഹാരാഷ്ട്ര എടിഎസ് സനാതന്‍ സന്‍സ്ഥയിലേക്ക് കാര്യമായി ശ്രദ്ധ തിരിച്ചത്. ഹിന്ദുത്വ സംഘടനകളായ ഹിന്ദു ഗോവന്‍ശ് രക്ഷാ സമിതി, ശിവപ്രതിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ എന്നിവയിലെ അംഗങ്ങളായിരുന്നു റാവുത്തും ഗോണ്ടലേക്കറും. ഗോണ്ടലേക്കറിന്റെ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന സാംഭാജി ഭിഡെയാണ് ഭീമ കൊറേഗാവില്‍ 2018 ജനുവരിയില്‍ ദലിതുകള്‍ക്കെതിരേ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ തോക്കുകള്‍, ബോംബുകള്‍, തോക്ക് നിര്‍മാണ സാമഗ്രികള്‍ തുടങ്ങി വന്‍ ആയുധശേഖരമാണ് പിടിച്ചെടുത്തത്. സംസ്ഥാനത്തൊട്ടാകെ കലാപം സൃഷ്ടിക്കും വിധമുള്ള വലിയ പദ്ധതികളാണ് ഇവര്‍ അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് എടിഎസിന്റെ വെളിപ്പെടുത്തല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss